Follow KVARTHA on Google news Follow Us!
ad

പെണ്‍ മനസ്സിലെ പ്രണയം

വനിതാദിനവുമായി ബന്ധപ്പെട്ട് എല്ലാവര്‍ഷവും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ലോകമെങ്ങും സംഘടിപ്പിച്ചുവരുന്നുണ്ട്. ഓരോ വര്‍ഷവും പ്രത്യേക പ്രമേയങ്ങളെ ആധാരമാക്കിയാവും
കൂക്കാനം റഹ്ന്‍

(www.kvartha.com 31/03/2016) വനിതാദിനവുമായി ബന്ധപ്പെട്ട് എല്ലാവര്‍ഷവും വൈവിധ്യമാര്‍ന്ന പരിപാടികള്‍ ലോകമെങ്ങും സംഘടിപ്പിച്ചുവരുന്നുണ്ട്. ഓരോ വര്‍ഷവും പ്രത്യേക പ്രമേയങ്ങളെ ആധാരമാക്കിയാവും ചര്‍ച്ചകളും, സെമിനാറുകളും മറ്റും സംഘടിപ്പിക്കാറ്. 2016 ലെ പ്രമേയം “2030 നകം ലോകം 50 - 50 ലക്ഷ്യം നേടണം” എന്നതായിരുന്നു. സ്ത്രീ പുരുഷ തുല്യത എന്ന പരമമായ ലക്ഷ്യം 2030 നകം നടപ്പിലാവണം എന്നതാണ് ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നത്.

കാന്‍ഫെഡും പാന്‍ടെക്കും സംയുക്തമായി നടത്തിയ വനിതാദിനാചരണം പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. സ്ത്രീ പുരുഷ തുല്യത ലക്ഷ്യം വെച്ചുകൊണ്ടുള്ള ക്വിസ്, കടങ്കഥ, പ്രസംഗം തുടങ്ങിയവയില്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പ്രസംഗ മത്സരത്തിനായി നിര്‍ദ്ദേശിച്ച വിഷയങ്ങളിലൊന്ന് “പെണ്‍ മനസ്സിലെ പ്രണയം” എന്നാണ്. ആണിന്റെയും പെണ്ണിന്റെയും പ്രണയ മനസ്സ് രണ്ട് തരത്തിലാണെന്ന് സമര്‍ത്ഥിക്കുകയായിരുന്നു ഓരോരുത്തരും. ആത്മാര്‍ത്ഥതയും, ധൃഢതയും, സ്‌നേഹമസൃണവുമാണ് പെണ്‍മനസ്സിലെ പ്രണയമെന്ന് ശക്തിയുക്തം ഉദാഹരണ സഹിതം വ്യക്തമാക്കുകയാണവര്‍ ചെയ്തത്.

യോഗാദ്ധ്യക്ഷനായിരുന്ന ഞാന്‍ പ്രണയത്തെ വിലയിരുത്തി സംസാരിച്ചു തുടങ്ങിയതിങ്ങിനെയാണ്. “ആധുനിക കാലത്തെ പ്രണേതാക്കള്‍ സാമ്പത്തിക സുസ്ഥിരതയും സൗന്ദര്യവുമൊക്കെ വിലയിരുത്തിയേ പ്രണയത്തിലേര്‍പ്പെടൂ” ഈ പ്രസ്താവനയില്‍ കടിച്ചുതൂങ്ങിയാണ് ശോഭന അതിനെ ഖണ്ഡിച്ചു കൊണ്ട് സംസാരിച്ച് തുടങ്ങിയത്. പെണ്ണുങ്ങള്‍ എക്കാലത്തും പുരുഷന്റെ നല്ല മനസ്സിനെയാണ് പ്രണയിക്കുന്നത്. അവിടെ സമ്പത്തിനോ, സൗന്ദര്യത്തിനോ പ്രസക്തിയില്ല. സ്‌നേഹത്തിന് മാത്രമെ സ്ത്രീ വിലകല്‍പ്പിക്കൂ ഉദാഹരണം എടുത്തു പറഞ്ഞതിങ്ങിനെ:

