Follow KVARTHA on Google news Follow Us!
ad

സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഏകോപനം ശക്തിപ്പെടുത്തുമെന്ന് ഡി ജി പിമാരുടെ സമ്മേളനം

കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ പൊതുഅതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നതിനും തീവ്രവാദ - മൗലികവാദ Thiruvananthapuram, Kerala, Police, Conference, DGP, Police Officers
തിരുവനന്തപുരം: (www.kvartha.com 30.08.2017) കേരളം, കര്‍ണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ പൊതുഅതിര്‍ത്തി പ്രദേശങ്ങളില്‍ ജനങ്ങള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ നേരിടുന്നതിനും തീവ്രവാദ - മൗലികവാദ പ്രവണതകള്‍ കണ്ടെത്തുന്നതിനുമുള്ള ഏകോപനം കൂടുതല്‍ ഫലപ്രദമാക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡി ജി പിമാരുടെ യോഗം തീരുമാനിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളുള്‍പെടെ അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍ നേരിടുന്ന സുരക്ഷാ ഭീഷണികള്‍ വികസന - ക്ഷേമരംഗങ്ങളില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിനു സഹായിക്കുന്ന സുരക്ഷാതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും തീരുമാനമായി.


മാവോയിസ്റ്റ് തീവ്രവാദം, മതതീവ്രവാദം, മൗലികവാദ പ്രവണതകള്‍ എന്നിവ നേരിടല്‍, ക്രമസമാധാന രംഗത്തെ പൊതുവായ ഏകോപനം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കേരള പോലീസിന്റെ ആതിഥ്യത്തില്‍ തിരുവനന്തപുരത്ത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഡി ജി പിമാരുടെ യോഗം ചേര്‍ന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന ജില്ലകളില്‍ സാങ്കേതിക വിദ്യ, ഉപകരണങ്ങള്‍ എന്നീ പിന്തുണ സംവിധാനങ്ങള്‍ ഉള്‍പെടെ ആവശ്യമായ സന്ദര്‍ഭങ്ങളില്‍ പരസ്പര സഹകരണം നല്‍കും.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള ഇടപെടല്‍ രീതികളില്‍ സംയുക്ത പരിശീലനം നടത്താനും തീരുമാനമായി. ക്രമസമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍ കൂടുതല്‍ ഫലപ്രദമായി പങ്കിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും ഇന്റലിജന്‍സ്/ ഇന്റേണല്‍ സെക്യൂരിറ്റി എ ഡി ജി പിമാര്‍ ഏകോപന ചുമതല നിര്‍വഹിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പങ്കാളിത്തവും സഹകരണവും ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു.

സാങ്കേതിക വിദ്യയുടെ ഉപയോഗം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. കേസന്വേഷണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് വിജയകരമായി അന്വേഷണം പൂര്‍ത്തിയാക്കിയ കേസുകളും പരാജയപ്പെട്ട കേസുകളും സംബന്ധിച്ച പഠനം ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളുടെ മുന്‍കൈയില്‍ നടത്തും. അന്തര്‍സംസ്ഥാന ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനും പരസ്പര സഹകരണം വര്‍ധിപ്പിക്കണമെന്ന് യോഗത്തില്‍ ആമുഖാവതരണം നടത്തിയ കേരളസംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു.

യോഗം പല തടസങ്ങളും നീക്കാനുള്ള മഞ്ഞുരുക്കല്‍ പ്രക്രിയയായിരുന്നുവെന്നും വളരെ ഫലപ്രദമായിരുന്നുവെന്നും തെലങ്കാന ഡി ജി പി അനുരാഗ് ശര്‍മ വിലയിരുത്തി. തെലങ്കാന ഡി ജി പി അനുരാഗ് ശര്‍മ, തമിഴ്‌നാട് ഡി ജി പി ടി കെ രാജേന്ദ്രന്‍, പുതുച്ചേരി ഡി ജി പി എസ് കെ ഗൗതം, തമിഴ്‌നാട് എസ് ഐ ബി ചെന്നൈ എ ഡി ജി പി ഹരിസേന വര്‍മ, കര്‍ണാടക ഹ്യൂമണ്‍ റൈറ്റ്‌സ് എ ഡി ജി പി സഞ്ജയ് സഹായ്, ആന്ധ്രപ്രദേശ് ലോ ആന്‍ഡ് ഓര്‍ഡര്‍ എ ഡി ജി പി ഹരീഷ് കുമാര്‍ ഗുപ്ത, തമിഴ്‌നാട് എ ഡി ജി പി സന്ദീപ്‌റായ് റാത്തോര്‍, വിജയവാഡ എസ് ഐ ബി ജോയിന്റ് ഡയറക്ടര്‍ ആര്‍ എ ചന്ദ്രശേഖര്‍, ലക്ഷദ്വീപ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് പി നിഥിന്‍ വല്‍സണ്‍ എന്നിവര്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

കേരള പോലീസിനെ പ്രതിനിധീകരിച്ച് ഡി ജി പിമാരായ എ ഹേമചന്ദ്രന്‍, രാജേഷ് ദിവാന്‍, ബി എസ് മുഹമ്മദ് യാസിന്‍, എ ഡി ജി പിമാരായ ബി സന്ധ്യ, എസ് ആനന്ദകൃഷ്ണന്‍, ടി കെ വിനോദ് കുമാര്‍, ഐ ജിമാരായ മനോജ് എബ്രഹാം, ജി ലക്ഷ്മണ്‍, ദിനേന്ദ്ര കശ്യപ് എന്നിവരും പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Police, Conference, DGP, Police Officers.