മുത്വലാഖ് ബില്‍ നിരോധനം: ക്രിമിനല്‍ കുറ്റമാക്കാനുള്ള പുതിയ ബില്ല് രാജ്യസഭയില്‍ വീണ്ടും അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി; നീക്കം വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നിവരുടെ പിന്തുണയോടെ ബില്‍ പാസാക്കാന്‍; അടുത്തയാഴ്ച നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും

മുത്വലാഖ് ബില്‍ നിരോധനം: ക്രിമിനല്‍ കുറ്റമാക്കാനുള്ള പുതിയ ബില്ല് രാജ്യസഭയില്‍ വീണ്ടും അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി; നീക്കം വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എന്നിവരുടെ പിന്തുണയോടെ ബില്‍ പാസാക്കാന്‍; അടുത്തയാഴ്ച നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: (www.kvartha.com 12.06.2019) മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിരോധനത്തിന് എന്‍ഡിഎ സര്‍ക്കാര്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സിന് പകരമായിട്ടായിരിക്കും പുതിയ ബില്‍ അവതരിപ്പിക്കുക.

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്ലിന്റെ അവതരണമുണ്ടാകുമെന്നും പ്രകാശ് ജാവ്‌ദേക്കര്‍ വ്യക്തമാക്കി. നേരത്തെ ഓര്‍ഡിനന്‍സ് ലോക്‌സഭയില്‍ പാസായെങ്കിലും രാജ്യസഭ കടന്നിരുന്നില്ല. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ഭേദഗതിയാണ് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ഭേദഗതിക്കെതിരെ പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

രാജ്യസഭയില്‍ ബില്‍ വീണ്ടും അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. പതിനേഴാം ലോക്‌സഭാ സമ്മേളനത്തില്‍ തന്നെ ബില്‍ വീണ്ടും രാജ്യസഭയില്‍ അവതരിപ്പിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്.

ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, ഒഡിഷയിലെ ബിജു ജനതാദള്‍ എന്നിവരുടെ പിന്തുണയോടെ രാജ്യസഭയില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കം. അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് സര്‍ക്കാര്‍ മന്ത്രിമാരുയെയും സഹമന്ത്രിമാരുടെയും യോഗം വിളിച്ചു ചേര്‍ത്തത്.

ലോക്‌സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധമൊന്നും വകവെക്കാതെ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന മുസ്‌ലിം വനിതാ വിവാഹാവകാശ സംരക്ഷണ ബില്‍ (മുത്തലാഖ് ബില്‍) ലോക്‌സഭ പാസാക്കിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷത്തെ 10 കക്ഷികള്‍ ബഹിഷ്‌കരിച്ച വോട്ടെടുപ്പില്‍ 245 പേര്‍ ബില്ലിനെ അനുകൂലിക്കുകയായിരുന്നു. സിപിഎം, മുസ്‌ലിം ലീഗ്, ആര്‍എസ്പി, ബിജെഡി, എഐഎംഐഎം എന്നീ 11 എംപിമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.ഒരുമിച്ചു മൂന്ന് തവണ ത്വലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കുന്ന പുരുഷന് മൂന്ന് വര്‍ഷം ജയില്‍ശിക്ഷ നല്‍കുന്ന ബില്ലിലെ വ്യവസ്ഥ ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്, ആര്‍ജെഡി, തൃണമൂല്‍, എന്‍സിപി, എസ്പി, ആം ആദ്മി പാര്‍ട്ടി, അണ്ണാ ഡിഎംകെ, ടിഡിപി, ടിആര്‍എസ്, എഐയുഡിഎഫ് എന്നിവര്‍ അന്ന് വോട്ടെടുപ്പിനു മുമ്പ് സഭ ബഹിഷ്‌കരിച്ചുപോയത്.

ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതിനാല്‍ ബില്ല് അസാധുവായതോടെയാണ് വീണ്ടും അവതരിപ്പിക്കാനുള്ള തീരുമാനവുമായി രണ്ടാം മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

Keywords: India, National, wedding, Marriage, News, Muslim, Islam, Religion, Cabinet clears triple talaq bill: Union minister Prakash Javadekar

ad