ഭര്‍ത്താവുണ്ടായിട്ടും വേറൊരു പുരുഷനെ പ്രണയിക്കുന്നു

ശോഭന അവളുടെ ഏറ്റവും അടുത്ത ഒരു സ്ത്രീ സുഹൃത്തിന്റെ പ്രണയാനുഭവം അവിടെ പങ്കുവെച്ചു. അവളുടെ പേരോ , സ്ഥലമോ വെളിപ്പെടുത്താതെ സത്യസന്ധമായാണ് നേരിട്ടറിഞ്ഞ പ്രസ്തുത പ്രണയാനുഭവം പങ്കുവെച്ചത്. വിവാഹിതയായ അവള്‍ക്ക് ഭര്‍ത്താവിനോട് അളവറ്റ സ്‌നേഹമാണ്. പതിനാലുകാരനായ ഒരു മകനുമുണ്ട് അവള്‍ക്ക്. എന്നിട്ടും സ്‌നേഹം നല്‍കിയ ഒരു പുരുഷനെ അവള്‍ പ്രണയിക്കുന്നു. അയാള്‍ക്കും ഭാര്യയും കുട്ടിയുമുണ്ട്. ഒരേ കമ്പനിയില്‍ ജോലിചെയ്യുന്നവരാണവര്‍. ഭക്ഷണ സമയത്തും, ഇടവേളകളിലും അവര്‍ കാണും. സംസാരിക്കും. അയാളുടെ സംസാര രീതിയും, ചിരിയും, സ്‌നേഹത്തോടെയുള്ള ഇടപെടലും അവളെ ആകര്‍ഷിച്ചു.

എന്നും അവള്‍ക്ക് അയാളെ കാണണം. ഇരുവരും പരസ്പരം അടുത്തു. എല്ലാകാര്യങ്ങളും
പരസ്പരം പറയും. പ്രയാസങ്ങളും, സന്തോഷങ്ങളും പങ്കുവെക്കും. പക്ഷേ ലൈംഗികമായ കാര്യങ്ങളില്‍ ഇരുവരും ഇതേവരെ ഇടപെട്ടിട്ടില്ല. അവള്‍ ഭര്‍ത്താവറിയാതെ അയാളെ സാമ്പത്തികമായി സഹായിക്കാറുണ്ട്. ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ അവള്‍ അയാള്‍ക്ക് നല്‍കിയിട്ടുണ്ട്. അയാളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായിരുന്നു ആ സഹായം.

ഭര്‍ത്താവിനെ അവള്‍ ജീവനുതുല്യം സ്‌നേഹിക്കുന്നു. അതേ പോലെ താന്‍ പ്രണയിക്കുന്ന പുരുഷനേയും അങ്ങേയറ്റം സ്‌നേഹിക്കുന്നു. സ്ത്രീ ഹൃദയം അങ്ങിനെയാണ്. ഒരു പുരുഷനോട് സ്‌നേഹം തോന്നിയാല്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് അയാള്‍ക്കുവേണ്ടിയും അവള്‍ ജീവിക്കും.  

ഭര്‍ത്താവുണ്ടായിട്ടും വേറൊരാളെ പ്രണയിക്കുന്നതില്‍ തെറ്റുകാണാം. പക്ഷേ ഈ സ്ത്രീ ലൈംഗികാസ്വദനത്തിനുവേണ്ടിയോ, ഒരു ജീവിതം തുടങ്ങുന്നതിനുവേണ്ടിയോ അല്ല അയാളെ പ്രണയിക്കുന്നത്. മനസ്സില്‍ തോന്നിയ പ്രണയാനുരാഗം അതേപോലെ തുടരുന്നു. വെറും സ്‌നേഹത്തിനുവേണ്ടി മാത്രം........... കപടതയില്ലാത്ത പ്രണയം. ശോഭന പറഞ്ഞു നിര്‍ത്തിയപ്പോള്‍ സദസ്സിലുള്ള പെണ്‍മുഖങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. കണ്ടോ പെണ്‍ പ്രണയത്തിന്റെ ആര്‍ദ്രതയെന്ന് അവരുടെ മുഖം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു..........

