Follow KVARTHA on Google news Follow Us!
ad

ചെന്നൈ നഗരത്തെ പിടിച്ചുകുലുക്കി ജലക്ഷാമം; ഹോട്ടലുകള്‍ പൂട്ടുന്നു, ജനങ്ങള്‍ താമസം മാറുന്നു, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നു, സ്‌കൂളുകള്‍ പ്രവൃത്തി സമയം കുറയ്ക്കുന്നു; ആശ്വാസമായി നേരിയ മഴ

ചെന്നൈ നഗരത്തെ പിടിച്ചുകുലുക്കി കടുത്ത ജലക്ഷാമം. ആശ്വാസമായി മഴയെത്തിയെങ്കിലുംNews, Water, Drinking Water, Hotel, Train, Trending, chennai
ചെന്നൈ: (www.kvartha.com 21.06.2019) ചെന്നൈ നഗരത്തെ പിടിച്ചുകുലുക്കി കടുത്ത ജലക്ഷാമം. ആശ്വാസമായി മഴയെത്തിയെങ്കിലും ശുദ്ധജലത്തിനായുള്ള നഗരത്തിന്റെ അടങ്ങാത്ത ദാഹം തീരുന്നില്ല. നാലുകൊല്ലം മുന്‍പ് പ്രളയത്തില്‍ മുങ്ങിയ നഗരം ഇപ്പോള്‍ ഓരോ തുള്ളി ജലത്തിനും കണക്കുവയ്ക്കുകയാണ്.

വെള്ളമില്ലാത്തതു കാരണം ഹോട്ടലുകള്‍ പൂട്ടുന്നു, ജനങ്ങള്‍ താമസം മാറുന്നു, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നു, സ്‌കൂളുകള്‍ പ്രവൃത്തി സമയം കുറയ്ക്കുന്നു. നഗര ഹൃദയത്തോടടുക്കുന്തോറും ക്ഷാമത്തിന്റെ തീവ്രത കൂടുന്നുവെങ്കിലും നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ സ്ഥിതി അല്‍പം മെച്ചപ്പെട്ട നിലയിലാണ്.

Chennai water crisis deepens: 100 hostels shut, IT firms scale back operations,News, Water, Drinking Water, Hotel, Train, Trending, Chennai

ഓരോ വര്‍ഷവും തീവ്രതയേറുന്ന ജലക്ഷാമത്തിനു പരിഹാരം കാര്യക്ഷമമായ മഴവെള്ള സംഭരണമാണ്. 2003-ല്‍, ജയലളിത മുഖ്യമന്ത്രിയായിരിക്കെ സംസ്ഥാനത്തു മഴവെള്ള സംഭരണം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. പുതിയ കെട്ടിടങ്ങള്‍ക്ക് അംഗീകാരം ലഭിക്കണമെങ്കില്‍ മഴവെള്ള സംഭരണ സംവിധാനം വേണമെന്ന നിയമവും കൊണ്ടുവന്നു.

16 വര്‍ഷത്തിനു ശേഷം, ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ കുടിവെള്ള ക്ഷാമം ചെന്നൈ അനുഭവിക്കുന്നതിനുകാരണം മഴവെള്ള സംഭരണ പദ്ധതി ഫലപ്രദമാകാത്തത് തന്നെയാണ്. മഴവെള്ള സംഭരണം ഫലപ്രദമായി നടപ്പാക്കിയാല്‍ നഗരത്തിലെ വെള്ള പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കാനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷവും മഴ ലഭ്യതയിലുണ്ടായ വന്‍ കുറവാണു കടുത്ത ജലക്ഷാമത്തിനു കാരണം. കഴിഞ്ഞ വര്‍ഷം ചില ജില്ലകളില്‍ 60% വരെ മഴക്കുറവുണ്ടായി. ചെന്നൈ ഉള്‍പ്പെടെ ആകെയുള്ള 33 ജില്ലകളില്‍ 24 എണ്ണം വരള്‍ച്ചാ ബാധിതമാണ്. ഭൂഗര്‍ഭ ജലനിരപ്പ് ആശങ്കാ ജനകമാംവിധം താഴ്ന്നതിനാല്‍ കുഴല്‍ക്കിണറുകള്‍ വറ്റി. ഭൂഗര്‍ഭ ജലനിരപ്പ് നഗരമേഖലയില്‍ 15 അടി വരെ താഴ്ന്നു. മധുര വയല്‍ പ്രദേശത്ത് ഒരു വര്‍ഷത്തിനിടെ 10.4 മീറ്ററാണു താഴ്ന്നത്.

