Follow KVARTHA on Google news Follow Us!
ad

കയര്‍ കേരള 2014ന് ശനിയാഴ്ച തുടക്കമാകും

കയര്‍ പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയുടെ നാലാമത് പതിപ്പിന് ശനിയാഴ്ച ഇഎംഎസ് Coir Kerala 2014, Alappuzha, Malayalam News, National News, Kerala News
ആലപ്പുഴ: കയര്‍ പ്രകൃതിദത്ത നാരുല്‍പന്നങ്ങളുടെ രാജ്യാന്തര പ്രദര്‍ശന വിപണന മേളയായ കയര്‍ കേരളയുടെ നാലാമത് പതിപ്പിന് ശനിയാഴ്ച ഇഎംഎസ് സ്‌റ്റേഡിയത്തില്‍ തുടക്കമാകും. വൈകിട്ട് 4.30ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയ, അന്തര്‍ദേശീയ പവലിയനുകള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കയര്‍, റവന്യു വകുപ്പു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും.
കേന്ദ്ര വ്യോമയാന വകുപ്പ് സഹമന്ത്രി കെ.സി. വേണുഗോപാല്‍, എംഎല്‍എമാരായ ജി. സുധാകരന്‍, ഡോ. തോമസ് ഐസക്ക്, പി.സി. വിഷ്ണുനാഥ്, പി. തിലോത്തമന്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭ ഹരി, ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ, കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ജി. ബാലചന്ദ്രന്‍, മുന്‍ എംഎല്‍എമാരായ എ.എ. ഷുക്കൂര്‍, ഡി. സുഗതന്‍, മുന്‍ എംപി ടി.ജെ. ആഞ്ചലോസ്, കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ. മദനന്‍, കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എ.കെ. രാജന്‍, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ്, ഫോം മാറ്റിംഗ്‌സ് ഇന്‍ഡ്യ ലിമിറ്റഡ് ചെയര്‍മാന്‍ സി. വേണുഗോപാലന്‍ നായര്‍, കയര്‍ഫെഡ് ചീഫ് അഡിമിനസ്‌ട്രേറ്റര്‍ കെ.എം. രാജു, എന്‍സിആര്‍എംഐ അനില്‍ കെ.ആര്‍. എന്നിവര്‍ ആശംസകളര്‍പ്പിക്കും.
കയര്‍ വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും കയര്‍ കേരള വര്‍ക്കിംഗ് ചെയര്‍മാനും കയര്‍ അപെക്‌സ് ബോഡി വൈസ് ചെയര്‍മാനുമായി എം.കെ. അബ്ദുല്‍ ഗഫൂര്‍ ഹാജി നന്ദിയും പറയും. രാത്രി ഏഴു മണിക്കാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദേശീയ, അന്തര്‍ദേശീയ പവലിയനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. തുടര്‍ന്ന് ചലച്ചിത്രതാരം ഷംന കാസിമും സിതാരയും നേതൃത്വം നല്‍കുന്ന മെഗാ ഷോ. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി ആലപ്പുഴയുടെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഘോഷയാത്ര മൂന്നു മണിക്ക് എസ്ഡിവി മൈതാനത്തു നിന്ന് ആരംഭിക്കും. 

ഫെബ്രുവരി രണ്ട് ഞായറാഴ്ച രാജ്യാന്തര സെമിനാറുകള്‍ക്ക് തുടക്കമാകും. സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ സഹമന്ത്രി മുനിയപ്പ കെ.എച്ച്. ആണ് ഉദ്ഘാടകന്‍. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. കേന്ദ്ര കരകൗശല വികസന കമ്മീഷണര്‍ എസ്എസ് ഗുപ്ത മുഖ്യപ്രഭാഷണം നടത്തും. രാജ്യാന്തര കയര്‍ മേഖലയിലെ നൂതനത്വത്തിനുള്ള തന്ത്രങ്ങള്‍, പിവിസി കയര്‍ മാറ്റുകളുടെ ഭാവി, ചകിരിനാരുകള്‍ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കള്‍ തുടങ്ങിയിവയെപ്പറ്റി രാജ്യാന്തര സെമിനാറുകള്‍ ചര്‍ച്ച ചെയ്യും. 

