Follow KVARTHA on Google news Follow Us!
ad

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയില്ലെങ്കില്‍ പ്രിയങ്ക ഗാന്ധി? ഇടതുപക്ഷത്തിനും സമ്മതമാകുമോ?

അനിശ്ചിതത്വം തുടരുന്ന വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയെ എത്തിക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് ശക്തമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില മലയാളി നേതാക്കന്മാര്‍ ഇക്കാര്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിട്ടുണ്ട്Kerala, Wayanad, News, Rahul Gandhi, Priyanka Gandhi, Congress, UDF, AICC, KPCC, Politics, India, National, Trending, KPCC asks Rahul Gandhi or Priyanka Gandhi to contest from Wayanad
ന്യൂഡല്‍ഹി: (www.kvartha.com 29.03.2019) അനിശ്ചിതത്വം തുടരുന്ന വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ പ്രിയങ്ക ഗാന്ധിയെ എത്തിക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച് ശക്തമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില മലയാളി നേതാക്കന്മാര്‍ ഇക്കാര്യം ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസിന് വേണ്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ എഐസിസി ജനറല്‍ സെക്രട്ടറിയും പ്രിയങ്കാ ഗാന്ധിയോ തന്നെ രംഗത്തിറങ്ങണമെന്നാണ് ഇവരുടെ ആവശ്യം.

വയനാട് രാഹുല്‍ മത്സരിച്ചിരുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ പൊതുവെ കോണ്‍ഗ്രസ് അനുകൂല തരംഗം ഉണ്ടാകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. രാഹുലില്ലെങ്കില്‍ പ്രിയങ്കയിലൂടെ അത് തിരിച്ചുപിടിക്കാമെന്നും കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ കരുതുന്നുണ്ട്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടുള്ള സാമ്യവും നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരിയെന്ന വിശേഷണവും വോട്ടായി മാറുമെന്നാണ് ഇവരുടെ അവകാശവാദം.

കോണ്‍ഗ്രസ് ഏതാണ്ടെല്ലാ സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും വയനാട് മാത്രം പ്രഖ്യാപിച്ചിട്ടില്ല. ഇത് ദേശീയ നേതാവിനെ മുന്നില്‍ കണ്ടുകൊണ്ടാണെന്നാണ് സൂചന. അതുകൊണ്ടുതന്നെ വയനാടിന്റെ കാര്യത്തില്‍ പ്രഖ്യാപനം അവസാന നിമിഷം മാത്രമേ ഉണ്ടാകൂ എന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നതിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍ത്തിരുന്നു. കേന്ദ്രത്തില്‍ യുപിഎയുടെ സഖ്യകക്ഷികളായ പാര്‍ട്ടികള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കാന്‍ ഇടയാക്കുമെന്ന് ചില ദേശീയ നേതാക്കള്‍ രാഹുലിനെ ധരിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ശരത് പവാര്‍ നിരവധി തവണ രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. എന്നാല്‍ വയനാട് പ്രിയങ്ക മത്സരിക്കുന്നതിനോട് കേരളത്തിലെ ഇടതുപക്ഷം എതിര്‍ത്തേക്കില്ലെന്നാണ് വിവരം.

അതേസമയം വയനാട് സീറ്റില്‍ രാഹുലോ പ്രിയങ്കയോ തുടങ്ങിയ ദേശീയ നേതാക്കള്‍ മത്സരിക്കാതെ ടി സിദ്ദീഖിനെ തന്നെ രംഗത്തിറക്കിയാല്‍ അത് പ്രതികൂല സാഹചര്യം ഉണ്ടാക്കുമോ എന്ന ഭയവും നേതൃത്വത്തിനുണ്ട്. രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന പ്രതീതി ഉണ്ടാക്കിയ ശേഷം ഒരു സംസ്ഥാന നേതാവിനെ മത്സരിപ്പിക്കുമ്പോള്‍ അത് വോട്ടര്‍മാര്‍ എങ്ങനെ സ്വീകരിക്കുമെന്നതാണ് കെപിസിസിയുടെ ആശങ്ക. അതുകൂടി കണക്കിലെടുത്താണ് രാഹുലില്ലെങ്കില്‍ ദേശീയ നേതൃത്വത്തില്‍ പ്രബലനായ ഒരു നേതാവ് തന്നെ വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസി വിലയിരുത്തുന്നത്. ഇക്കാര്യം സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.



Keywords: Kerala, Wayanad, News, Rahul Gandhi, Priyanka Gandhi, Congress, UDF, AICC, KPCC, Politics, India, National, Trending, KPCC asks Rahul Gandhi or Priyanka Gandhi to contest from Wayanad