Follow KVARTHA on Google news Follow Us!
ad

കയ്യേറ്റക്കാരെ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി അനിവാര്യം: കാനം രാജേന്ദ്രന്‍

ഭൂമി കയ്യേറ്റക്കാരെ വിചാരണ ചെയ്യുവാന്‍ പ്രത്യേക കോടതികള്‍ അനിവാര്യമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ Alappuzha, Kerala, News, Court, Land Issue, CPI, State, CPM, Programme, Case, Special Court to Formed by Land Encroachment Case Kanam Rajendran.
ആലപ്പുഴ: (www.kvartha.com 30.04.2017) ഭൂമി കയ്യേറ്റക്കാരെ വിചാരണ ചെയ്യുവാന്‍ പ്രത്യേക കോടതികള്‍ അനിവാര്യമാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികളാണ് ആവശ്യം. അനധികൃതമായി ഭൂമി കൈവശപ്പെടുത്തുന്നവരെ ഒരുതരത്തിലും സി പി ഐ ന്യായീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ പാതിരപ്പള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസായ ടി വി തോമസ് സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കാര്‍ഷിക പരിഷ്‌ക്കരണം നടപ്പിലാക്കിയിട്ട് അരനൂറ്റാണ്ടോളമായി. ഈ കാര്യത്തില്‍ പുനര്‍വായനയാണ് ആവശ്യം. പല കാര്യങ്ങളിലും ഭേദഗതിയും വേണം. അര്‍ഹരായവര്‍ക്ക് ഭൂമി കൊടുക്കുവാന്‍ സര്‍ക്കാരിന് കഴിയണം. സാമൂഹ്യമായി പിന്നോക്കം നിയിക്കുന്നവരേയും ജീവിക്കാനായി പാടുപെടുന്നവരേയും കാണാതെ പോകാനാവില്ല. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ഭൂമി തിരിച്ചുപിടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറിലെ ഉള്‍പ്പെടെയുള്ള കയ്യേറ്റം ഒഴിപ്പിക്കുക എന്നത് എല്‍ ഡി എഫിന്റെ പ്രഖ്യാപിത നിലപാടാണ്. സി പി ഐയും സി പി എമ്മും ഉള്‍പ്പെടെ തീരുമാനിച്ച കാര്യമാണിത്. ഭൂമാഫിയക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമ്പോള്‍ പ്രതിഷേധം ഉണ്ടാകുക സ്വാഭാവികമാണ്. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. മൂന്നാറില്‍ സ്ഥാപിച്ച കുരിശ് ത്യാഗത്തിന്റെ കുരിശല്ല, മറിച്ച് കയ്യേറ്റത്തിന്റെ കുരിശാണ്. മത ചിഹ്നങ്ങള്‍പോലും ചിലര്‍ കയ്യേറ്റത്തിനായി ഉപയോഗിക്കുകയാണ്. കയ്യേറ്റക്കാര്‍ക്ക് ജാതിയും മതവുമില്ല എന്നതും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. സി പി ഐയും സി പി എമ്മും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ദേശിയ രാഷ്ട്രീയം ആവശ്യപ്പെടുന്നതും അതാണ്. ആര്‍ എസ് പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് ഉള്‍പ്പെടെയുള്ള മറ്റ് പ്രസ്ഥാനങ്ങളെക്കൂടി ഉള്‍പ്പെടുത്തി രാജ്യത്ത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. മറ്റ് ഇടതുപക്ഷ പാര്‍ട്ടികളെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലെത്തിക്കുവാന്‍ മുന്‍കൈ എടുക്കേണ്ടത് സി പി ഐയും സി പി എമ്മുമാണ്. മറിച്ച് അവരെ ആട്ടിയകറ്റിയാല്‍ ഇടതുപക്ഷത്തിന് തിരിച്ചടിയായി മാറും. സി പി ഐ കോണ്‍ഗ്രസുമായി കൂടാനൊരുങ്ങുന്നുവെന്നാണ് ചിലരുടെ ആക്ഷേപം. എന്നാല്‍ കോണ്‍ഗ്രസുമായി കൂടാത്ത ഏതൊക്കെ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇവിടുള്ളത്. സി പി ഐയുടെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസ് ബന്ധം അനുവദിക്കില്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സി പി ഐ ജില്ലാ അസി സെക്രട്ടറി പി വി സത്യനേശന്‍ അദ്ധ്യക്ഷനായി. സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന്‍ പതാക ഉയര്‍ത്തി. പി പി അനന്തന്‍ സ്മാരക ഹാള്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. എസ് കുമാരന്‍ സ്മാരക മണ്ഡപം ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസേനാനികളുടെ ചിത്രം ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസും, മുന്‍കാലനേതാക്കളുടെ ചിത്രം മണ്ഡലം സെക്രട്ടറി ഡി ഹര്‍ഷകുമാറും അനാച്ഛദനം ചെയ്തു. പാരിതോഷിക സമര്‍പ്പണം സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി കൃഷ്ണപ്രസാദ് നിര്‍വഹിച്ചു. വി എം ഹരിഹരന്‍, പി എസ് ഹരിദാസ്, ആര്‍ സുരേഷ്, ദീപ്തിഅജയകുമാര്‍, ടി എം സൈമണ്‍, രശ്മി രാജേഷ്, കെ എക്‌സ് ആന്റപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്മാരക നിര്‍മാണ കമ്മിറ്റി സെക്രട്ടറി പി ജി രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Alappuzha, Kerala, News, Court, Land Issue, CPI, State, CPM, Programme, Case, Special Court to Formed by Land Encroachment Case Kanam Rajendran.