Follow KVARTHA on Google news Follow Us!
ad

സി.പി.എം കോഴിക്കോടിനെ തടവിലിട്ടു

കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലക്കേസില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ Kozhikode, Kerala, Harthal, C.P.I.(M), Anti Democratic.
HARTHAL
കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരന്റെ കൊലക്കേസില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.മോഹനനെ അറസ്റ്റു ചെയ്തതിന് സി.പി.ഐ.(എം) പ്രതികാരം തീര്‍ത്തത് കോഴിക്കോട് ജില്ലയിലെ ജനങ്ങളോട്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ഒരു ദിവസം മുഴുവന്‍ കോഴിക്കോടിനെയാകെ തടങ്കലില്‍ വെക്കാനായിരുന്നു ജനാധിപത്യ പാര്‍ട്ടിയായ സി.പി.എം എടുത്ത സമുചിതമായ തീരുമാനം. ഹര്‍ത്താല്‍ ആചരണത്തിന് തലേന്ന് ഉച്ചയോടെ തന്നെ തീരുമാനമുണ്ടായി. പത്രസമ്മേളനത്തിലൂടെ പ്രഖ്യാപിച്ചത് ഏതായാലും സ്വാഗതാര്‍ഹം തന്നെ. ഹര്‍ത്താല്‍ ആഘോഷിക്കാന്‍ ബിവറേജസ് കോര്‍പറേഷനു മുമ്പില്‍ ക്യൂ നില്‍ക്കാന്‍ സമയം കിട്ടിയ ആശ്വാസത്തിലാണ് കുറേയേറെ പേര്‍. ഇങ്ങനെയൊരു ഹര്‍ത്താല്‍ നടത്തി നാടിനെ പുരോഗതിയിലേക്ക് നയിച്ചതിന് അത്രയും പേര്‍ക്കെങ്കിലും സി.പി.ഐ.(എം)നോട് ആത്മാര്‍ഥമായ നന്ദിയുണ്ടാവും.

രാഷ്ട്രീയ എതിരാളിയായ ടി.പി.രാമചന്ദ്രനെ കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് സി.പി.ഐ.(എം) ഇപ്പോഴും പരസ്യപ്രസ്താവന നടത്തുന്നു. സി.പി.ഐ.(എം) നേതാക്കള്‍ ഓരോരുത്തരായി പ്രതികളായി അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ ഇതെല്ലാം സംസ്ഥാനം ഭരിക്കുന്ന യൂ.ഡി.എഫ്. സര്‍ക്കാര്‍ നടത്തുന്ന ഗൂഢാലോചനയും ഹീനകൃത്യവും ആണെന്ന് പാര്‍ട്ടി വിളിച്ചു പറയുന്നുമുണ്ട്. ഇതോടൊപ്പം അവര്‍ വിളിച്ചു പറയുന്ന മറ്റൊരു കാര്യം തങ്ങളുടെ പാര്‍ട്ടി അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ്. അക്രമത്തിലൂടെ എതിരാളികളെ ഇല്ലായ്മ ചെയ്യുന്നത് പാര്‍ട്ടി നയമായിരുന്നുവെങ്കില്‍ എം.വി.രാഘവനെപ്പോലുള്ളവര്‍ ഇന്നു ജീവിച്ചിരിപ്പുണ്ടാവുമോ എന്നും അവര്‍ ന്യായം പറയുന്നു. അക്രമത്തില്‍ വിശ്വസിക്കുന്നില്ല എന്നും പൂര്‍ണ ജനാധിപത്യവാദികളാണെന്നുമുള്ള വാദം ഹര്‍ത്താലാഹ്വാനത്തോടെ പൊളിയുകയാണ് എന്നു സി.പി.ഐ.(എം) നേതാക്കള്‍ മനസ്സിലാക്കേണ്ടതുണ്ട്.

