Follow KVARTHA on Google news Follow Us!
ad

ജി എസ് ടി: എക്കാലത്തേയും വലിയ നികുതി പരിഷ്‌ക്കരണം

ഏറെക്കാലമായി കാത്തിരുന്ന ചരക്ക് സേവന നികുതി (ജി എസ് ടി) ജൂലൈ ഒന്ന് രാത്രി മുതല്‍ നിലവില്‍ വരികയാണ്. ഉല്‍പാദകര്‍, സേവനദാതാക്കള്‍, വ്യാപാരികള്‍ എന്തിനേറെ ഉപഭോക്താക്കള്‍ Business, Article, GST, GST- The Biggest Ever Tax Reform, Ajayakumar Chathurvedi
അജയകുമാര്‍ ചതുര്‍വേദി

(www.kvartha.com 30.06.2017) ഏറെക്കാലമായി കാത്തിരുന്ന ചരക്ക് സേവന നികുതി (ജി എസ് ടി) ജൂലൈ ഒന്ന് രാത്രി മുതല്‍ നിലവില്‍ വരികയാണ്. ഉല്‍പാദകര്‍, സേവനദാതാക്കള്‍, വ്യാപാരികള്‍ എന്തിനേറെ ഉപഭോക്താക്കള്‍ ഉള്‍പെടെ എല്ലാവരും കേന്ദ്ര - സംസ്ഥാനതലങ്ങളില്‍ ഖജനാവിലേക്ക് നികുതി അടയ്ക്കുന്നതില്‍ വിപ്ലവകരമായ മാറ്റംകൊണ്ടുവരും. പരോക്ഷനികുതികളുടെ ബാഹുല്യങ്ങളെല്ലാം ഏകീകരിച്ച് ഇന്ത്യയെ ഒരു ഏകീകൃത വിപണിയാക്കി മാറ്റും.

എന്താണ് ജി എസ് ടി
ജി എസ് ടി എന്നാല്‍ ഒരു ഏകീകൃത നികുതി സമ്പ്രദായമാണ്. സംസ്ഥാനങ്ങള്‍ക്കിടയിലുള്ള ബഹുനികുതി സമ്പ്രദായങ്ങള്‍ ഇല്ലാതാക്കി മറ്റ് വികസിത രാജ്യങ്ങളിലേതുപോലെ രാജ്യത്താകമാനം വ്യാപാരത്തിന് വേണ്ട ഒറ്റ മൈതാനം സൃഷ്ടിക്കുകയാണ്. ഇത് ഒരു വിവിധ ഘട്ട ഉദ്ദിഷ്ടസ്ഥാനാധിഷ്ഠിതമായ നികുതിയാണ്. നിര്‍മാണത്തിന് വേണ്ട അസംസ്‌കൃതവസ്തുക്കളുടെ സംഭരണം മുതല്‍ ഇത് ആരംഭിക്കുകയും അന്തിമോല്‍പന്നത്തിന്റെ വിപണനം വരെ തുടരുകയും ചെയ്യും. ഓരോ ഘട്ടത്തിലും നല്‍കുന്ന നികുതികള്‍ക്ക് വിതരണത്തിന്റെ അടുത്ത ഘട്ടങ്ങളില്‍ ഇളവ് ലഭിക്കുകയും ചെയ്യും.


ഉദ്ദിഷ്ടസ്ഥാനം അല്ലെങ്കില്‍ ഉപഭോഗവുമായി ബന്ധപ്പെട്ട നികുതി സമ്പ്രദായമായതുകൊണ്ടുതന്നെ കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ ചുമത്തുന്ന സെന്‍ട്രല്‍ എക്‌സൈസ്, സേവന നികുതി, വാറ്റ്, കേന്ദ്ര വില്‍പന നികുതി, ഒക്‌ട്രോയി, പ്രവേശനനികുതി, ആഡംബര നികുതി, വിനോദനികുതി തുടങ്ങിയ ബഹുമുഖ നികുതികളെല്ലാം ഇല്ലാതാകും. ഇത് ഉപഭോക്താക്കളുടെ നികുതിഭാരം കുറയ്ക്കും. അതോടൊപ്പം പണത്തിന്റെ ഒഴുക്കും മികച്ച പ്രവര്‍ത്തന മൂലധന പരിപാലനവും മൂലം വ്യവസായമേഖലയ്ക്ക് ഏറെ ഗുണം ചെയ്യും. നിലവില്‍ ഒരു സംസ്ഥാനത്തുനിന്നും മറ്റൊന്നിലേക്ക് നീങ്ങുന്ന ചരക്കുകളില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ചേര്‍ന്ന് 17 നികുതികളാണ് ചുമത്തുന്നത്.

