Follow KVARTHA on Google news Follow Us!
ad

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയിലെത്തിക്കാന്‍ തമിഴ്‌നാടിന്റെ കര്‍മ പദ്ധതി

142 അടി എന്ന ലക്ഷ്യം നേടിയ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലെത്തിക്കാന്‍ Idukki, Tamil, Kerala, Mullaperiyar Dam, Mullaperiyar
ഇടുക്കി: (www.kvartha.com 30.11.2014) 142 അടി എന്ന ലക്ഷ്യം നേടിയ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി അണക്കെട്ടിലെ ചോര്‍ച്ച അടയ്ക്കാനും ബേബി ഡാം ബലപ്പെടുത്താനും സമഗ്ര പദ്ധതി തയ്യാറായി.

അഞ്ചുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന രീതിയിലാണ് പദ്ധതികള്‍. അതേ സമയം സുപ്രീം കോടതിയിലെ പുനപരിശോധനാ ഹരജിയിലും കേന്ദ്രത്തിലേക്ക് സര്‍വകക്ഷി നിവേദക സംഘത്തെ അയക്കലുമായി ദുര്‍ബല പ്രതിരോധത്തിലാണ് കേരളം.

24ന് കുമളിയില്‍ ചേര്‍ന്ന മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയുടെ യോഗത്തില്‍ അണക്കെട്ടിലെ ചോര്‍ച്ച അടയ്ക്കാനും ബേബി ഡാം ബലപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് തമിഴ്‌നാട് അറിയിച്ചിരുന്നു. അഞ്ചു വര്‍ഷത്തിനകം ജലനിരപ്പ് 152 ആക്കുകയെന്ന ലക്ഷ്യത്തോടെയുള്ള തന്ത്രങ്ങളാണ് തമിഴ്‌നാട് പ്രയോഗിക്കുന്നത്. ഇതിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. അതേസമയം, ജലനിരപ്പ് 142 അടിയിലെത്തിയപ്പോള്‍ തന്നെ തേക്കടി ജലാശയത്തിനു ചുറ്റുമുള്ള വനംജൈവ സമ്പത്തുകള്‍ നശിച്ചത് ദേശീയ ഹരിത ട്രിബൂണലിനു മുന്നില്‍ വ്യക്തമാക്കിക്കൊടുക്കാന്‍ കേരളത്തിനായിട്ടില്ല. ജലനിരപ്പ് 152 അടിയിലെത്തുന്നതോടെ എത്രമാത്രം വനം ജൈവസമ്പത്ത് നശിക്കുമെന്നും കണക്കെടുക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണലിനെ സമീപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ ഹരജി നല്‍കിയിട്ടില്ല.

ബേബി ഡാം ബലപ്പെടുത്താനും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ചോര്‍ച്ചയടച്ച് ഗ്രൗട്ടിങ് നടത്താനും തമിഴ്‌നാടിന് സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ അനുമതിയുള്ളതാണ്. ബേബി ഡാം ബലപ്പെടുത്തി പ്രധാന അണക്കെട്ടിന്റെ ചോര്‍ച്ച അടച്ചശേഷം സ്വതന്ത്ര ഏജന്‍സിയെകൊണ്ട് പഠനം നടത്തി ഡാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രം ജലനിരപ്പ് 152 അടിയാക്കാമെന്നാണ് സുപ്രിംകോടതി വിധി. ജലനിരപ്പ് 142 അടിയാക്കാമെന്ന കോടതി ഉത്തരവ് നടപ്പാക്കിയതോടെയാണ് തമിഴ്‌നാട് അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. 142 അടി ജലനിരപ്പായപ്പോള്‍ അണക്കെട്ടിലെ ചോര്‍ച്ച വര്‍ധിച്ചിട്ടുണ്ട്. ബേബി ഡാമില്‍ നിന്നുള്ള സ്വീപ്പേജ് ജലത്തിന്റെ അളവും കൂടി.

സുപ്രീംകോടതി മേല്‍നോട്ട സമിതിയെ കേരളം ഇത് ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. അതിനാല്‍ കേന്ദ്ര ജലകമ്മീഷന്റെ മാനദണ്ഡങ്ങള്‍ പാലിച്ച് ബേബിഡാം ബലപ്പെടുത്താനാണ് തമിഴ്‌നാടിന്റെ തീരുമാനം. ഇതിനുള്ള പ്രൊജക്ട് ഉടന്‍ തയ്യാറാക്കി ജല കമ്മീഷന് സമര്‍പ്പിക്കും. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം ഹരിത ട്രിബ്യൂണലിനെ സമീപിക്കുന്നത് മുന്നില്‍കണ്ട് തമിഴ്‌നാട് തടസ്സഹരജി ഫയല്‍ ചെയ്തു കഴിഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Idukki, Tamil, Kerala, Mullaperiyar Dam, Mullaperiyar. 

Post a Comment