ഭോപ്പാലില്‍ വാര്‍ഡനെ കഴുത്തറുത്തുകൊന്നശേഷം ജയില്‍ചാടിയ 8 സിമി പ്രവര്‍ത്തകരേയും ഏറ്റുമുട്ടലിലൂടെ വധിച്ചതായി പോലീസ്

ഭോപ്പാല്‍: (www.kvartha.com 31.10.2016) ഭോപ്പാലില്‍ വാര്‍ഡനെ കഴുത്തറുത്തുകൊന്നശേഷം ജയില്‍ചാടിയ എട്ട് സിമി പ്രവര്‍ത്തകരെയും ഏറ്റുമുട്ടലിലൂടെ വധിച്ചതായി മധ്യപ്രദേശ് പോലീസിന്റെ സ്ഥിരീകരണം.

 ഭോപ്പാലിന്റെ പ്രാന്തപ്രദേശമായ എയിന്ത് ഖെഡി ഗ്രാമത്തില്‍ വെച്ചാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നും പോലീസ് പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നായിരുന്നു പ്രതികള്‍ തടവ് ചാടിയത്. മണിക്കൂറുകള്‍ക്കകംതന്നെ പ്രതികളെ കൊലപ്പെടുത്തിയ വാര്‍ത്തയും എത്തി.

നിരോധിത ഭീകര സംഘടനയായ സിമി (സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ) പ്രവര്‍ത്തകര്‍ തടവ് ചാടിയതിന് പിന്നാലെ ഇവര്‍ക്കായി പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും രഹസ്യാന്വേഷണ വിഭാഗവും തെരച്ചില്‍ ആരംഭിച്ചിരുന്നു. പ്രതികളുടെ തടവുചാട്ടം ഗുരുതരമായ വീഴ്ചയായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തുകയും സംസ്ഥാനത്തിനോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് പോലീസും തീവ്രവാദ വിരുദ്ധ വിഭാഗവും അന്വേഷണത്തിനായി ഇറങ്ങിയത്. പ്രതികളെ വധിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിക്കാന്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മധ്യപ്രദേശ് പോലീസ് ഉന്നതര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

പുലര്‍ച്ചെ രമാശങ്കര്‍ എന്ന ജയില്‍ വാര്‍ഡനെ സ്റ്റീല്‍ പ്‌ളെയിറ്റിന്റെ അരികും കുപ്പിച്ചില്ലും ഉപയോഗിച്ച് കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ ശേഷം മരക്കഷണങ്ങള്‍ ഉപയോഗിച്ച് ജയിലിന്റെ കൂറ്റന്‍ മതില്‍ കയറി ബെഡ്ഷീറ്റ് കൂട്ടിക്കെട്ടി തൂങ്ങിയിറങ്ങിയായിരുന്നു തടവുകാര്‍ രക്ഷപ്പെട്ടത്. മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, സ്വദേശികളായ അബ്ദുല്‍ മജീദ്, മുഹമ്മദ് സാലിക്, മുഹമ്മദ് അഖീല്‍ ഖില്‍ജി, ഗുജറാത്ത് സ്വദേശി മുജീബ് ഷേയ്ക്ക്, മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഖാലിദ് അഹമ്മദ്, മെഹമ്മൂദ് ഗുഡ്ഡു, അമസാദ്, സക്കീര്‍ ഹുസൈന്‍ സാദിഖ് എന്നിവരാണ് ജയില്‍ചാടിയതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കൊല്ലപ്പെട്ടവരില്‍ നാലു പേര്‍ 2013ല്‍ മധ്യപ്രദേശിലെ തന്നെ ഖന്ധ്‌വ ജയിലില്‍ നിന്ന് രക്ഷപ്പെട്ടവരാണ്. പിന്നീട് ഇവരെ പോലീസ് പിടികൂടുകയും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. അന്ന് കുളിമുറിയുടെ ചുവര്‍ തുരന്ന് സുരക്ഷാ ജീവനക്കാരെ ആക്രമിച്ചശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. തടവുകാര്‍ക്ക് ജയില്‍ ഉദ്യോഗസ്ഥരില്‍ നിന്നോ പുറത്തു നിന്നോ സഹായം ലഭിച്ചോ എന്ന കാര്യത്തിലും അന്വേഷണം നടക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ജയിലിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. കൂടുതല്‍ ജീവനക്കാരെ ജയിലിലേക്ക് നിയോഗിച്ചിട്ടുണ്ട്.

പാശ്ചാത്യ ഉപഭോക്തൃ സംസ്‌കാരത്തിന്റെ പിടിയില്‍ നിന്നും ഇന്ത്യയെ വിമോചിപ്പിച്ച് ഇസ്ലാമിക സമൂഹമാക്കുക എന്ന ലക്ഷ്യത്തോടെ 1977ലാണ് സിമി സ്ഥാപിതമായത്. വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഈ സംഘടനയെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2001 മുതല്‍ പല തവണ സര്‍ക്കാര്‍ നിരോധിച്ചു. അന്തര്‍ദേശീയ ഇസ്ലാമിക തീവ്രവാദ സംഘടനയായ അല്‍ക്വഇദയുടെ ഇടപെടല്‍ ഈ സംഘടനയിലുണ്ടെന്നും സര്‍ക്കാര്‍ കരുതുന്നു. 2008 ജൂലായ് 25ന് നടന്ന ബംഗളൂരു സ്‌ഫോടന പരമ്പരയും അഹമ്മദാബാദ് സ്‌ഫോടന പരമ്പരയും ആസൂത്രണം ചെയ്തത് സിമിയുടെ പുതിയ രൂപമായ ഇന്ത്യന്‍ മുജാഹിദീന്‍ എന്ന സംഘടനയാണെന്ന് ഗുജറാത്ത് പോലീസ് പറയുന്നു.

ഭീകരാക്രമണക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ കൊടുംകുറ്റവാളികളെ പാര്‍പ്പിച്ചിട്ടുള്ള സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാര്‍ അനായാസം രക്ഷപെട്ടത് സര്‍ക്കാര്‍ ഏജന്‍സികളെ ഞെട്ടിച്ചിരുന്നു. പ്രാഥമിക നടപടിയായി അഞ്ച് ജയില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്ന ജയിലിലെ ബി ബ്ലോക്കിലാണ് ഇവരെ പാര്‍പ്പിച്ചിരുന്നത്. കൊലപാതകം അടക്കമുള്ള കേസുകളിലെ പ്രതികളാണ് രക്ഷപ്പെട്ടവര്‍.

Keywords: 8 SIMI terrorists escape from Bhopal Central Jail, kill security guard, Police, Gun attack, Terrorists, Madhya pradesh, Maharashtra, Goa, Press meet, Gujarath, Bangalore Blast Case, National.
Previous Post Next Post