ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ചു നാടകീയമായി ഒളിച്ചോടിയ യുവാവ് മുംബൈയില്‍ കാമുകിക്കൊപ്പം പിടിയിലായി

കോഴിക്കോട്: (www.kvartha.com 29.12.2018) ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ചു നാടകീയമായി ഒളിച്ചോടിയ യുവാവ് മുംബൈയില്‍ കാമുകിക്കൊപ്പം പിടിയിലായി. കുറ്റിയാടി സ്വദേശിയും ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐബേര്‍ഡ് മാര്‍ക്കറ്റിങ് മാനേജരുമായ എസ്.സന്ദീപും കാമുകി പൊറ്റമ്മല്‍ സ്വദേശിനി അശ്വിനിയുമാണു മുംബൈയില്‍ പോലീസിന്റെ പിടിയിലായത്.

താന്‍ കൊല്ലപ്പെട്ടെന്നു വരുത്തിത്തീര്‍ത്ത് നാട്ടുകാരെയും പോലീസിനെയും ഒരുപോലെ കബളിപ്പിച്ചു മുംബൈയിലേക്കു കടന്ന സന്ദീപിനെയും കാമുകിയേയും പോലീസ് വളരെ തന്ത്രപരമായാണ് പിടികൂടിയത്.

Missing solo rider found with lover in Mumbai, Kozhikode, News, Trending, Missing, Mumbai, Police, Court, Probe, Kerala

സംഭവം ഇങ്ങനെ: ട്രക്കിങ്ങിനെന്ന വ്യാജേന സന്ദീപ് കഴിഞ്ഞ മാസം ബൈക്കില്‍ കര്‍ണാടകയിലേക്കു പുറപ്പെട്ടു. എന്നാല്‍ ഇടയ്ക്കിടെ ഇങ്ങനെ പോകുന്നതിനാല്‍ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയിരുന്നില്ല. ശൃംഗേരി- കൊപ്പ- ഹരിഹര റൂട്ടിലെ കാനനപാതയില്‍ തുംഗഭദ്ര നദിക്കരയില്‍ സന്ദീപ് ബൈക്ക് നിര്‍ത്തി.

അവിടെ പിടിവലി ഉണ്ടായെന്നു വരുത്തിത്തീര്‍ക്കാന്‍ നിലത്ത് ബൂട്ടുകൊണ്ടു പാടുണ്ടാക്കി. തുടര്‍ന്ന് കയ്യില്‍ കരുതിയ പാദരക്ഷകള്‍ ഉപയോഗിച്ച് ഒന്നില്‍ കൂടുതല്‍പേര്‍ സ്ഥലത്തെത്തിയെന്നു വരുത്തി. കയ്യിലെ വാച്ച് പൊട്ടിച്ചു. മൊബൈല്‍ ഉപേക്ഷിച്ചു. ബൈക്കിനു കേടുപാട് വരുത്തി. അതോടെ സന്ദീപ് കൊല്ലപ്പെട്ടതായി എല്ലാവരും കരുതി.

ഇതിനിടെ സന്ദീപിന്റെ ഭാര്യ നല്ലളം പോലീസില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് കാട്ടി പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ പോലീസ് കര്‍ണാടകയ്ക്കു തിരിച്ചു. കര്‍ണാടക പോലീസിന്റെ സഹായത്തോടെ തുംഗഭദ്ര നദിയില്‍ എട്ട് മുങ്ങല്‍ വിദഗ്ധരെ ഉപയോഗിച്ചു തിരച്ചില്‍ ആരംഭിച്ചു. ഹെലിക്യാം ഉപയോഗിച്ചു കാട്ടിലും തിരഞ്ഞു.

എന്നാല്‍ സന്ദീപിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ദിവസങ്ങള്‍ കഴിഞ്ഞതോടെ കര്‍ണാടക പോലീസ് അന്വേഷണം നിര്‍ത്തി. ഇതിനിടെ മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷനില്‍ അശ്വിനിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പരാതി നല്‍കി. പെണ്‍കുട്ടി ജോലി ചെയ്ത സ്ഥലവും മറ്റും അന്വേഷിച്ചെത്തിയ പോലീസാണ് അശ്വിനി കുറച്ചുകാലം സന്ദീപിനൊപ്പം ജോലി ചെയ്തിരുന്നതായി കണ്ടെത്തിയത്. ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകരും പറഞ്ഞു.

അശ്വിനിയുടെ ഫോണിലേക്ക് അവസാനം കോള്‍ വന്നതു മുംബൈയില്‍ നിന്നാണ്. ഇതോടെ ഇരുവരുടെയും മുന്‍കാല ഫോണ്‍വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി. ഇതോടെ രണ്ടുപേരും ഒരുമിച്ചാണെന്നു പോലീസും ഉറപ്പിച്ചു. ഇതിനിടെ, കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ചു സന്ദീപും അശ്വിനിയും വാട്‌സാപ് ഇല്ലാത്ത മൊബൈലുകള്‍ വാങ്ങി. യാത്രക്കിടെ സന്ദീപ് തന്റെ നീളന്‍ മുടി മുറിച്ചുമാറ്റി രൂപമാറ്റവും വരുത്തി.

സന്ദീപാണ് ആദ്യം മുംബൈയില്‍ എത്തിയത്. പിന്നാലെ അശ്വിനിയും എത്തി. ഇതിനിടെ ഇരുവരും ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ പരിചയപ്പെടുകയും ആ പേരില്‍ സിം കാര്‍ഡ് വാങ്ങുകയും ചെയ്തു. പുതിയ ഫോണ്‍ വാങ്ങിയ സന്ദീപ് ഇടയ്ക്കിടെ ചില മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചെന്നു കണ്ടെത്തിയ സൈബര്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ സ്ഥലം മനസ്സിലാക്കിയെത്തിയാണ് അറസ്റ്റ് ചെയ്തത്.

വീട്ടുകാര്‍ക്കോ പോലീസിനോ സംശയമുണ്ടാകാതിരിക്കാനാണ് ഒരുമിച്ച് നാടുവിടാതിരുന്നതെന്നു അശ്വിനി പോലീസിനോട് പറഞ്ഞു. ആരും തന്നെ തിരഞ്ഞു വരരുതെന്നുള്ളതുകൊണ്ടാണു മരിച്ചെന്നു വരുത്തിത്തീര്‍ത്തതെന്നു സന്ദീപും പറഞ്ഞു. സന്ദീപിനെയും അശ്വിനിയെയും കോടതിയില്‍ ഹാജരാക്കി. പിന്നീട് ഇരുവരും വീട്ടിലേക്കു മടങ്ങി.


Keywords: Missing solo rider found with lover in Mumbai, Kozhikode, News, Trending, Missing, Mumbai, Police, Court, Probe, Kerala.
Previous Post Next Post