Follow KVARTHA on Google news Follow Us!
ad

സ്റ്റാര്‍ട്ടപ് വില്ലേജ് മാതൃക ആന്ധ്രപ്രദേശിലും, തുടങ്ങാന്‍ പങ്കാളിത്തവുമായി കേരളം

കേരളത്തില്‍ സംരംഭകത്വ രംഗത്ത് വിപ്ലവത്തിനു തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംസ്ഥാന Kochi, Kerala, Business, Startup Village gets huge boost with replication in Andhra Pradesh
കൊച്ചി: (www.kvartha.com 30.09.2014) കേരളത്തില്‍ സംരംഭകത്വ രംഗത്ത് വിപ്ലവത്തിനു തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് വില്ലേജ് സംസ്ഥാന അതിര്‍ത്തിക്കപ്പുറത്തും ചുവടുറപ്പിക്കുന്നു. കേരളത്തെ മാതൃകയാക്കി സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനൊരുങ്ങുന്ന ആന്ധ്രപ്രദേശ് ഇതിനായി സഹായം തേടുന്നതും സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ നിന്നാണ്. രാജ്യത്താകമാനം സംരംഭകത്വവും നൂതനത്വത്തോടുള്ള താല്‍പര്യവും പ്രോല്‍സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ സഞ്ചാരത്തിന് ഇതിലൂടെ തുടക്കമായി.

അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ആന്ധ്രയില്‍ ആയിരം സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനായി സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാറും ആന്ധ്രപ്രദേശ് വിവരസാങ്കേതിക ആശയവിനിമയ വകുപ്പ് സെക്രട്ടറി  സഞ്ജയ് ജാജുവും തിങ്കളാഴ്ച വിശാഖപട്ടണത്ത് ധാരണാപത്രം ഒപ്പുവച്ചു. ലോകനിലവാരമുള്ള ഇന്‍കുബേഷന്‍ സൗകര്യവും സജീവമായ സംരംഭകത്വ അന്തരീക്ഷവും സൃഷ്ടിക്കുന്നതിലൂടെ സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറുകയാണ്. സ്‌കൂള്‍ കുട്ടികള്‍ക്കായി റാസ്പ്‌ബെറി പൈ പരിപാടിയും എന്‍ജിനീയറിംഗ് കോളജുകള്‍ക്കായി സ്റ്റാര്‍ട്ടപ്പ് ബൂട്ട് ക്യാംപുകളും സംഘടിപ്പിച്ചുകൊണ്ടാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ആന്ധ്രപ്രദേശില്‍ ലക്ഷ്യം നേടാനുള്ള ശ്രമങ്ങള്‍ക്ക് അടിസ്ഥാനമിടുന്നത്.

ടെക്‌നോളജി റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ പാര്‍ക്ക് (ട്രിപ്) എന്ന പേരില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള സ്റ്റാര്‍ട്ടപ്പ് പദ്ധതിക്ക് തിടക്കമിട്ട ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചു. സ്റ്റാര്‍ട്ടപ്പ് പരിസ്ഥിതി സൃഷ്ടിക്കുന്നതിലൂടെയുള്ള രാജ്യനിര്‍മാണപ്രവര്‍ത്തനമാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജെന്നും ഇന്റര്‍നെറ്റ് വിപ്ലവത്തിന്റെ കാലത്ത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ യുവാക്കളുടെ മനോഭാവം തൊഴിലന്വേഷണത്തില്‍ നിന്ന് തൊഴില്‍ ദാതാക്കളാകുന്നതിലേക്കു മാറിയത് വിശ്വസിക്കാനാകാത്ത വേഗത്തിലാണ്. പുതിയ ആന്ധ്ര സംസ്ഥാനത്ത് ഒരു സംരംഭകത്വ സംസ്‌കാരം സൃഷ്ടിക്കാന്‍ ഉതകും വിധത്തില്‍ സ്റ്റാര്‍ട്ടപ്പ് വില്ലേജ് മാതൃക പൂര്‍ണമായും ആവര്‍ത്തിക്കുമെന്നു കരുതുന്നതായി അദ്ദേഹം പറഞ്ഞു.

