Follow KVARTHA on Google news Follow Us!
ad

ചെങ്ങന്നൂര്‍ പൊളിച്ചു; രാഷ്ട്രീയ പാഠങ്ങളേറെ നല്‍കുന്ന ഫലം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മുഖ്യമThiruvananthapuram, News, Politics, LDF, UDF, BJP, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 31.05.2018) ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മുഖ്യമന്ത്രി പിണറായി വിജയന്‍. കാരണം, ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തോറ്റിരുന്നെങ്കില്‍ അതിന്റെ മുഴുവന്‍ പഴിയും കേള്‍ക്കേണ്ടി വരിക അദ്ദേഹമായിരുന്നു. ഭരണപരാജയം എന്ന് ഒറ്റ വാക്യത്തില്‍ പറഞ്ഞ് ആരും അവസാനിപ്പിക്കുമായിരുന്നില്ല. കീറിമുറിക്കുന്ന വിശലകലനങ്ങളില്‍ പിണറായിയെ തലങ്ങും വിലങ്ങും രക്തമൊലിപ്പിച്ച് കിടത്തിയേനെ. യുഡിഎഫും ബിജെപിയും അതിനു കാത്തിരിക്കുകയായിരുന്നു.

ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴായിരത്തോളം വോട്ടുകള്‍ കുറവാണ് ലഭിച്ചത് എന്നത് തീവ്രവര്‍ഗീയതയെ കേരളം അംഗീകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല എന്നതിനു തെളിവായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചത്. അത് ശരിയായ വിലയിരുത്തലായി. ചാനലുകളല്ല ജനങ്ങളാണ് യഥാര്‍ത്ഥ വിധികര്‍ത്താക്കളെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിരീക്ഷണവും കൃത്യമായി.

Thunder result in Chengannur Bye poll,Thiruvananthapuram, News, Politics, LDF, UDF, BJP, Trending, Kerala.

പണം വാരിക്കോരി വോട്ടര്‍മാരെ പ്രലോഭിപ്പിച്ച് നേടിയ വിജയമെന്നതാകട്ടെ വോട്ടര്‍മാരെ അപമാനക്കുന്നതിനു തുല്യമാണ്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും ഭൂരിപക്ഷം സജി ചെറിയാനുതന്നെയാണ്. കേരള കോണ്‍ഗ്രസ് മാണി യുഡിഎഫിനു നല്‍കിയ പിന്തുണ, എസ് എന്‍ ഡി പിയുടെ മനസ്സാക്ഷി വോട്ട് ആഹ്വാനം, ശോഭനാ ജോര്‍ജിന്റെ ഇടതുപിന്തുണ ഇതൊക്കെ ഏതുവിധമാണ് പ്രവര്‍ത്തിച്ചതെന്ന് വിലയിരുത്തപ്പെടാനിരിക്കുന്നതേയുള്ളൂ.

ഉപതെരഞ്ഞെടുപ്പിനു കാരണമായത് ചെങ്ങന്നൂരില്‍ നിന്നു 2016ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച കെ കെ രാമചന്ദ്രന്‍ നായരുടെ വിയോഗം. അദ്ദേഹംതന്നെയായിരുന്നു കേരളത്തില്‍ പുതിയ നൂറ്റാണ്ടിലെ ആദ്യ തെരഞ്ഞെടുപ്പു നടന്ന 2001ലും ചെങ്ങന്നൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. തൊട്ടു മുമ്പത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ശോഭനാ ജോര്‍ജ് നേടിയ 3102 വോട്ടുകളുടെ ഭൂരിപക്ഷം അന്നു പകുതിയിലും താഴെയായി മാറി 1465.

2001നും 2006നും ഇടയില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടായ വലിയ പൊട്ടിത്തെറികള്‍ക്കൊടുവില്‍ കെ കരുണാകരനും കെ മുരളീധരനും ഡിഐസി രൂപീകരിച്ചു. ശോഭനാ ജോര്‍ജ് ഡിഐസിയിലായി. ചെങ്ങന്നൂര്‍ സീറ്റ് എ ഗ്രൂപ്പ് ഏറ്റെടുത്ത് കെ എസ് യു സംസ്ഥാന പ്രസിഡന്റ് പി സി വിഷ്ണുനാഥിന് കൊടുത്തു. എതിര്‍ സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. വിഷ്ണുനാഥിന് ജയം. 2011ലും പി സി വിഷ്ണുനാഥ് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. മുന്‍ മാവേലിക്കര എംപി സി എസ് സുജാതയെ സിപിഎം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കി. രണ്ടാമതും വിഷ്ണുനാഥ്. മൂന്നാം വട്ടവും വിഷ്ണുനാഥിനെ വിജയിക്കാന്‍ അനുവദിക്കാതെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കെ കെ രാമചന്ദ്രന്‍ നായരെ ചെങ്ങന്നൂര്‍ സ്വീകരിച്ചത്.

2006ല്‍ ബിജെപി സ്ഥാനാര്‍ത്ഥി മാന്നാര്‍ സതീഷിന് കിട്ടിയത് 3299 വോട്ടുകള്‍. 2011ല്‍ ബി രാധാകൃഷ്ണ മേനോന്‍ അത് 6062 ആയി ഉയര്‍ത്തി. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി എസ് ശ്രീധരന്‍ പിള്ള വിജയിച്ചേക്കുമെന്നും രണ്ടാം സ്ഥാനത്തെങ്കിലും എത്തുമെന്നും പ്രതീക്ഷിക്കുന്ന നിലയിലായിരുന്നു മണ്ഡലത്തിലെ ബിജെപി സാന്നിധ്യം. തോറ്റെങ്കിലും മൂന്നാം സ്ഥാനത്തായെങ്കിലും ശ്രീധരന്‍ പിള്ള 42682 വോട്ടുകള്‍ നേടി. വിഷ്ണുനാഥിന് ലഭിച്ച 44897 വോട്ടുകളുമായുള്ള വ്യത്യാസം 2215 മാത്രം. 52880 വോട്ടുകള്‍ നേടിയ കെ കെ രാമചന്ദ്രന്‍ നായരുടെ ഭൂരിപക്ഷം 7983.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Thunder result in Chengannur Bye poll,Thiruvananthapuram, News, Politics, LDF, UDF, BJP, Trending, Kerala.