ഫെബ്രുവരി മൂന്ന് തിങ്കളാഴ്ച രാവിലെ 10ന് ഹോട്ടല്‍ റമദയില്‍ ബയര്‍ സെല്ലര്‍ മീറ്റ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കയര്‍ മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും, എം.എല്‍.എമാരായ  തോമസ് ഐസക്കും ജി. സുധാകരനും ആശംസകള്‍ അര്‍പ്പിക്കും. 9.30ന് ദേശീയ സെമിനാറുകളുടെ ഉദ്ഘാടനം കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ് നിര്‍വ്വഹിക്കും. കയര്‍ ഉല്‍പന്നങ്ങളുടെ രൂപകല്‍പന, കയര്‍ സഹകരണ മേഖലയുടെ സാധ്യതകള്‍, സംരംഭകര്‍ക്കുള്ള നൈപുണ്യവര്‍ധനവ്, കേരളത്തിലെ ചകിരിനാരിന്റെ ഉത്പാദനം നേരിടുന്ന വെല്ലുവിളികളും സാധ്യതകളും തുടങ്ങിയവയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്. 

ഫെബ്രുവരി അഞ്ചിന് രാവിലെ 10.30ന് കയര്‍ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ മന്ത്രി അടൂര്‍ പ്രകാശ് അവരുമായി നടത്തുന്ന നേരിട്ടുള്ള ആശയവിനിമയം. വൈകിട്ട് നാലിന് സമാപനസമ്മേളനം കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. റവന്യു കയര്‍ വകുപ്പു മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിക്കും. 

എല്ലാദിവസങ്ങളിലും വിവിധ കലാസാംസ്‌കാരിക പരിപാടികളും കയര്‍ കേരളയോടനുബന്ധിച്ച് നടക്കുന്നുണ്ട്. രാജ്യാന്തര പവലിയിന്‍ അന്തര്‍ദേശീയ പവലിയന്‍ എന്നിങ്ങനെ രണ്ടു പവലിയനുകളാണ് മേളയിലുണ്ടാകുക. രാജ്യാന്തര പവലിയനില്‍ 90 സ്റ്റാളുകളും ദേശീയ പവലിയനില്‍ 130 സ്റ്റാളുകളും ഉണ്ടാകും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 18 പുതിയ സ്റ്റാളുകള്‍ കേരളത്തിനു വെളിയില്‍ നിന്ന് എത്തിയിട്ടുണ്ട്. 46 രാജ്യങ്ങളില്‍ നിന്നായി 160 പ്രതിനിധികളും നൂറിലേറെ ബയര്‍മാരും കയര്‍ കേരളയില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 രാജ്യങ്ങളുടെ കൂടുതല്‍ പങ്കാളിത്തമാണ് ഇത്തവണ ഉള്ളത്.

ശനിയാഴ്ച വൈകിട്ടു മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം കാണാം. ദേശീയ പവലിയനിലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് കയര്‍ കേരള സംഘടിപ്പിക്കുന്നത്. വാസ്തുശില്‍പ, അകത്തള രൂപകല്‍പനകള്‍ക്ക് അനുയോജ്യമായ ശബ്ദം ആഗിരണം ചെയ്യുന്ന വസ്തുക്കള്‍, ചരിഞ്ഞ ഭൂമിയില്‍ കൃഷിചെയ്യാനുതകുന്നതും മണ്ണൊലിപ്പു തടയുന്നതുമായ പ്രകൃതി സൗഹൃദ കയര്‍ ഭൂകോശങ്ങള്‍ തുടങ്ങി ഒരുപിടി നൂതന ഉല്‍പന്നങ്ങള്‍ ഇത്തവണ കയര്‍ കേരളയില്‍ ഉണ്ടാകും.
Coir Kerala 2014, Alappuzha, Coir Kerala 2014 begins in Alappuzha on February 1,

കയര്‍മേഖലയിലെ ഉല്‍പാദനവര്‍ധനവ് ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്തിട്ടുള്ള ഉപകരണങ്ങളും സാങ്കേതികവിദ്യകളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കരകൗശല വസ്തുക്കളുടെയും സുവനീറുകളുടെയും ശേഖരവും കയര്‍ കേരളയുടെ ഏകോപന ഏജന്‍സിയായ നാഷണല്‍ കയര്‍ റിസര്‍ച്ച് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത തൊണ്ടുതല്ലല്‍ യന്ത്രവും ഭൂവസ്ത്രം നെയ്യുന്നതിനുള്ള തറിയുമെല്ലാം ഇവയില്‍ ഉള്‍പ്പെടും. കയര്‍വ്യവസായം ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധിയായ അസംസ്‌കൃതവസ്തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിനായി എന്‍സിആര്‍എംഐയുടെ ഗവേഷണ വികസന വിഭാഗം വികസിപ്പിച്ചെടുത്തതാണ് ആധുനികരീതിയിലുള്ള തൊണ്ടുതല്ലല്‍ യന്ത്രം. 