ആനുകൂല്യങ്ങള്‍
വിവിധ വിലയിരുത്തുകളുടെ അടിസ്ഥാനത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ രണ്ടു ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ജി എസ് ടി മികച്ച നികുതി അനുവര്‍ത്തനത്തിന് വഴിവയ്ക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. അതിലൂടെ വരുമാനം വര്‍ധിപ്പിക്കുകയും ബജറ്റ് കമ്മി കുറയ്ക്കുന്നതിന് വഴിവയ്ക്കുകയും ചെയ്യും. എല്ലാ ഇറക്കുമതി ചരക്കുകള്‍ക്കും കേന്ദ്ര ജി എസ് ടിയും സംസ്ഥാന ജി എസ് ടിയും ചേര്‍ന്ന സംയോജിത ചരക്ക് സേവന നികുതി (ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്- ഐ ജി എസ് ടി) ഈടാക്കും. ഇത് പ്രാദേശിക ഉല്‍പന്നങ്ങളുടെ നികുതിയില്‍ സന്തുലിതാവസ്ഥ കൊണ്ടുവരും.

ജി എസ് ടിയില്‍ പ്രധാനമായും മൂന്നു തരത്തിലുള്ള നികുതികളാണുള്ളത്. കേന്ദ്ര ചരക്ക് സേവന നികുതി (സി ജി എസ് ടി), സംസ്ഥാനം (അല്ലെങ്കില്‍ കേന്ദ്രഭരണപ്രദേശ) ചരക്ക് സേവന നികുതി (എസ് ജി എസ് ടി), സംയോജിത ചരക്ക് സേവന നികുതി (ഐ ജി എസ് ടി) എന്നിവയാണത്. സംസ്ഥാനത്തിനുള്ളിലുള്ള ചരക്ക് നീക്കത്തിന് കേന്ദ്രം ചുമത്തുന്നതിനെ സി ജി എസ് ടിയെന്നും സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ചുമത്തുന്ന നികുതിയെ എസ് ജി എസ് ടിയെന്നുമാണ് യഥാക്രമം അറിയപ്പെടുന്നത്. ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും സംസ്ഥാനന്താര വിതരണത്തില്‍ കേന്ദ്രം ചുമത്തുന്നതാണ് ഐ ജി എസ് ടി. കേന്ദ്ര ജി എസ് ടി ബില്‍, സംയോജിത ജി എസ് ടി ബില്‍, ജി എസ് ടി (സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കല്‍) ബില്‍, കേന്ദ്ര ഭരണപ്രദേശ ജി എസ് ടി ബില്‍ എന്നിങ്ങനെ കഴിഞ്ഞ മേയില്‍ ലോക്‌സഭയില്‍ നടത്തിയ നാലു നിയമനിര്‍മാണങ്ങളിലൂടെയാണ് ഈ ജൂലൈ ഒന്ന് എന്ന് നിശ്ചയിച്ചിരുന്ന സമയപരിധി യാഥാര്‍ത്ഥ്യമാക്കിയത്.

കേന്ദ്ര ധനമന്ത്രി അധ്യക്ഷനും സംസ്ഥാന ധനമന്ത്രിമാര്‍ അംഗങ്ങളുമായ ജി എസ് ടി കൗണ്‍സിലാണ് ജി എസ് ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ ശുപാര്‍ശകളുടെയോ അവയുടെ നടപ്പാക്കലിലൂടെയോ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് വിധികല്‍പ്പിക്കാനുള്ള അവകാശവും ജി എസ് ടി കൗണ്‍സിലിനുണ്ട്.

നികുതി നിരക്കുകള്‍
പുതിയ ജി എസ് ടി സംവിധാനത്തില്‍ കീഴില്‍ ജി എസ് ടി കൗണ്‍സില്‍ അഞ്ച് ശതമാനം, 12 ശതമാനം, 18 ശതമാനം, 28 ശതമാനം എന്നിങ്ങനെ നാലു വിശാലമായ നികുതി നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. ജി എസ് ടി നടപ്പാക്കുമ്പോള്‍ ആദ്യ അഞ്ചുവര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന വരുമാനനഷ്ടത്തിന് പരിഹാരം നല്‍കുന്നതിനായി ആഡംബര വസ്തുക്കള്‍ക്കും അയോഗ്യമായ ചരക്കുകള്‍ക്ക് മേലും സെസ് ഏര്‍പെടുത്തിയിട്ടുണ്ട്. മിക്കവാറും എല്ലാ ചരക്കുകളും സേവനങ്ങളും ഈ നാലു നിരക്കുകളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണം, പരുക്കന്‍ വൈരം എന്നിവയ്ക്ക് പ്രത്യേക നികുതി നിരക്കും നിശ്ചയിച്ചിട്ടുണ്ട്. അതോടൊപ്പം ചിലവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. അവശ്യവസ്തുക്കളെ ഏറ്റവും കുറഞ്ഞ നികുതി നിരക്കിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം ആഡംബര വസ്തുക്കള്‍, പുകയില ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ഉയര്‍ന്ന നികുതി പരിധിയിലുമാണ്.

