Follow KVARTHA on Google news Follow Us!
ad

രമേശ് ചെന്നിത്തല അതാണോ? ആകുമോ? കേരളം കാത്തിരിക്കുകയാണ്

പ്രതിപക്ഷ നേതാവാകാന്‍ വേണ്ട മിനിമം യോഗ്യത ഒരു നല്ല ജനപക്ഷ നേതാവായിരിക്കുകV.S Achuthanandan, Oommen Chandy, Ramesh Chennithala, Strike, Chief Minister, Politics, CPM, Congress, A.K Antony, Kerala,

എസ് എ ഗഫൂര്‍

(www.kvartha.com 30.05.2016) പ്രതിപക്ഷ നേതാവാകാന്‍ വേണ്ട മിനിമം യോഗ്യത ഒരു നല്ല ജനപക്ഷ നേതാവായിരിക്കുക എന്നതല്ലേ. അങ്ങനെയാണു തോന്നുന്നത്. സമീപകാലത്ത് രണ്ടു തവണയായി പത്തു വര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ അങ്ങനെ ആയിരുന്നു. വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയാകട്ടെ പിന്നീട് മുഖ്യമന്ത്രിയായ ശേഷമുണ്ടായ മാറ്റത്തേക്കുറിച്ച് സൂചനകള്‍ ഇല്ലാത്ത വിധം ആത്മാര്‍ത്ഥമായാണ് ആ റോള്‍ നിര്‍വഹിച്ചത്.

സമീപ കാലചരിത്രം ഇതാണെങ്കില്‍ മുമ്പ് കെ കരുണാകരന്‍, എ കെ ആന്റണി, ഇ കെ നായനാര്‍, ഇ എം എസ് എന്നിവര്‍ പ്രതിപക്ഷത്തെ നയിച്ച കാലത്തേക്കുറിച്ച് ഓര്‍ക്കുന്നത് നന്നായിരിക്കും. ഇവരെല്ലാം മുഖ്യമന്ത്രിയായിരുന്നിട്ടുമുണ്ട്. ഭരണവും സമരവും എന്നായിരുന്നു ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴത്തെ നയം. പ്രതിപക്ഷ നേതാവായപ്പോള്‍ സഹകരണവും സമരവും എന്നായി. ഭരണത്തെ പ്രശ്‌നാധിഷ്ഠിതമായി എതിര്‍ക്കുകയും സഹകരിക്കുകയും ചെയ്യുന്ന രീതി. ഇ കെ നായനാരും കെ കരുണാകരനും അക്രമോല്‍സുകരമായ പ്രതിപക്ഷ നേതാക്കളായിരുന്നു.

അതാതു കാലത്തെ ഭരണത്തെ അവര്‍ പ്രതിപക്ഷ ധര്‍മത്തിന്റെ പേരില്‍ വലിച്ചു കീറി. വ്യക്തിപരമായി നല്ല ബന്ധം പരസ്പരം നിലനിര്‍ത്തിയെങ്കിലും രാഷ്ട്രീയമായി കടിച്ചുകീറുകയായിരുന്നു അവര്‍. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും വിട്ടുവീഴ്ചയില്ലാത്ത പരസ്പര വിരോധവും അക്കാലത്ത് രൂക്ഷമായിരുന്നു. അതിനു തുടര്‍ച്ചയായി വന്ന ആന്റണി നനഞ്ഞ പടക്കം പോലുള്ള പ്രതിപക്ഷ നേതാവായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരും സിപിഎമ്മും അദ്ദേഹത്തെ കണക്കിലെടുത്തില്ല. കൂടെയുള്ളവര്‍ക്കും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ആന്റണിയുടെ വീറിലും മികവിലും സംശയമുണ്ടായിരുന്നു എന്നു തോന്നുന്നു. നായനാര്‍ സര്‍ക്കാരിനെതിരെ ആന്റണി 'നിരന്തര സമരം' പ്രഖ്യാപിച്ചിട്ടും അത് വിജയിക്കാതെ പോയത് അതുകൊണ്ടാകണം.

