Follow KVARTHA on Google news Follow Us!
ad

സുധീരന്റെ ജനരക്ഷായാത്ര പൊളിക്കാന്‍ ബാറുടമകള്‍ ശ്രമിക്കുമെന്ന് പോലീസ് റിപോര്‍ട്ട്

കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ ജനരക്ഷാ യാത്ര പൊളിക്കാന്‍ Kerala, Congress, KPCC, President, Court, VM Sudheeran, Bar lobby will try to attack VM Sudheeran
തിരുവനന്തപുരം: (www.kvartha.com 31.10.2014) കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ ജനരക്ഷാ യാത്ര പൊളിക്കാന്‍ ഒരുവിഭാഗം ബാറുടമകളുടെ നീക്കമുണ്ടാകുമെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപോര്‍ട്ട്. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നതിനെതിരേ സുധീരന്‍ സ്വീകരിച്ച ശക്തമായ നിലപാടാണ് ഫോര്‍ സ്റ്റാറില്‍ താഴെയുള്ള ബാറുകള്‍ പൂട്ടിക്കുന്നതിലേക്ക് എത്തിച്ചത്. ഇതിലെ വൈരാഗ്യം തീര്‍ക്കാന്‍ അപ്രതീക്ഷിത നീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ജനരക്ഷായാത്രക്കു നേരേ ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് റിപോര്‍ട്ട് എന്ന് അറിയുന്നു.

പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെ എല്ലാം പൂട്ടിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അതിനെതിരേ ബാറുടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഫോര്‍ സ്റ്റാര്‍ ബാറുകളും തുറക്കാന്‍ അനുവദിക്കുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് 62 ബാറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനാകും. ബാക്കി ഭൂരിഭാഗം ബാറുകളും ഇനി തുറക്കാനാകില്ല. ഹൈക്കോടതിയും ഇക്കാര്യത്തില്‍ ശക്തമായ നിലപാടെടുത്തതോടെ മദ്യലോബിക്ക് സുധീരനോടുള്ള പക വര്‍ധിച്ചിരിക്കുകയാണ്.

എന്നാല്‍ അതിനു മുമ്പേതന്നെ സുധീരന്റെ ജനരക്ഷാ യാത്ര പൊളിക്കാനുള്ള ഗൂഢാലോചന നടന്നതായാണത്രേ സ്‌പെഷല്‍ ബ്രാഞ്ച് റിപോര്‍ട്ട്. മദ്യനയം ശക്തമാക്കുകയും ബാറുകള്‍ക്കെതിരേ കര്‍ശന നിലപാടെടുക്കുകയും ചെയ്യാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിച്ചത് സുധീരന്റെ നിലപാടായതിനാല്‍ അദ്ദേഹത്തിനെതിരേ ചില നീക്കങ്ങള്‍ ഉണ്ടായേക്കാമെന്ന് ഇതിനു മുമ്പേതന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നതായും അറിയുന്നു.

പോലീസ് സുരക്ഷ സുധീരന്‍ അനുവദിക്കാത്തതിനാല്‍ അതിനുശേഷം അദ്ദേഹത്തിന്റെ പൊതുപരിപാടികളിലെല്ലാം കൂടുതല്‍ പോലീസ് സാന്നിധ്യമുണ്ട്. അദ്ദേഹത്തിന്റെ യാത്രാ വിവരങ്ങള്‍ പോലീസ് മുന്‍കൂട്ടി ശേഖരിക്കുകയും പോലീസ് അകമ്പടിയോടെയാണ് യാത്ര എന്ന് തോന്നിക്കാത്ത വിധം അനുഗമിക്കുകയും ചെയ്യുന്നുണ്ട്. അതിനിടയിലാണ് ഇപ്പോഴത്തെ ഗൗരവമുള്ള സ്‌പെഷല്‍ ബ്രാഞ്ച് റിപോര്‍ട്ട്. ഇതോടെ സുധീരന്‍ നവംബര്‍ നാലിന് ആരംഭിക്കുന്ന ജനരക്ഷായാത്രയ്ക്ക് കൂടുതല്‍ സംരക്ഷണം നല്‍കിയേക്കും. കാസര്‍കോട്ട് ആരംഭിച്ച് ഡിസംബര്‍ രണ്ടിനു തിരുവനന്തപുരത്ത് സമാപിക്കുന്ന വിധമാണ് ജനരക്ഷാ യാത്ര.

കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ സുധീരനുമായി ശീത സമരത്തിലാണെങ്കിലും കെപിസിസി പ്രസിഡന്റിന്റെ കേരളയാത്രയെ അത് ബാധിക്കാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഹൈക്കമാന്‍ഡ് നിയോഗിച്ച പ്രസിഡന്റിനെ ജനമധ്യത്തില്‍ നാണംകെടുത്താതിരിക്കുക എന്ന ലക്ഷ്യംകൂടിയുണ്ട് ഈ സഹകരണത്തിനു പിന്നില്‍. മാത്രമല്ല, കെപിസിസി പ്രസിഡന്റിനു നേരേ ഏതെങ്കിലും വിധത്തിലുള്ള നീക്കങ്ങള്‍, വാക്കുകൊണ്ടോ, പ്രകടനമോ രോഷപ്രകടനമോ ഉള്‍പെടെയുള്ള പ്രവൃത്തികള്‍ കൊണ്ടോ ഉണ്ടാകാതിരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത കാട്ടണമെന്ന പ്രത്യേക നിര്‍ദേശം ഗ്രൂപ്പ് നേതാക്കളും അണികള്‍ക്ക് നല്‍കിയതായി അറിയുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Kerala, Congress, KPCC, President, Court, VM Sudheeran, Bar lobby will try to attack VM Sudheeran

Keywords: Kerala, Congress, KPCC, President, Court, VM Sudheeran, Bar lobby will try to attack VM Sudheeran?. 

Post a Comment