Follow KVARTHA on Google news Follow Us!
ad

കേട്ടതൊക്കെ ശരിയാണ്, അബ്ദുല്ലക്കുട്ടിയുമായി ബിജെപി ചര്‍ച്ച തുടങ്ങി; ടോം വടക്കന് ശേഷം മറ്റൊരു നേതാവുകൂടി മോദിയുടെ പാളയത്തിലേക്ക്

കോണ്‍ഗ്രസില്‍ നിന്നും ചുവടുമാറ്റുന്ന മുന്‍ എംപി എ പി അബ്ദുല്ലക്കുട്ടിയുമായി ബിജെപി നേ Kerala, News, Politics, A.P Abdullakutty, BJP, Congress, Meeting, BJP discussed with AP Abdullakkutty.
കണ്ണൂര്‍: (www.kvartha.com 29.05.2019) കോണ്‍ഗ്രസില്‍ നിന്നും ചുവടുമാറ്റുന്ന മുന്‍ എംപി എ പി അബ്ദുല്ലക്കുട്ടിയുമായി ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തി. അതീവരഹസ്യമായാണ് കണ്ണൂരില്‍ കൂടിക്കാഴ്ച്ച നടന്നത്. ഇതിനു പുറമേ ബിജെപി ദേശീയ നേതാക്കളില്‍ ചിലരും അബ്ദുല്ലക്കുട്ടിയുമായി ഭാവിപരിപാടികള്‍ ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. പാര്‍ട്ടിയില്‍ മാന്യമായൊരു സ്ഥാനവും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരവുമാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒഴിവുവരുന്ന രാജ്യസഭാസീറ്റുകളിലൊന്നാണ് അബ്ദുല്ലക്കുട്ടി ലക്ഷ്യമിടുന്നത്.

ഇതിനിടെ അബ്ദുല്ലക്കുട്ടിയുടെ മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റിനെ പരസ്യമായി സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തി. ബിജെപിക്ക് ആരോടും അയിത്തമില്ലെന്ന് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത് വ്യക്തമാക്കി. ബിജെപിയിലേക്ക് വരാന്‍ അബ്ദുല്ലക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും ഇക്കാര്യം മേല്‍ഘടകവുമായി ചര്‍ച്ച ചെയ്യുമെന്നും രജ്ഞിത് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും അംഗീകാരമാണെന്നായിരുന്നു മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ എ പി അബ്ദുല്ലക്കുട്ടി പറഞ്ഞത്.

മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുല്ലക്കുട്ടി അവകാശപ്പെട്ടിരുന്നു. ഇതിനിടെ മോദിയെ സ്തുതിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിടുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് നേതൃത്വം അബ്ദുല്ലക്കുട്ടിക്കെതിരെ അച്ചടക്കനടപടിയെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി ഈക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന ഉറപ്പ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിട്ടുണ്ടെന്നറിയുന്നു.

ഇതിനിടെ ജില്ലയിലെ കോണ്‍ഗ്രസ് അനുകൂല സംഘടകള്‍ ഉള്‍പ്പെടെ അബ്ദുല്ലക്കുട്ടിയെ പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ്. കെപിസിസി നേതൃത്വം ഉടന്‍ വിശദീകരണം ചോദിച്ച ശേഷം നടപടികളുമായി മുന്നോട്ടു പോകുമ്പോഴാണ് സംഘടനകളുടെ എതിര്‍പ്പും ശക്തമാവുന്നത്. ചൊവ്വാഴ്ച കെഎസ്‌യു അഴീക്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍കുളത്ത് വയലില്‍ നടത്താനിരുന്ന അനുമോദനവും കിറ്റ് വിതരണവും ഉദ്ഘാടകനായി നിശ്ചയിച്ചത് അബ്ദുല്ലക്കുട്ടിയെയായിരുന്നു. എന്നാല്‍ സംഘാടകരില്‍ നിന്നുണ്ടായ എതിര്‍പ്പുകാരണം പരിപാടിയില്‍ നിന്നും ഒഴിവാക്കി പകരം ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രനെ ഉദ്ഘാടകനാക്കിയാണ് പരിപാടി നടത്തിയത്.

നിലവില്‍ യൂത്ത് കോണ്‍ഗ്രസും മറ്റ് പോഷക സംഘടനകളും അബ്ദുല്ലക്കുട്ടിയെ പരിപാടികളില്‍ നിന്ന് വിലക്കാനുള്ള സാധ്യതയുണ്ട്. കെപിസിസി നേതൃത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് നടപടികളുണ്ടാവുക. ഈ അവസരം മുതലെടുത്തുകൊണ്ട് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്ലകുട്ടിയെ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കം. കെ സുരേന്ദ്രന്‍ 87 വോട്ടിന് പരാജയപ്പെട്ട മഞ്ചേശ്വരത്ത് പി ബി അബ്ദുര്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. തെരഞ്ഞെടുപ്പ് കൃത്രിമം ആരോപിച്ച് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അബ്ദുര്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കാനുള്ള അപേക്ഷ ഹൈക്കോടതി പരിഗണനയിലുമാണ്.

സുരേന്ദ്രന് വീണ്ടും മഞ്ചേശ്വരത്ത് മത്സരിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ പുതിയ പരീക്ഷണമായി ന്യൂനപക്ഷ വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥിയാക്കിയാല്‍ വിജയസാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ഒരുവിഭാഗം ബിജെപി നേതാക്കളുടെ പ്രതീക്ഷ. നേരത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ സുധാകരന്റെ പ്രചാരണ പരിപാടിയില്‍ അബ്ദുല്ലക്കുട്ടിയുടെ സാന്നിധ്യം കുറവായിരുന്നു. പതിയെ കോണ്‍ഗ്രസിന്റെ പൊതുവേദികളില്‍ നിന്നും അകറ്റുന്നതോടെ അബ്ദുല്ലക്കുട്ടിയുടെ നീക്കങ്ങളും ബിജെപി പ്രവേശനത്തിന്റെ സാധ്യതകള്‍ ശരിവെക്കുന്നതാണ്. ടോം വടക്കന് ശേഷം കേരളത്തില്‍ നിന്നും ബിജെപിയിലേക്ക് എത്തുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് നേതാവ് ആകുമോ അബ്ദുല്ലക്കുട്ടിയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.



Keywords: Kerala, News, Politics, A.P Abdullakutty, BJP, Congress, Meeting, BJP discussed with AP Abdullakkutty.
< !- START disable copy paste -->