ഈ നാട്ടില്‍ ഒരു ജനാധിപത്യവ്യവസ്ഥിതിയുണ്ട്. അതിനെതിരെയുള്ള കടന്നു കയറ്റം അക്രമം തന്നെയാണ്. തങ്ങളുടെ നേതാവിനെ കള്ളക്കേസില്‍ കുടുക്കി ജയിലലടച്ചു എന്നാരോപിച്ചാണ് സി.പി.ഐ.(എം) കോഴിക്കോടു ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലില്‍ അറസ്റ്റിലായത് കോഴിക്കോട് ജില്ലക്കാര്‍ മുഴുവനുമാണ്്. പൊതുജനത്തിന്റെ സൈ്വരജീവിതമാണ് ഇവിടെ തടയപ്പെട്ടത്. മുമ്പ് സാക്ഷാല്‍ 'ബന്ദി'ന് ആഹ്വാനം ചെയ്ത് പൊതുജനത്തെ ബന്ദികളാക്കുകയായിരുന്നു രാഷ്ട്രീയക്കാര്‍. സുപ്രീം കോടതി ഇടപെട്ടതോടെ 'ബന്ദ്' എന്ന പേര്‍ മാറ്റി ഹര്‍ത്താല്‍ ആചരിക്കുന്നു എന്നേയുള്ളു വ്യത്യാസം. ഹര്‍ത്താല്‍ എന്ന പേരില്‍ വരുന്ന ബന്ദിന്റെ പണിയും ജനത്തെ ബന്ദികളാക്കുക തന്നെ.

ഒരു ശനിയാഴ്ച ഹര്‍ത്താലും ബന്ദും വരുന്നതിന്റെ ദുരിതം തൊഴിലാളിപ്പാര്‍ട്ടിയായ സി.പി.ഐ.(എം)നെങ്കിലും മനസ്സിലാവേണ്ടതായിരുന്നു. ഒരാഴ്ചത്തെ അധ്വാനത്തിന്റെ പ്രതിഫലം മിക്ക തൊഴിലാളികള്‍ക്കും കിട്ടുന്നത് അന്നാണ്. കൂലിയല്ലേേല്ലാ വലുത്. പാര്‍ട്ടിയല്ലേ. അതുപോട്ടെന്നു വെക്കാം. പക്ഷേ, ഏതൊക്കെ തരത്തില്‍ ജനം ഹര്‍ത്താലില്‍ വലയുന്നു. രോഗികള്‍ക്ക് ആശുപത്രിയില്‍ പോകാന്‍, വിവാഹം പോലുള്ള സന്തോഷാവസരങ്ങളില്‍ പങ്കുകൊള്ളാന്‍, ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ ഒക്കെ ജനം പാടുപെട്ടു. വ്യാവസായിക, വാണിജ്യ മേഖകളില്‍ എത്ര നഷ്ടമാണ് ഒരു ഹര്‍ത്താല്‍ വരുത്തി വെക്കുന്നത്. അതെല്ലാം പാര്‍ട്ടിക്കാരുടെ ഭീഷണിക്കു മുമ്പില്‍ നിശ്ചേതനമായി. ഹര്‍ത്താലക്രമത്തെ ഭയന്ന് ചിലര്‍ നിക്കാഹിന്റെ സമയം മാറ്റിവെയ്ക്കുകയുമുണ്ടായി.

ഹര്‍ത്താലിന് ജനം വീട്ടില്‍ സ്വയം ബന്ദിയാക്കുകയാണ് ചെയ്യുക. ആരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് എന്നു നോക്കിയാണ് ജനം ഈ തീരുമാനം കൈക്കൊള്ളുക. വല്ല ഈര്‍ക്കില്‍ പാര്‍ട്ടിയുമാണെങ്കില്‍ ഹര്‍ത്താലാഹ്വാനത്തിന് പുല്ലുവില കല്‍പിക്കുന്നത് നാം കാണാറുണ്ട്. എന്നാല്‍ തങ്ങളുടെ ആഹ്വാനത്തെ തള്ളിക്കളഞ്ഞ് പുറത്തിറങ്ങിയാല്‍ ജീവനോടെ തിരിച്ചു വീട്ടിലെത്തുമോ എന്ന ഭീതി ജനത്തില്‍ അങ്കുരിപ്പിക്കുവാന്‍ ഫറോക്കില്‍ ആതുരസേവനത്തിനിറങ്ങിയ ഡോക്ടര്‍ വാസുദേവന്റെ ദുരനുഭവത്തിലൂടെ സാധിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കു കഴിഞ്ഞു. മാത്രമല്ല, ഹര്‍ത്താല്‍ എത്രഭീകരമായിരിക്കും എന്ന് തലേന്ന് വടകര കോടതിയിലെ അക്രമങ്ങളിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തെളിയിക്കുകയുമുണ്ടായി. ജീവനില്‍ കൊതിയുള്ള ജനം കഴിയുന്നത്ര അടങ്ങിയിരുന്നിട്ടും ഹര്‍ത്താലാചരണം സമ്പൂര്‍ണ്ണമാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജാഗരൂകരായി. പലേടങ്ങളിലും അരങ്ങേറിയ അക്രമങ്ങള്‍ ഇതു തെളിയിക്കുന്നു.

