Follow KVARTHA on Google news Follow Us!
ad

കേന്ദ്ര സര്‍ക്കാരുമായി കടുത്ത ഭിന്നത; രാജിക്കൊരുങ്ങി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍

കേന്ദ്ര സര്‍ക്കാരുമായി ഭിന്നത അതിരൂക്ഷമായതിനെതുടര്‍ന്നു റിസര്‍വ് ബാങ്ക്New Delhi, News, Politics, Business, Banking, RBI, Controversy, National,
ന്യൂഡല്‍ഹി: (www.kvartha.com 31.10.2018) കേന്ദ്ര സര്‍ക്കാരുമായി ഭിന്നത അതിരൂക്ഷമായതിനെതുടര്‍ന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി സൂചന. കേന്ദ്രസര്‍ക്കാര്‍ ബാങ്കില്‍ നേരിട്ടിടപെടാന്‍ കഴിയുന്ന നിയമവ്യവസ്ഥ ഉപയോഗിച്ചതിനെ തുടര്‍ന്നാണു ഭിന്നത രൂക്ഷമായത്.

ആര്‍.ബി.ഐ ചട്ടത്തിലെ സെക്ഷന്‍ ഏഴ് ഉപയോഗിക്കുന്നത് ഇതാദ്യമാണ്. ബാങ്കിന്റെ സ്വയം ഭരണാവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതില്‍ ആര്‍.ബി.ഐ തലപ്പത്തുള്ളവര്‍ക്കും വന്‍ പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നടത്തിയ പരാമര്‍ശങ്ങളും പട്ടേലിനെ ചൊടിപ്പിച്ചതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഒക്‌ടോബര്‍ വരെ കാലാവധി ബാക്കിയിരിക്കെയാണ് അപ്രതീക്ഷിതമായി ഉര്‍ജിത് പട്ടേല്‍ രാജിയ്‌ക്കൊരുങ്ങുന്നത്.

RBI governor may consider resigning after rift with government, New Delhi, News, Politics, Business, Banking, RBI, Controversy, National.

പോര് മൂത്തത് ഇങ്ങനെ;

2008-14 കാലത്തു ബാങ്കുകള്‍ നിയന്ത്രണമില്ലാതെ വായ്പ നല്‍കിയതു നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്കിനു കഴിയാതിരുന്നതാണു പെരുകുന്ന കിട്ടാക്കടത്തിനു കാരണമെന്നു ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തുറന്നടിച്ചിരുന്നു. ആഗോളമാന്ദ്യത്തിനു ശേഷം കരകയറാന്‍ യുപിഎ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് കണ്ണടച്ച് അനുസരിക്കുകയായിരുന്നെന്നു ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. ഇതോടെ, രാജ്യത്തെ ധനകാര്യ മാനേജ്‌മെന്റുമായി ബന്ധപ്പെട്ടു റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മില്‍ ഭിന്നത മൂര്‍ച്ഛിച്ചു.

കഴിഞ്ഞ ദിവസം ഡപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ റിസര്‍വ് ബാങ്കിന്റെ 'അസ്വാതന്ത്ര്യ'ങ്ങളെക്കുറിച്ചു നടത്തിയ പരാമര്‍ശത്തിനു പിന്നാലെയാണു ധനമന്ത്രിയുടെ അഭിപ്രായപ്രകടനം. ബാങ്കിനു സ്വയംഭരണാവകാശം നിഷേധിക്കുന്നത് ആപല്‍ക്കരമാണെന്നായിരുന്നു ആചാര്യയുടെ മുന്നറിയിപ്പ്. നയതീരുമാനങ്ങളില്‍ സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദത്തിനെതിരെ ബാങ്കില്‍ രൂപപ്പെടുന്ന അസ്വസ്ഥകളിലേക്കും ഇതു വിരല്‍ ചൂണ്ടി.

