Follow KVARTHA on Google news Follow Us!
ad

ഇനി പഴയ പ്ലാസ്റ്റിക്കിനും നല്ല വില കിട്ടും, പെട്രോള്‍ ഉണ്ടാക്കുന്ന വിദ്യ കണ്ടുപിടിച്ച് ശ്രീജിത്ത്

പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും Report, Kerala,
കൊടുങ്ങല്ലൂര്‍: (www.kvartha.com 30.07.2016) ഇനി പ്ലാസ്റ്റിക്കിനും വില കിട്ടും. പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കുന്ന വിദ്യയുമായി പെരിഞ്ഞനം സ്വദേശിയും കൊടുങ്ങല്ലൂരിലെ സയന്‍സ് സെന്റര്‍ ഡയറക്ടറുമായ ശ്രീജിത്തിന്റെ പരീക്ഷണം. പ്ലാസ്റ്റിക്ക് മാലിന്യങ്ങളില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കുന്ന വിദ്യ വ്യാപകമായാല്‍ അലക്ഷ്യമായി ആരും തന്നെ പ്ലാസ്റ്റിക്ക് വലിച്ചെറിയാന്‍ ഇടയില്ല. 

പെട്രോളിന് ദിനംപ്രതി വില കൂടി വരുന്ന സാഹചര്യത്തില്‍ പലരും വണ്ടിയെടുക്കാന്‍ മടി കാണിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യത്തില്‍ നിന്നും പെട്രോള്‍ ലഭിക്കുമെന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും.
പെരിഞ്ഞനം പഞ്ചായത്തിലാണ് ഇത്തരമൊരു പദ്ധതി യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം പെട്രോളാക്കി മാറ്റാനുള്ള പദ്ധതി ഇവിടെ വിജയകരമായി പരീക്ഷിക്കപ്പെട്ടു. പെട്രോള്‍ ഉണ്ടാക്കുന്ന വിദ്യ പ്രാവര്‍ത്തികമാക്കാനായി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സജിത്തിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി വിപ്ലവത്തിന് തന്നെ ഒരുങ്ങുകയാണ്. ഈ സാങ്കേതിക വിദ്യയുടെ ഡെമോണ്‍സ്‌ട്രേഷനാണ് കഴിഞ്ഞദിവസം നടന്നത്.

മാലിന്യമായി പുറന്തള്ളുന്ന പ്ലാസ്റ്റിക്കിനെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് സഹായകമാകുന്ന സംരംഭത്തിന് മന്ത്രി അഡ്വ. കെ. രാജു അടക്കമുള്ളവര്‍ പിന്തുണയുമായെത്തിയിട്ടുണ്ട്. കേരള കൗമുദിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്ലാസ്റ്റിക്കില്‍ നിന്നും പെട്രോള്‍ ഉണ്ടാക്കുന്ന വിദ്യ ഇപ്രകാരമാണ്

പൈറോളിസിസിലൂടെ പെട്രോള്‍

പെട്രോളിനെ പോളിമറൈസ് ചെയ്ത് കട്ടയാക്കുന്നതാണ് പ്ലാസ്റ്റിക്. ഇതിനെ വീണ്ടും പൈറോളിസിസ് ചെയ്താല്‍ (വിഘടിപ്പിച്ചാല്‍) പെട്രോള്‍ കിട്ടില്ലേ എന്ന ചിന്തയില്‍ നിന്നാണ് ശ്രീജിത്തും സയന്‍സ് സെന്ററിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് പൈറോളിസിസ് പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കിയത്.

പ്ലാന്റില്‍ ഖരമാലിന്യമായ പ്ലാസ്റ്റിക് നിറച്ച് 350- 400 ഡിഗ്രി ഊഷ്മാവില്‍ ചൂടാക്കി, പ്ലാസ്റ്റിക് വിഘടിപ്പിച്ച് കാര്‍ബോഹൈഡ്രേറ്റ് ആക്കി മാറ്റുന്നു. അത് തണുപ്പിച്ച് പെട്രോളിയത്തിന്റെ വിവിധ രൂപങ്ങളായ പെട്രോള്‍, മെഴുക്, ടാര്‍, ബയോഗ്യാസ്, ടര്‍പ്പന്റൈന്‍ എന്നിവയാക്കി മാറ്റാം.

ഈ ഉത്പന്നങ്ങളെ വേര്‍തിരിച്ച് അതത് ആവശ്യത്തിന് ഉപയോഗിക്കാവുന്നതാണ്. ഒരു കിലോ പ്ലാസ്റ്റിക്കില്‍ നിന്ന് 960 മില്ലി ലിറ്റര്‍ പെട്രോളിയം ലഭിക്കും. അതില്‍ നിന്ന് ഫ്രാക്ഷന്‍ ഡിസ്റ്റിലേഷന്‍ എന്ന പ്രക്രിയയിലൂടെ പെട്രോള്‍ വേര്‍തിരിക്കും. ഇതോടെ 400 മില്ലി ലിറ്റര്‍ പെട്രോള്‍ കിട്ടും. 40 മില്ലി ലിറ്റര്‍ കാര്‍ബണ്‍ പുറത്തേക്ക് തള്ളും. ടാര്‍ രൂപത്തിലായതിനാല്‍ അത് മാലിന്യമാകില്ല.

പ്ലാസ്റ്റിക് മാലിന്യത്തില്‍ ഓക്‌സിജന്റെ സാന്നിധ്യം ഉണ്ടായാല്‍ അത് പുകഞ്ഞു കത്തും. അതിനാല്‍ പുക ഒഴിവാക്കാനായി പ്ലാന്റിനോടനുബന്ധിച്ച് കംപ്രസര്‍ ഉണ്ട്. പൈറോളിസ് പ്ലാന്റിന് ആവശ്യമായ ഇന്ധനത്തിന് ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചാല്‍ ജൈവമാലിന്യം സംസ്‌കരിക്കാവുന്നതാണ്. അഞ്ചു ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടിവരുന്നത്. ഇത് പഞ്ചായത്ത് ഏറ്റെടുക്കും. ഇതേ കുറിച്ച് സര്‍ക്കാരിന് അടുത്തുതന്നെ റിപ്പോര്‍ട്ട് നല്‍കുമെന്നും കേരള കൗമുദി വാര്‍ത്തയില്‍ പറയുന്നു.

 To make petrol from plastic waste, Kodungallur, Panchayath, President, K K Sajith, Report, Kerala.

Keywords: To make petrol from plastic waste, Kodungallur, Panchayath, President, K K Sajith, Report, Kerala.