Follow KVARTHA on Google news Follow Us!
ad

വിജ്ഞാനകൈരളി മുഖപ്രസംഗം വിവാദമാക്കിയതിനു ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുടെ വിശദീകരണം

ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയായ വിജ്ഞാനകൈരളിയുടെ ആഗസ്റ്റ് ലക്കത്തില്‍Thiruvananthapuram, News, Education, Complaint, Supreme Court of India, Controversy, Religion, Kerala,
തിരുവനന്തപുരം: (www.kvartha.com 31.10.2018) ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മാസികയായ വിജ്ഞാനകൈരളിയുടെ ആഗസ്റ്റ് ലക്കത്തില്‍ 'ലജ്ജിക്കണം' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ക്രൈസ്തവ വിശ്വാസമായ കുമ്പസാരത്തെ അവഹേളിക്കുന്നുവെന്ന പരാതി യാദൃശ്ചികമല്ലെന്ന് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍.

ആഗസ്റ്റില്‍ വന്ന മുഖപ്രസംഗം ഒക്‌ടോബര്‍ മാസാന്ത്യത്തിലാണ് വിവാദമാക്കാന്‍ ചിലര്‍ക്ക് തോന്നിയത് എന്നത് യാദൃച്ഛികമല്ല. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച സുപ്രീംകോടതിവിധി വന്നതിനുശേഷമാണ് മുഖപ്രസംഗം വിവാദമാക്കാന്‍ ചിലര്‍ക്ക് തോന്നിയത് എന്നത് ബോധപൂര്‍വമായിരിക്കില്ലെങ്കിലും അങ്ങനെയും ചിന്തിക്കാം എന്ന വസ്തുത നിലനില്‍ക്കുന്നു.

Explanations of language institution director, Thiruvananthapuram, News, Education, Complaint, Supreme Court of India, Controversy, Religion, Kerala

എന്നുമാത്രമല്ല കേരളത്തിലെ ക്രൈസ്തവവിശ്വാസികളില്‍ നല്ലൊരുവിഭാഗം കുമ്പസാരമെന്ന ആചാരത്തെ അംഗീകരിക്കാത്തവരാണ്. എന്നാല്‍ ആ വിഭാഗത്തില്‍പ്പെട്ട ചിലരും കുമ്പസാരത്തെ അവഹേളിച്ചുവെന്ന പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നുവെന്നതും, യാദൃച്ഛികമാകാന്‍ തരമില്ല.

'ലജ്ജിക്കണം' എന്ന മുഖപ്രസംഗം കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും മധ്യവര്‍ഗം നല്‍കിയിട്ടുള്ള സംഭാവനകളെപ്പറ്റി പ്രതിപാദിക്കുന്നതാണ്.

തൊഴിലാളിവര്‍ഗം ജനിക്കുന്നതിനു മുമ്പ് നിസ്വവര്‍ഗത്തിന്റെ താല്‍പ്പര്യസംരക്ഷണത്തിനായി നിലകൊണ്ടത് മധ്യവര്‍ഗമായിരുന്നു. അന്നത്തെ മധ്യവര്‍ഗം ആചാരങ്ങളെ മുറുകെപ്പിടിച്ചിരുന്ന പൗരോഹിത്യത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സംസ്ഥാനരൂപീകരണത്തിനു ശേഷം ഭൂപരിഷ്‌കാരത്തിലൂടെ ഭൂവുടമകളായിത്തീര്‍ന്ന പാട്ടക്കുടിയാന്മാരുടെ അടുത്ത തലമുറ മധ്യവര്‍ഗമായി വളര്‍ന്നപ്പോള്‍ ആദ്യകാല മധ്യവര്‍ഗം സ്വീകരിച്ചിരുന്നതായ പ്രബുദ്ധതയുടെ നിലപാടുകളില്‍ നിന്നും പിന്നോട്ടുപോയിയെന്ന നിരീക്ഷണമാണ് ലേഖനത്തിലുള്ളത്.

പാരമ്പര്യാധിഷ്ഠിതമായി നിലനില്‍ക്കുന്ന ആചാരങ്ങളുടെ സംരക്ഷകരായി നിലകൊള്ളുന്ന പൗരോഹിത്യം മധ്യവര്‍ഗവുമായി സഹകരിച്ച് സമൂഹത്തില്‍ ആധിപത്യം നേടിയതിന്റെ ഫലമായി ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സമത്വം, സാഹോദര്യം മതനിരപേക്ഷത എന്നീ മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിക്കുന്നുവെന്ന നിരീക്ഷണവും ലേഖനത്തിലുണ്ട്.

തെറ്റുചെയ്യുന്നവര്‍ ഏറ്റുപറഞ്ഞ് മാനസാന്തരപ്പെടുന്നതാണ് ശ്രീയേശു പറഞ്ഞ കുമ്പസാരമെന്നും അങ്ങനെയാണെങ്കില്‍ പൗരോഹിത്യവും കുമ്പസരിക്കേണ്ടതുണ്ടെന്നും പറയുന്നു. കുമ്പസരിക്കുന്ന പുരുഷന് വിവേചനവും പീഡനങ്ങളും അനുഭവിക്കേണ്ടിവരുന്നില്ലെന്നും കുമ്പസാരക്കൂട്ടില്‍ ഉത്തമവിശ്വാസത്തില്‍ ഏറ്റു പറയുന്ന തെറ്റിന്റെ പേരില്‍ സ്ത്രീ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അത് സ്ത്രീപുരുഷസമത്വമെന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ അനുമതിയോടുകൂടി 250/ രൂപ വാര്‍ഷികവരിസംഖ്യയെടുത്താണ് 'വിജ്ഞാനകൈരളി' വായിക്കുന്നത്. വായനയെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടിയാണ് വിദ്യാര്‍ഥികളുടെ പാഠഭാഗങ്ങളുള്‍പ്പെടെയുള്ള ലേഖനങ്ങള്‍ മാസികയില്‍ പ്രസിദ്ധീകരിക്കുന്നത്. വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഏറെ അംഗീകാരമാണ് മാസികയ്ക്കു ലഭിച്ചു വരുന്നത്. വായനയെ പ്രോത്സാഹിപ്പിക്കേണ്ടവര്‍ തന്നെ നിരുത്സാഹപ്പെടുത്തുന്നത് ഖേദകരമാണെന്നും ഡയറക്ടര്‍ പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ വിശദീകരണക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Explanations of language institution director, Thiruvananthapuram, News, Education, Complaint, Supreme Court of India, Controversy, Religion, Kerala.