സര്‍ക്കാരും പോലീസും ചേര്‍ന്ന് സി.പി.ഐ.(എം)നെ തകര്‍ക്കുവാനാണ് നേതാക്കളെ അറസ്റ്റു ചെയ്യുന്നതെന്ന് പാര്‍ട്ടി പ്രചരിപ്പിക്കുമ്പോള്‍ ഹര്‍ത്താലിലൂടെ ഇതിനു പകരം വീട്ടാനാവുമോ എന്നാണ് ജനാധിപത്യവാദികള്‍ ഉന്നയിക്കുന്ന ചോദ്യം. ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബന്ദികളാക്കുന്നതിലൂടെ സര്‍ക്കാരിനെയും പോലീസിനെയും എത്രമാത്രം പാഠം പഠിപ്പിക്കാനായി? ഏത്രമാത്രം ജനത്തെ കൂടെ നിര്‍ത്താനായി? ജനാധിപത്യ രാഷ്ട്രത്തില്‍ ഏതൊരു പാര്‍ട്ടിയുടെയും അടിത്തറ ജനപിന്തുണയാണ്. ഒരപരി്ഷ്‌കൃത സമൂഹത്തില്‍ ജനങ്ങളെ ഭയപ്പെടുത്തി ചൊല്‍പ്പടിക്കു നിര്‍ത്താന്‍് ഹര്‍ത്താല്‍ പോലൂള്ള ശക്തിപ്രകടനങ്ങള്‍ ഉപകാരപ്പെടുമായിരിക്കും. എ്ന്നാല്‍ പരിഷ്‌കൃത സമൂഹത്തിലും ഇതേ കാടന്‍ രീതി പ്രയോഗിച്ചാല്‍ ഫലം മറിച്ചാണെന്നു തിരിച്ചറിയാന്‍ ഹര്‍്ത്താലിന്റെ വാക്താക്കള്‍ കണ്ണു തുറക്കണം.

ഹര്‍ത്താലിന്റെ ഫലമെന്തെന്നു ജനം നേരത്തെ മനസ്സിലാക്കിയതാണ്. പെട്രോള്‍ വില വര്‍ധന പോലുള്ള ജനങ്ങളെ ബാധിക്കുന്ന കാര്യത്തില്‍ വിവിധ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആഹ്വാനം നടത്തി തങ്ങളുടെ കടമ നിര്‍വഹിക്കുകയുണ്ടായി. എന്നാല്‍ അതോടെ കഴിഞ്ഞു അവരുടെ സമരവീര്യം. ഏതെങ്കിലും ഹര്‍ത്താല്‍ കൊണ്ട് പെട്രോളിന് നയാപൈസ ഈ നാട്ടില്‍ കുറഞ്ഞിട്ടില്ല. (തുടര്‍സമരങ്ങള്‍ ഇക്കാര്യത്തില്‍ നടന്നില്ലെന്നതു തന്നെ ജനജീവിതത്തെ ബാധിക്കുന്ന കാര്യങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള താത്പര്യത്തെ വിളിച്ചോതുന്നു.) ജനകീയ പ്രതിഷേധം അധികാരികളെ ബോധ്യപ്പെടുത്താന്‍ ജനാധിപത്യപരവും ക്രീയാത്മകവുമായ മാര്‍ഗ്ഗങ്ങള്‍ വേറെയുണ്ട്. അവ സ്വാംശീകരിക്കാന്‍ ജനാധിപത്യവാദികളായ രാഷ്ട്രീയ പാര്‍ട്ടികളും അവയെ നയിക്കുന്ന നേതാക്കളും തയ്യാറായാല്‍ നമ്മുടെ നാടിനു ഗുണം വരും. എല്ലാവര്‍ക്കും സദ്ബുദ്ധിയുണ്ടാവാന്‍ നമുക്കു പ്രാര്‍ഥിക്കാം.


-ജെഫ്രി റെജിനോള്‍ഡ്.എം

Summary: C.P.I.(M) observed a district level harthal in protest of the arrest of their leader P.Mohanan. But the people in the Kozhikode district were arrested in this harthal. People suffered a lot in harthal. Hathal is a disguised Bandh as Supreme Court banned the same. Though C.P.I.(M) leaders claim they are against any tarocites, they proved them selves as they are for tarocites by this harthal. Eny how Democrats nuullifying this harthal as it is not progressive. People kept themselves in their dwellings under the fear only. People recogonise that harthal is not an effective method in a democratic coutnry.



Keywords: Kozhikode, Kerala, Harthal, C.P.I.(M), Anti Democratic.

Post a Comment