Follow KVARTHA on Google news Follow Us!
ad

അനാഥത്വത്തിന്റെ ഇരുളകുന്നു; നാല് സഹോദരങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ കരുതല്‍

അനാഥത്വത്തിന്റെ വേദനകളില്‍ നിന്നും മോചനമേകി നാല് കുരുന്നുകള്‍ക്ക് മുഖ്യമന്ത്രിയുടെ കനിവിന്റെ കരുതല്‍. മാങ്കുളത്ത് തീപ്പൊള്ളലേറ്റ് മരിച്ച ടോമിയുടെയും മിനിയുടെയും നാല് മക്കളുടെ ജീവിതത്തിലെ Kerala, Idukki, Thodupuzha, Oommen Chandy, Mass Contact Programme
തൊടുപുഴ: (www.kvartha.com 30/05/2015) അനാഥത്വത്തിന്റെ വേദനകളില്‍ നിന്നും മോചനമേകി നാല് കുരുന്നുകള്‍ക്ക് മുഖ്യമന്ത്രിയുടെ കനിവിന്റെ കരുതല്‍. മാങ്കുളത്ത് തീപ്പൊള്ളലേറ്റ് മരിച്ച ടോമിയുടെയും മിനിയുടെയും നാല് മക്കളുടെ ജീവിതത്തിലെ ഇരുളാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അകറ്റിയത്. പഠനം, വീട്, ഭാവി ജീവിതത്തിന് നടപടികള്‍ എന്നിവയാണ് ഇവര്‍ക്കുവേണ്ടി സ്വീകരിച്ചത്.

ആറാം ക്ലാസില്‍ പഠിക്കുന്ന ഹാരി (10 ) ഇരട്ടസഹോദരികളായ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അനഘ, അഖില (9), രണ്ടാം ക്ലാസില്‍ പഠിക്കുന്ന അമയ (6) എന്നിവരാണ്  മുഖ്യമന്ത്രിയെ കാണാനെത്തിയത്. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുവാന്‍ ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ അമ്പതിനായിരം രൂപ വീതം നാല്‍വര്‍ സംഘത്തിലെ ഓരോരുത്തരുടെയും പേരില്‍ സ്ഥിര നിക്ഷേപം നടത്തുവാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു പിതാവിന്റെ പേരിലുണ്ടായിരുന്ന 1.67 ലക്ഷം രൂപയുടെ തടിവെട്ട് കേസ് പിന്‍വലിക്കുവാനും നിര്‍ദ്ദേശിച്ചു. വിദ്യാഭ്യാസ സുരക്ഷ ഉറപ്പാക്കുന്നതിന് സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ കുട്ടികളെ ഉള്‍പ്പെടുത്തി.

സ്‌നേഹപൂര്‍വ്വം പദ്ധതിയില്‍ രണ്ടുകുട്ടികളെ ഉള്‍പ്പെടുത്താനേ നിയമം അനുവദിക്കുന്നുള്ളുവെങ്കിലും ഈ കുട്ടികള്‍ക്കായി മുഖ്യമന്ത്രി പ്രത്യേക ഉത്തരവ് നല്‍കുകയായിരുന്നു. പടുതാ കെട്ടിമറച്ച കൂരയ്ക്ക് പകരം പുതിയ വീട് നിര്‍മ്മിച്ച് നല്‍കുവാന്‍ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുത്തശ്ശി ലൂസി ചാക്കോയുടെയും പിതൃസഹോദരങ്ങളുടെയും നിശ്ചയദാര്‍ഢ്യം ആലംബഹീനരായ കുരുന്നുകള്‍ക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്താന്‍ തുണയായി. മാധ്യമ വാര്‍ത്ത ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുഖ്യമന്ത്രിയുടെയും ജില്ലാ കലക്ടര്‍ വി. രതീശന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയിയെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തിലായി. ഉടുമ്പന്‍ചോല ഡെപ്യൂട്ടി തഹസീല്‍ദാര്‍ ജോസ് കെ. ജോസ് രണ്ട് മണിക്കൂറിനുള്ളില്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കി. മാങ്കുളം ചര്‍ച്ച് വികാരി രക്ഷാധികാരിയും പഞ്ചായത്ത് പ്രസിഡന്റ് കണ്‍വീനറുമായ സംഘം ഇളയമകള്‍ അമയ ടോമിയുടെ പേരില്‍ ജോയിന്റ് അക്കൗണ്ട് ഫെഡറല്‍ ബാങ്കില്‍ തുറന്നു. അക്കൗണ്ട് നമ്പര്‍ 22180100007586. ഐ.എഫ്.എസ്.സി കോഡ് എഫ്.ഡി.ആര്‍.എല്‍ 0002218 ല്‍ ഇതിനോടകം ഒരു ലക്ഷം രൂപ സുമനസ്സുകളുടെ സഹായത്തോടെ എത്തിക്കഴിഞ്ഞു. ഏപ്രില്‍ അവസാന വാരത്തിലാണ് കുടുംബകലഹത്തെ തുടര്‍ന്ന് തീകൊളുത്തിയ മിനിയും രക്ഷിക്കാന്‍ ശ്രമിച്ച ടോമിയും പൊളളലേറ്റ് മരിച്ചത്.


Keywords: Kerala, Idukki, Thodupuzha, Oommen Chandy, Mass Contact Programme.