റിസര്‍വ് ബാങ്കിനു കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പൊതുമേഖലാ ബാങ്കുകളെ നിയന്ത്രിക്കാനാവില്ലെന്ന ആശങ്കയും ആചാര്യ പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര ബാങ്കിനു കൂടുതല്‍ പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുകയാണു സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ മാര്‍ഗമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഇതു സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നു ധനമന്ത്രിയുടെ വാക്കുകളില്‍ വ്യക്തം.

ഇന്ത്യ-യുഎസ് സ്ട്രാറ്റജിക് പാര്‍ട്‌നര്‍ഷിപ് ഫോറത്തിലാണു റിസര്‍വ് ബാങ്കിനെതിരെ ധനമന്ത്രി രംഗത്തു വന്നത്. സാധാരണ വാര്‍ഷിക വളര്‍ച്ചാ ശരാശരിയായ 14 ശതമാനത്തില്‍നിന്നു വായ്പ 31 ശതമാനമായാണു മുന്‍ സര്‍ക്കാരിന്റെ കാലത്തു കുതിച്ചുയര്‍ന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.</ു>

ബാങ്കുകള്‍ വഴിവിട്ടു വായ്പ നല്‍കിക്കൊണ്ടിരുന്നപ്പോള്‍ റിസര്‍വ് ബാങ്ക് പുറംതിരിഞ്ഞു നില്‍പ്പായിരുന്നു. എന്നാല്‍, എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലൂടെ നികുതി വരുമാനം കൂടി. സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ നികുതിദായകര്‍ 3.8 കോടിയായിരുന്നു. ഇപ്പോള്‍ അത് 6.8 കോടിയാണ് എന്നും ജയ്റ്റ്‌ലി പറഞ്ഞു.

റിസര്‍വ് ബാങ്കും സര്‍ക്കാരും തമ്മിലുള്ള പോരില്‍ ഇതോടെ ആദ്യ രക്തസാക്ഷി, അടുത്ത വര്‍ഷം കാലാവധി പൂര്‍ത്തിയാക്കാനിരിക്കുന്ന ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലായിരിക്കും. ബാങ്കിനു കൂച്ചുവിലങ്ങിട്ടു നടത്തിയ നോട്ട് റദ്ദാക്കലിനോടു പട്ടേലിനു പൂര്‍ണ യോജിപ്പുണ്ടായിരുന്നില്ല. ബാങ്കിനു മേല്‍ ഇപ്പോള്‍ സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദത്തെയും അദ്ദേഹം ചെറുക്കുന്നു.

കിട്ടാക്കടം വര്‍ധിക്കുന്നതിനു മുന്‍ സര്‍ക്കാരിനെ പഴിച്ചു തടിയൂരാന്‍ എന്‍ഡിഎ സര്‍ക്കാരിന് എളുപ്പമല്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കിട്ടാക്കടം 20 ലക്ഷം കോടി രൂപയിലേറെയായിരിക്കുന്നു. ഫലം: ചെറിയ ഇടവേളകളില്‍ വിലയിരുത്തല്‍ നടത്തി കിട്ടാക്കടം പെരുകുന്നതു തടയാന്‍ റിസര്‍വ് ബാങ്കിനും സര്‍ക്കാരിനുമായില്ല.

അതേസമയം, നോട്ട് നിരോധനം അടക്കമുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തനായ ഉര്‍ജിത് പട്ടേല്‍ പടിയിറങ്ങുന്നത് കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. അതിനിടെ തര്‍ക്കം പരിഹരിക്കാന്‍ മോഡി ബാങ്ക് മേധാവികളുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായാല്‍ ഇനി സ്ഥാനത്ത് തുടരേണ്ടതില്ലെന്ന് തന്നെയാണ് ഉര്‍ജിത് പട്ടേലിന്റെ തീരുമാനമെന്നും ആര്‍.ബി.ഐ വൃത്തങ്ങള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: RBI governor may consider resigning after rift with government, New Delhi, News, Politics, Business, Banking, RBI, Controversy, National.