കയര്‍ കേരളയില്‍ ആദ്യമായി വിദഗ്ദ്ധരുടെയും നയരൂപകര്‍ത്താക്കളുടെയും ഒരു സമിതിക്ക് രൂപം നല്‍കി സെമിനാറുകളിലെയും ശില്‍പശാലകളിലെയും നിര്‍ദ്ദേശങ്ങള്‍ ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തില്‍ എങ്ങിനെ പ്രായോഗികമാക്കാമെന്നു പരിശോധിക്കും. കര്‍ഷകരില്‍ നിന്നു നാളികേരം ശേഖരിക്കുന്നതുപോലെ കര്‍ഷകസംഘങ്ങള്‍ വഴി ചകിരിനാരും ശേഖരിക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി നാളികേര വികസന ബോര്‍ഡുമായി കയര്‍ വകുപ്പ് ചര്‍ച്ച നടത്തി വരികയാണ്. നിലവില്‍ അവര്‍ തൊണ്ട് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. കര്‍ഷക സംഘങ്ങള്‍ക്ക് തൊണ്ടുതല്ലല്‍ യന്ത്രം നല്‍കി ചകിരിനാരും ചകിരിച്ചോറും തിരികെ വാങ്ങാനാണ് ശ്രമിക്കുന്നത്.

പ്ലാസ്റ്റിക്കും സിന്തറ്റിക് ഉല്‍പന്നങ്ങളും ചേര്‍ന്ന് പിന്നാമ്പുറത്തേക്കു തള്ളിയിരുന്ന കയര്‍ ഇപ്പോള്‍ ഒരു തിരിച്ചുവരവിന്റെ പാതയിലാണ്. സുസ്ഥിരജീവിതത്തിന് പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങളുടെ ആവശ്യകതയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ന്നുവരുന്നതാണ് ഇതിന്റെ പ്രധാന കാരണം. അതോടൊപ്പം കയറിന്റെ പുതിയ ഉപയോഗങ്ങള്‍ കണ്ടെത്താനുള്ള ഗവേഷണ വികസനപ്രവര്‍ത്തനങ്ങളും ഇക്കാര്യത്തില്‍ ഏറെ സഹായകമായിട്ടുണ്ട്. 

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഉല്‍പാദനവും കയറ്റുമതിയും പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2011ലാണ് കേരള സര്‍ക്കാര്‍ കയര്‍ കേരള പരിപാടിക്ക് തുടക്കമിടുന്നത്. ബയര്‍  സെല്ലര്‍ ആശയവിനിമയത്തിലുപരിയായി കയര്‍മേഖലയിലെ പുതിയ ഉല്‍പന്നങ്ങളും നൂതന സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കുന്നതിന് വര്‍ഷം തോറും നടക്കുന്ന പരിപാടിയായി കയര്‍ കേരള മാറിക്കഴിഞ്ഞു. 

ഈ മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരെ ഒന്നിച്ചുകൊണ്ടുവന്ന് പുതിയ ഉല്‍പന്നങ്ങള്‍, തൊഴില്‍ സാധ്യതകള്‍, തൊഴിലിടങ്ങളുടെ മെച്ചപ്പെടുത്തല്‍, ഉല്‍പാദന വരുമാന വര്‍ധനവ് തുടങ്ങിയ കാര്യങ്ങളെപ്പറ്റിയുള്ള സജീവമായ ചര്‍ച്ചകള്‍ക്കും കയര്‍ കേരള വേദിയാകുന്നുണ്ട്. 

കേരളത്തിലെ കയര്‍ വ്യവസായത്തിന്റെ ജീവനാഡിയായ ആലപ്പുഴയിലും പരിസരങ്ങളിലുമുള്ള ആയിരക്കണക്കിന് കയര്‍ തൊഴിലാളികളുടെ സജീവ പങ്കാളിത്തമാണ് ഇതിന്റെ വിജയത്തിന്റെ മറ്റൊരു പ്രധാനഘടകം. കയര്‍ തൊഴിലാളികള്‍ക്കായുള്ള പലതരത്തിലുള്ള മല്‍സരങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. കയര്‍ കേരള അതിന്റെയെല്ലാം ഫൈനല്‍ മല്‍സരങ്ങള്‍ക്ക് വേദിയാകും. സമാപനസമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.

SUMMARY: Hon’ble Minister for Defence A K Antony will inaugurate the fourth edition of Coir Kerala – the world’s biggest trade event on coir and natural fibres – in Appuzha on February 1.

Hon’ble Chief Minister Oommen Chandy will inaugurate the national and international pavilions.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords: Coir Kerala 2014, Alappuzha, Coir Kerala 2014 begins in Alappuzha on February 1, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Post a Comment