നൂറിനടുത്തു താമസക്കാരുള്ള ഒരു ഫ് ളാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ മാസം വെള്ളത്തിനു വേണ്ടി മാത്രം ചെലവാക്കിയതു രണ്ടര ലക്ഷം രൂപയാണ്. ഈ മാസം ഇത് ആറു ലക്ഷം വരെയാകും.

അണ്ണാനഗറില്‍ ഫ് ളാറ്റില്‍ താമസിക്കുന്നയാള്‍ പങ്കുവച്ച അനുഭവം ഇങ്ങനെയാണ്; സ്വകാര്യ ടാങ്കറുകളില്‍നിന്നു ജലമെത്തിക്കുന്നതില്‍ പ്രശ്‌നം അനുഭവിക്കുന്നില്ല. എന്നാല്‍, വെള്ളമില്ലാത്ത പ്രദേശങ്ങളില്‍നിന്നു തല്‍ക്കാലത്തേക്കു താമസം മാറ്റിയ ബന്ധുക്കള്‍ ഭൂരിഭാഗം ഫ് ളാറ്റുകളിലുമുണ്ട്. നേരത്ത മൂന്നു ദിവസം വരെ ലഭിച്ചിരുന്ന വെള്ളം ഇപ്പോള്‍ രണ്ടു ദിവസം തികയുന്നില്ല.

വെള്ളത്തിന്റെ വരവിനനുസരിച്ചാണു ഇപ്പോള്‍ ചെന്നൈയിലെ ജനജീവിതം മുന്നോട്ടുപോകുന്നത്. മെട്രോ വാട്ടര്‍ ടാങ്കറുകളുടെ വരവനുസരിച്ച് രാത്രി വൈകിയും പല തെരുവുകളിലും ജനത്തിരക്ക് കാണാം. വെള്ളം സംഭരിക്കാവുന്ന ബക്കറ്റുകള്‍, വലിയ പാത്രങ്ങള്‍ എന്നിവയുടെ വില്‍പന വര്‍ധിച്ചു. നിര്‍മാണ മേഖലയിലെ 60% ജോലികള്‍ നിര്‍ത്തി. നിര്‍മാണ ബജറ്റില്‍ നേരത്തെ വെള്ളത്തിനു നീക്കിവയ്ക്കുന്നത് രണ്ടുശതമാനം ആയിരുന്നെങ്കില്‍ അത് ഇരട്ടിയായി.

വന്‍കിട നിര്‍മാണ കമ്പനികള്‍ പൊന്നുംവിലയ്ക്കു വെള്ളം വാങ്ങി നിര്‍മാണം തുടരുന്നു. ചെറുകിട- ഇടത്തരം നിര്‍മാണ കമ്പനികളെല്ലാം പണി നിര്‍ത്തിയിരിക്കയാണ്. കുഴല്‍ക്കിണറിനെയാണു നിര്‍മാണ കമ്പനികള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. നിലവിലെ സ്ഥിതിയില്‍ കുഴല്‍ക്കിണറില്‍നിന്നു ജലം കിട്ടുന്നില്ല. ഇരട്ടിയിലേറെ ആഴം കൂട്ടിയിട്ടും പലയിടത്തും ജലം കിട്ടുന്നില്ല.

നഗരത്തിലെ ശുദ്ധജലക്ഷാമം ആരാധനാലയങ്ങളെയും രൂക്ഷമായി ബാധിച്ചു. നഗരത്തിലെ പല മസ്ജിദുകളിലും അംഗശുദ്ധി വരുത്താന്‍ വെള്ളമില്ല. വീട്ടില്‍നിന്ന് അംഗശുദ്ധി വരുത്തി പ്രാര്‍ഥനയ്‌ക്കെത്താന്‍ ചിലയിടത്തു വിശ്വാസികളോട് ആവശ്യപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai water crisis deepens: 100 hostels shut, IT firms scale back operations,News, Water, Drinking Water, Hotel, Train, Trending, Chennai.