അജിത സാജിതയായ പ്രണയം

ബുര്‍ഖയണിഞ്ഞെത്തിയ സ്ത്രീയാണവള്‍. അവള്‍ പറഞ്ഞ ഓരോ വാക്കും ഹാളിലുള്ളവര്‍ അതീവ ശ്രദ്ധയോടെ ശ്രവിക്കുകയായിരുന്നു. പെണ്‍ മനസ്സിലെ പ്രണയത്തിന്റെ ഒരു രക്തസാക്ഷിയാണ് ഞാന്‍ എന്ന ആ മുഖത്തോടെയാണ് സാജിത പറയാനാരംഭിച്ചത്. പതിനെട്ടു വയസ്സുവരെ ഞാന്‍ അജിതയായി ജീവിച്ചു. അപ്പോഴാണ് ഓട്ടോ റിക്ഷ ഡ്രൈവറായ സലീമിനെ പരിചയപ്പെട്ടത്. ആശുപത്രിയില്‍ ചെല്ലാന്‍ ഒന്നു രണ്ടു തവണ സലീമിന്റെ റിക്ഷയില്‍ യാത്ര ചെയ്തു. ആ പരിചയം പ്രണയത്തിലെത്തി. നല്ലൊരു ചെറുപ്പക്കാരന്‍. നല്ല നിലയില്‍ “ദീനി”യായി നടക്കുന്നവന്‍. ഒന്നിച്ചു ജീവിക്കാന്‍ പറ്റുമോ എന്നവന്‍ ചോദിച്ചു. അതിന് മതം മാറണമെന്ന് ആവശ്യപ്പെട്ടു. ഞാനെന്തിനും തയ്യാറായിരുന്നു. ഞാനവനെ അത്രയ്ക്കും ഇഷ്ടപ്പെട്ടു. പെണ്‍മനസ്സ് അങ്ങിനെയാണ്.

ഇസ്ലാം മതം ആശ്ലേഷിക്കാന്‍ ഞാന്‍ മനസ്സുകൊണ്ട് തിരുമാനിച്ചു. അച്ഛനും, അമ്മയും, കുടുംബാംഗങ്ങളും പെണ്‍ മനസ്സിലെ പ്രണയത്തിന് തടസ്സമായില്ല. സ്വന്തം മനസ്സാലെ മതം മാറ്റത്തിനുള്ള പഠനം നടത്താന്‍ കോഴിക്കോട്ടെത്തി. ഒരു വര്‍ഷം അവിടെ താമസിച്ചു. ഇസ്ലാം മതാനുഷ്ഠാനങ്ങളും ജീവിത ക്രമങ്ങളും പഠിച്ചു. ഞാന്‍ ഇന്നത്തെ സാജിതയായി. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. എന്നെ തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി. പാവം സലീമിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞാന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. എന്നെ തട്ടികൊണ്ടുപോയതല്ല സ്വമനസ്സാലെ ഇറങ്ങിയതാണെന്നും സലീമിനൊപ്പം ജീവിക്കാനുള്ള ആഗ്രഹമാണ് ഇതിനൊക്കെ ഇടയാക്കിയതെന്നും മൊഴികൊടുത്തു. ഞങ്ങളെ രണ്ടുപേരെയും സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി വിധിച്ചു.

ഒന്നും രണ്ടു മാസം കൂടി പിന്നിട്ടു. വിവാഹിതരായി ഒപ്പം ജീവിക്കാനുള്ള ത്രില്ലിലായിരുന്നു ഞാന്‍. എന്റെ മനസ്സും, ചിന്തയും, സ്‌നേഹവും എല്ലാം അവനുവേണ്ടി സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. അവന്‍ ഭയപ്പെട്ടു. വീണ്ടും പ്രശ്‌നങ്ങളുണ്ടാവുമോ എന്നവന്‍ ചിന്തിച്ചു. മതപരമായ സംഘര്‍ഷങ്ങളുണ്ടാവുമോ എന്നവന്‍ പേടിച്ചു. അവനുവേണ്ടി എല്ലാം സമര്‍പ്പിച്ച എന്നെ നിഷ്‌കരുണം തള്ളിപ്പറയാന്‍ അവന്‍ തയ്യാറായി. എന്നെ വിവാഹം കഴിക്കുന്നതില്‍ നിന്നവന്‍ പിന്‍മാറി. ആണത്തമില്ലാത്തവന്റെ കൂടെ പൊറുക്കാന്‍ പറ്റില്ലെന്ന് ഞാനും കരുതി. ആ വിവാഹബന്ധം വേണ്ടെന്നുവെച്ചു. പെണ്‍മനസ്സിലെ അഗാധമായ പ്രണയത്തിന് സംഭവിച്ച ദു:ഖഭാരത്താല്‍ ഇന്നും ഞാന്‍ ജീവിക്കുന്നു. ഒരു തിരിച്ചു പോക്കില്ല. ഞാന്‍ സാജിതയായിത്തന്നെ ജീവിക്കും... ശ്വാസമടക്കി പിടിച്ചാണ് അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് പുറത്തേക്കുവന്ന വാക്കുകള്‍ സദസ്സിലുളവര്‍ ശ്രദ്ധിച്ചത്..