അഥവാ പരാജയപ്പെട്ടാല്‍ത്തന്നെ വിജയിക്കുന്നതുവരെ പരിശ്രമം തുടരണം. സമൂഹത്തിന് പുതിയ തൊഴിലവസരങ്ങളും അറിവും സമ്പത്തുമുണ്ടാക്കാനുള്ള യുവാക്കളുടെ ശ്രമത്തിന് സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സണ്‍റൈസ് സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിലൂടെ 15 മികച്ച വിദ്യാര്‍ഥികളെ സിലിക്കണ്‍ വാലിയിലേക്കു തെരഞ്ഞെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിശാഖപട്ടണത്തെ മഥുരവാഡയില്‍ 17,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്ഥലത്ത് ലോകനിലവാരത്തിലാണ് ട്രിപ്പ് സജ്ജീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഒരു സിലിക്കണ്‍ തീരം സൃഷ്ടിക്കാനുള്ള പരിശ്രമത്തിലേര്‍പ്പെട്ടിട്ടുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജിന് ഇത് വലിയൊരു അംഗീകാരമാണെന്ന് ഇന്ത്യയിലെ ആദ്യത്തെ ക്യാംപസ് സ്റ്റാര്‍ട്ടപ്പായ മോബ്മിയുടെ സിഇഒ കൂടിയായ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. യുവ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് വളരാനും ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനും ആവശ്യമായതരത്തില്‍ നയവും അടിസ്ഥാനസൗകര്യവും എയ്ഞ്ചല്‍ ഫണ്ടിംഗും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനാന്തരീക്ഷം ഉറപ്പാക്കുന്ന പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജെന്ന് സഞ്ജയ് വിജയകുമാര്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ യുവാക്കള്‍ക്കിടയിലെ സംരംഭകത്വ കാലാവസ്ഥയില്‍ കാതലായ മാറ്റം വരുത്താന്‍ ഈ ഇന്‍കുബേറ്റര്‍ മാതൃകയ്ക്കു സാധിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകളും കോളജുകളും ഉള്‍പ്പെടെ വ്യവസായ, സ്വകാര്യ പങ്കാളികളുമായിച്ചേര്‍ന്ന് ആന്ധ്രപ്രദേശിലും ലോകനിലവാരത്തിലുള്ള സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം സൃഷ്ടിച്ചെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോളജ് ക്യാംപസുകളില്‍ നിന്ന് നേരിട്ട് സംരംഭകരെ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രചോദനമാണ് ആന്ധ്രപ്രദേശിന്റെ ഇപ്പോഴത്തെ നീക്കത്തിലൂടെ ലഭിക്കുന്നതെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് സിഇഒ പ്രണവ് കുമാര്‍ സുരേഷ് പറഞ്ഞു. ആന്ധ്രയിലെ വിജയികളായ പല വ്യവസായികളും പേട്രണ്‍മാരോ മെന്റര്‍മാരോ ആയി അനുഭവപരിചയം പങ്കുവയ്ക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ നൂതനത്വ, സംരംഭകത്വ സംസ്‌കാരത്തിന് ഇത് ആക്കം കൂട്ടും. പുതിയൊരു ഭാവി കെട്ടിപ്പടുക്കാന്‍ സ്വപ്‌നം കാണുന്ന യുവ  വിദ്യാര്‍ഥികള്‍ ധാരാളമുള്ള ഇന്ത്യയില്‍ ഇത്തരത്തിലുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമാണെന്നും  പ്രണവ് കുമാര്‍ സുരേഷ് പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചീഫ് മെന്ററും ഇന്‍ഫോസിസ് സഹ സ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. യുവാക്കളായിരിക്കവെ ഇന്‍ഫോസിസ് തുടങ്ങിയത് വാടകയ്‌ക്കെടുത്ത ഫല്‍റ്റിലായിരുന്നെന്ന് അദ്ദേഹം ഓര്‍മിച്ചു. പുതിയ അവസരങ്ങള്‍ മുതലാക്കാന്‍ യുവാക്കള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്ന് ബില്യണ്‍ ഡോളര്‍ ക്യാംപസ് കണ്ടെത്തുകയാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ  ലക്ഷ്യം. 5000 അപേക്ഷകര്‍ നിലവിലുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇപ്പോള്‍ 700 കമ്പനികളാണുള്ളത്. അവയില്‍ 256 എണ്ണം വിദ്യാര്‍ഥികളുടേതാണ്. ഈ അനുഭവത്തിനു പകരം വയ്ക്കാന്‍ ഇന്ത്യയില്‍ മറ്റൊരു സംരംഭകത്വ സംസ്‌കാരം ഇല്ലെന്നും കൊച്ചിക്കു ശേഷം സ്റ്റാര്‍ട്ടപ്പ് വില്ലേജുള്ള രണ്ടാമത്തെ സ്ഥലമായി വിശാഖപട്ടണം മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Kochi, Kerala, Business, Startup Village gets huge boost with replication in Andhra Pradesh.

Post a Comment