Follow KVARTHA on Google news Follow Us!
ad

ഇന്തോനേഷ്യയില്‍ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു

ഇന്തോനേഷ്യയില്‍ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞുTsunami, Earth Quake, News, Dead, Trending, Injured, World, Indonesia,
പാലു: (www.kvartha.com 01.10.2018) ഇന്തോനേഷ്യയില്‍ സുനാമിയിലും ഭൂകമ്പത്തിലും മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. ഏറ്റവും കൂടുതല്‍ നാശം വിതച്ചത് പാലുനഗരത്തിലാണ്. തകര്‍ന്നു തരിപ്പണമായ കെട്ടിടങ്ങള്‍, ചുറ്റിലും മൃതദേഹങ്ങള്‍, വിലാപങ്ങള്‍, ശ്മശാനഭൂമി പോലെയാണ് ഇന്തൊനീഷ്യയിലെ പാലു നഗരം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുലവേസി പ്രവിശ്യയിലെ ഡൊംഗാലയിലും പാലുവിലും 7.5 തീവ്രതയുള്ള ഭൂകമ്പവും തുടര്‍ന്ന് 6 മീറ്റര്‍ വരെ ഉയര്‍ന്ന സൂനാമിത്തിരകളും നാശം വിതച്ചത് .

18 അടി ഉയരത്തില്‍ പാഞ്ഞുവന്ന രാക്ഷസത്തിരമാലകളാണു പാലുവിനെ തകര്‍ത്തെറിഞ്ഞത്. വലിയ പാലങ്ങളും റോഡുകളും ഉള്‍പ്പെടെ ഗതാഗത മാര്‍ഗങ്ങളെല്ലാം നശിച്ചു. ആശയവിനിമയ സംവിധാനങ്ങളും പാടേ തകര്‍ന്നു.

Tsunami in Indonesia: death toll at 832 and expected to rise sharply – as it happened, Tsunami, Earth Quake, News, Dead, Trending, Injured, World, Indonesia

ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സൂനാമിയിലും 832 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ സ്ഥിരീകരിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള അതീവശ്രമകര ദൗത്യം തുടരുന്നു. ആദ്യ ഭൂകമ്പം ഉണ്ടായി 48 മണിക്കൂറിനുശേഷവും തുടര്‍ചലനങ്ങള്‍ ഉണ്ടാകുന്നുണ്ട്.

ഇതിനകം നൂറ്റമ്പതിലേറെ തുടര്‍ചലനങ്ങളുണ്ടായി. ഭൂകമ്പവും സൂനാമിയും തകര്‍ത്ത പ്രദേശങ്ങള്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ സന്ദര്‍ശിച്ചു. ക്ഷമയോടെ സഹകരിക്കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

പാലു നഗരത്തിലെ റോവ റോവ ഹോട്ടലിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഒരു യുവതിയെ രക്ഷപ്പെടുത്തി. ഇവിടെ വിദേശ സഞ്ചാരികളുള്‍പ്പെടെ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഗതാഗത, വാര്‍ത്താവിനിമയ, വൈദ്യുതി ബന്ധം പൂര്‍ണമായി തകര്‍ന്നതു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നു. ഇന്ധനത്തിന്റെയും അവശ്യവസ്തുക്കളുടെയും ക്ഷാമം സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

ഭൂകമ്പം നിരന്തരം താണ്ഡവമാടുന്ന ഇന്തൊനീഷ്യയില്‍ ഫലപ്രദമായ മുന്നറിയിപ്പു സംവിധാനം ഒരുക്കാനാവാത്തത് കടുത്ത വിമര്‍ശനത്തിനിടയാക്കുന്നുണ്ട്. 2004 ല്‍ സുമാട്രയിലുണ്ടായ ഭൂകമ്പവും സുനാമിയും ഇന്തൊനീഷ്യയില്‍ മാത്രം 1,20,000 പേര്‍ മരിക്കാനിടയാക്കിയിരുന്നു. ഇത്തവണ ഭൂകമ്പം ഉണ്ടായ ഉടനെ കാലാവസ്ഥാ മുന്നറിയിപ്പു കേന്ദ്രമായ ബിഎംകെജി സുനാമി മുന്നറിയിപ്പ് നല്‍കുകയും 34 മിനിറ്റിനുശേഷം പിന്‍വലിക്കുകയും ചെയ്തു. മുന്നറിയിപ്പു പിന്‍വലിച്ചതിനു പിന്നാലെ ആഞ്ഞടിച്ച സൂനാമിയാണു കനത്ത നാശം വിതച്ചത്. സുനാമിത്തിരകള്‍ കരയില്‍ ആഞ്ഞടിക്കും മുന്‍പ് കടലില്‍ മണിക്കൂറില്‍ 800 കിലോമീറ്റര്‍ വേഗമാര്‍ജിച്ചിരുന്നു.

മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നാണു പാലു ദുരന്തം തെളിയിക്കുന്നത്. ദുരന്തനിവാരണത്തിലും രാജ്യം ഏറെ പിന്നിലാണ്. കൂറ്റന്‍ കെട്ടിടങ്ങള്‍ക്കിടയില്‍ രണ്ടു ദിവസമായി കുടുങ്ങിക്കിടക്കുന്ന മനുഷ്യരെ രക്ഷിക്കാന്‍ കഴിയുന്ന വലിയ ഉപകരണങ്ങളൊന്നുമില്ല.

രാജ്യന്തര സമൂഹത്തോടു സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണു പ്രസിഡന്റ്. ഓസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തു. പാലുവില്‍ മാത്രം 17,000 പേര്‍ ഭവനരഹിതരായി. 5,700 കുട്ടികളാണു ദുരിതാശ്വാസ ക്യാംപുകളിലുള്ളത്. മരിച്ചവരെയെല്ലാം വലിയ കുഴിമാടങ്ങളൊരുക്കി ഒരുമിച്ച് അടക്കം ചെയ്യുകയാണ്. പകര്‍ച്ചവ്യാധികള്‍ പടരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tsunami in Indonesia: death toll at 832 and expected to rise sharply – as it happened, Tsunami, Earth Quake, News, Dead, Trending, Injured, World, Indonesia.