17 വര്‍ഷത്തെ നീണ്ട കാത്തിരിപ്പ്
നിരവധി രാജ്യങ്ങള്‍ ഇതിനകം തന്നെ ഏകീകൃത നികുതി സമ്പ്രദായത്തിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. 1954ല്‍ ഈ സംവിധാനം സ്വീകരിച്ച ഫ്രാന്‍സാണ് ഇതില്‍ ആദ്യത്തേത്. ചിലര്‍ ജി എസ് ടി തന്നെ സ്വീകരിച്ചും ചിലര്‍ മൂല്യവര്‍ധിത നികുതിയുടെ (വാറ്റ്) വ്യത്യസ്ത മാതൃക സ്വീകരിച്ചും. അവരെ പിന്നീട് മറ്റുള്ളവര്‍ പിന്തുടരുകയായിരുന്നു. ഇന്ത്യയില്‍ ജി എസ് ടിയെക്കുറിച്ചുള്ള ചര്‍ച്ച ആരംഭിച്ചത് 2000ല്‍ അടല്‍ബിഹാരി വാജ്‌പേയ് പ്രധാനമന്ത്രിയായിരുന്ന എന്‍ ഡി എ ഗവണ്‍മെന്റിന്റെ കാലത്താണ്. ഒടുവില്‍ എല്ലാവരെയും അനുനയിപ്പിച്ചുകൊണ്ട് 2016ല്‍ 101 -ാമത് ഭരണഘടനാഭേദഗതി പാര്‍ലമെന്റില്‍ പാസാക്കി. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതി വരുമാനത്തില്‍ കുറവുണ്ടാകുമെന്ന് ആശങ്കയുണ്ടാകുകയും അതുകൊണ്ടുതന്നെ ചില വരുമാനദായകമായ ചരക്കുകളില്‍പ്പെട്ട മദ്യം, പെട്രോളിയം റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ സ്വന്തം നികുതി നിര്‍ണയ അധികാരം വേണമെന്ന് ആഗ്രഹമുണ്ടാകുകയും ചെയ്തു.

ഉപഭോക്താക്കളിലുണ്ടാകുന്ന പ്രത്യാഘാതം
അഗര്‍ബത്തി (സാമ്പ്രാണി തിരി)മുതല്‍ ആഡംബരകാറുകള്‍ വരെ എല്ലാ ചരക്കുകളും വിവിധ നിരക്കുകളില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. 100 രൂപ വരെ വിലയുള്ള സിനിമ ടിക്കറ്റുകളെ 18 ശതമാനം ജി എസ് ടി നിരക്കിലാണ് ഉള്‍പെടുത്തിയിട്ടുണ്ട്. എന്നാല്‍ ടിക്കറ്റ് നിരക്ക് 100ല്‍ കൂടുതലായാല്‍ ജി എസ് ടിയുടെ അടിസ്ഥാനത്തില്‍ 28 ശതമാനം നികുതി ഈടാക്കും. അതുപോലെ പുകയില ഉല്‍പന്നങ്ങളേയും ഉയര്‍ന്ന നികുതിനിരക്കിലാണ് ഉള്‍പെടുത്തിയിരിക്കുന്നത്. വസ്ത്രം, പവിഴം, സ്വര്‍ണം തുടങ്ങിയവയുടെ വ്യവസായങ്ങളെ 5 ശതമാനം ജി എസ് ടി നിരക്കിലാണ് ഉള്‍പെടുത്തിയിട്ടുള്ളത്.

2017 ജൂലൈ ഒന്നുമുതല്‍ തന്നെ ജി എസ് ടി നടപ്പാക്കണമെന്ന ശക്തമായ നിശ്ചയദാര്‍ഢ്യമാണ് ഗവണ്‍മെന്റ് പ്രകടിപ്പിച്ചത്. ചരക്ക് സേവന നികുതി ശൃംഖല പോലുള്ള ഏജന്‍സികള്‍ ഉള്‍പെടെ സംസ്ഥാനങ്ങള്‍ക്കും വ്യവസായമേഖലയ്ക്കും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമുണ്ട്. പ്രാരംഭ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സാമ്പത്തിക നൗകയെ വിജയകരമായി മുന്നോട്ടു തുഴയുന്നതിനായി ഇപ്പോള്‍ പ്രകടിപ്പിച്ച അതേ ഇച്ഛാശക്തിയും ധൈര്യവും ഗവണ്‍മെന്റ് പ്രകടിപ്പിക്കേണ്ടതുണ്ട്. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി കൈക്കൊണ്ട ജി എസ് ടി പോലെയുള്ള ഒരു നടപടി വലിയ വിജയമാകും.



ലേഖകന്‍ വികസന വിഷയങ്ങളില്‍ നിരന്തരം എഴുതുന്ന വിരമിച്ച ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥനാണ്. ഇതില്‍ പ്രകടിപ്പിച്ചിരിക്കുന്ന വീക്ഷണങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Business, Article, GST, GST- The Biggest Ever Tax Reform, Ajayakumar Chathurvedi.