ഒരു ജപ്പാന്‍ പ്രണയകഥ

സുഗതകുമാരി ടീച്ചര്‍ എഴുതിയ ഒരു ജപ്പാന്‍ പ്രണയകഥ എന്ന കവിതയെ സൂചിപ്പിച്ചു കൊണ്ടാണ് ലിഷ ടീച്ചര്‍ പെണ്‍മനസ്സിലെ പ്രണയത്തെ പ്രകീര്‍ത്തിച്ചത്. സുഗതകുമാരി ജപ്പാനില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ അതേ പ്രായക്കാരിയായ ഒരു ജപ്പാന്‍കാരി സ്ത്രീയെ പരിചയപ്പെടുന്നു. അവള്‍ ലോക പ്രശസ്തയായ നര്‍ത്തകിയാണ്. ഒരു പ്രണയത്തിലകപ്പെട്ടതോടെ നിഷ്‌ക്രിയമായിപ്പോയി അവരുടെ കഴിവുകളെല്ലാം. അവരുടെ പ്രണയകഥ സുഗതകുമാരിയുമായി പങ്കുവെച്ചു. ആരോടും അവരിക്കഥ ഇന്നോളം പറഞ്ഞിട്ടില്ല.

നൂറുകണക്കിനാരാധകര്‍ അവര്‍ക്കുണ്ടായിരുന്നു. സൗന്ദര്യറാണിപട്ടം നേടിയിട്ടുണ്ട്. ഒരു പാടു മാന്യവ്യക്തികള്‍ അവരുടെ പ്രേമത്തിനായി കൊതിച്ചിട്ടുണ്ട് പക്ഷേ അവരൊന്നിലും വഴങ്ങിയില്ല. പക്ഷേ ഒരു നൃത്തവേദിയില്‍ വെച്ച് സദസ്സിലിരിക്കുന്ന മധ്യവയസ്സ്‌കനായ ഒരു മാന്യനെ കാണുന്നു. എല്ലാവരാലും ബഹുമാനിക്കപ്പെട്ടവന്‍. മഹാപ്രഭു, ന്യായാധിപന്‍. അദ്ദേഹം യവനികയ്ക്കു പിന്നിലേക്കുവരുന്നു. “എന്റെ ജീവിതത്തിലേക്കുവരാന്‍ പറ്റുമോ” എന്നന്വേഷിക്കുന്നു. ആ വാക്കുകളില്‍ ഞാന്‍ വീണുപോയി. വിവാഹിതനാണെന്നറിഞ്ഞിട്ടും പ്രായമുള്ള മക്കളുടെ അച്ഛനാണെന്നറിഞ്ഞിട്ടും ഞാന്‍ അദ്ദേഹത്തെ പ്രണയിച്ചുപോയി.

ആ പ്രണയം അധികനാള്‍ നീണ്ടുനിന്നില്ല. ഹൃദയാഘാതം മൂലം അയാള്‍ മരണപ്പെട്ടു. മൃതദേഹം കാണാന്‍ ചെന്നപ്പോഴുണ്ടായ വികാര തീവ്രത അവര്‍ക്കുപറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. ആരോരും അവരുടെ പ്രണയമറിഞ്ഞില്ല. അവരുടെ പ്രണയ സാഫല്യം നടന്നതുമില്ല. എങ്കിലും ഗാഢമായിരുന്നു അവരുടെ പ്രണയം. പ്രായവും ഉന്നതിയും നോക്കിയല്ല അവര്‍ അദ്ദേഹത്തെ പ്രണയിച്ചത്. പെണ്‍മനസ്സിലെ പ്രണയം അങ്ങിനെയാണ്.

പെണ്‍ മനസ്സിലെ പ്രണയ തീവ്രതയും, ക്ഷമിക്കാനും, ത്യജിക്കാനും ഏതു പരീക്ഷണ ഘട്ടത്തെയും നേരിടാനുമുള്ള ചങ്കൂറ്റത്തെയും സദസ്സൊന്നടങ്കം മനസ്സാപ്രകീര്‍ത്തിക്കുകയായിരുന്നു. പണത്തിനും പ്രതാപത്തിനും പിറകേ പോകുന്ന പ്രണയമനസ്സല്ല സ്ത്രീകള്‍ക്കെന്ന് അവര്‍ സമര്‍ത്ഥിക്കുകയായിരുന്നു..

Article, Kookanam-Rahman.