പ്രതിപക്ഷ നേതാവ് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ദൈനംദിനം ഇടപെടാന്‍ തുടങ്ങുകയും അത് മാധ്യമങ്ങള്‍ കൊണ്ടാടുകയും ചെയ്തു തുടങ്ങിയത് 2001ല്‍ ആന്റണി സര്‍ക്കാരിന്റെ കാലത്ത് വി എസ് പ്രതിപക്ഷ നേതാവായി നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയതു മുതലാണ്. മതികെട്ടാന്‍മല കൈയേറ്റം, പെണ്‍വാണിഭങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ വി എസ്് ഇടപെട്ടു. 2006 ആയപ്പോഴേക്കും വി എസ് അദ്ദേഹത്തിന്റെ മുന്‍കാല കാര്‍ക്കശ്യങ്ങളുടെ നിഴല്‍ പോലുമില്ലാത്ത ജനകീയ നേതാവിന്റെ പ്രതിഛായയിലേക്കു മാറിക്കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് 2006ലെ തെരഞ്ഞെടുപ്പില്‍ വി എസിനെ മല്‍സരിപ്പിക്കേണ്ട എന്നു തീരുമാനിച്ച സിപിഎമ്മിന് അത് തിരുത്തേണ്ടിവന്നത്.

അതേസമയം, പെണ്‍വാണിഭക്കാരെ കൈയാമംവച്ച് തെരുവിലൂടെ നടത്തിക്കുമെന്നു പറഞ്ഞ വി എസ് മുഖ്യമന്ത്രിയായപ്പോഴും അത്തരം സംഭവങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായില്ല. കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ ഇര ശാരിയെ ആശുപത്രിയില്‍വച്ച് ഭീഷണിപ്പെടുത്തി വിഐപി ആരെന്ന ചോദ്യം സമൂഹത്തെക്കൊണ്ട് ഏറ്റെടുപ്പിച്ച വിഎസ് അത് മറന്നു. പക്ഷേ, ജനകീയ പ്രതിഛായ നിലനിര്‍ത്താന്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ സഹായിച്ചു.

പാര്‍ട്ടിയെ നയിച്ചിരുന്ന പിണറായിയോടു മാധ്യമങ്ങള്‍ക്ക് ഉണ്ടായിരുന്ന അനിഷ്ടമായിരുന്നു
പ്രധാന കാരണം. വി എസ് 10 വര്‍ഷം പ്രതിപക്ഷ നേതാവും അഞ്ചു വര്‍ഷം മുഖ്യമന്ത്രിയുമായശേഷവും പിണറായി അല്ല വി എസ് തന്നെയാണ് മുഖ്യമന്ത്രിയാകേണ്ടത് എന്ന് അവര്‍ വാദിച്ചത് ആ അനിഷ്ടംകൊണ്ടുതന്നെ.

ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ മറികടന്ന് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവാകുമ്പോള്‍ ഉയരുന്ന മുഖ്യ ചോദ്യം ഇതാണ്: വി എസ് ആകാന്‍ കഴിഞ്ഞില്ലെങ്കിലും എകെ ആന്റണി ആകാതിരിക്കുകയെങ്കിലും ചെയ്യുമോ രമേശ്? കേരളം ഇപ്പോള്‍ ആവശ്യപ്പെടുന്നത് വികസനത്തിലും ജനപക്ഷ തീരുമാനങ്ങളിലും സര്‍ക്കാരുമായി സഹകരിക്കുകയും ജനവിരുദ്ധ നയങ്ങളില്‍ സര്‍ക്കാരിനെ നിശിതമായി എതിര്‍ത്ത് തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തെയും നേതാവിനെയുമാണ്.

രമേശ് ചെന്നിത്തല അതാണോ? ആകുമോ? കേരളം കാത്തിരിക്കുകയാണ്.

Also Read:
യുവകന്യാസ്ത്രീയുടെ മരണത്തിന് കാരണം ഗുരുതരമായ കരള്‍രോഗമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്


Keywords: Is Ramesh a dynamic opposition leader, V.S Achuthanandan, Oommen Chandy, Ramesh Chennithala, Strike, Chief Minister, Politics, CPM, Congress, A.K Antony, Kerala.