'താന്‍ കണ്ണൂര്‍ക്കാരനാണെന്ന് അറിയാന്‍ മന്ത്രി ബാബു ഉമ്മന്‍ചാണ്ടിയോട് ചോദിക്കണം'

കാസര്‍കോട്: കണ്ണൂര്‍ വിമാനതാവളത്തിന്റെ ചുമതല മന്ത്രി ബാബുവില്‍ നിന്നും മാറ്റണമെന്ന് പറഞ്ഞതിന് താന്‍ കണ്ണൂര്‍ക്കാരനല്ലെന്നും തനിക്ക് മറ്റെന്തെങ്കിലും താല്‍പര്യങ്ങളുണ്ടെന്ന് പറഞ്ഞ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പത്മഭൂഷണ്‍ സി.പി കൃഷ്ണന്‍ നായര്‍ മറുപടി നല്‍കി. താന്‍ കണ്ണൂര്‍ക്കാരനാണോ എന്നതിനെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടോ, കെ. എം മാണിയോടോ, കുഞ്ഞാലികുട്ടി സാഹിബിനോടോ, ആര്യാടന്‍ മുഹമ്മദിനോടോ, എ.കെ ആന്റണിയോടോ ചോദിച്ചാല്‍ അറിയാമെന്ന് അദ്ദേഹം പ്രതികരിച്ചു. 90 വയസ് കഴിഞ്ഞ തനിക്ക് ഇനി എന്ത് താല്‍പര്യമാണുള്ളതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ വിമാനതാവളം യാഥാര്‍ത്ഥ്യമായാല്‍ കണ്ണൂരില്‍ നിന്ന് ബേക്കലിലേക്ക് അതിവേഗ തീവണ്ടി സര്‍വീസ് ആരംഭിക്കണമെന്ന് ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരകേരളത്തെ ബന്ധപ്പെടുത്തി പ്രത്യേക എയര്‍സ്ട്രീം തന്നെ ഉണ്ടാക്കണം. ഗോവയെപോലെ ഏറ്റവും കൂടുതല്‍ ടൂറിസം വികസന സാധ്യയുള്ളത് ബേക്കലിനും കാസര്‍കോടിനുമാണെന്ന് അദ്ദേഹം പറഞ്ഞു. ഉള്ളാള്‍ മുതല്‍ കണ്ണൂര്‍ മുഴിപ്പലങ്ങാട് വരെ പ്രത്യേക ടൂറിസം വികസന കേന്ദ്രമാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കേരളം കണ്ടതില്‍വെച്ച് ഏറ്റവും നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടിയെന്ന് ക്യാപ്റ്റന്‍ കൃഷ്ണന്‍ പറഞ്ഞു. അതിവേഗം ബഹുദൂരം എന്ന മനസ്സിനുടമയാണ് അദ്ദേഹം. ഉമ്മന്‍ചാണ്ടിക്കൊപ്പം സംസ്ഥാനവുമുയരണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ വന്‍കിട പദ്ധതികളെല്ലാം ഇഴഞ്ഞുനീങ്ങുകയാണെന്നും യു.ഡി.എഫ് ഗവണ്‍മെന്റിന്റെ കാലത്ത് തന്നെ കണ്ണൂര്‍ വിമാനതാവളം യാഥാര്‍ത്ഥ്യമാകുമോ എന്ന കാര്യം പറയാന്‍ കഴിയില്ലെന്നും കൃഷ്ണന്‍ നായര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ക്ക് താല്‍പര്യമില്ലാത്തതുകൊണ്ടാണ് പല പദ്ധതികളും ഇഴഞ്ഞു നീങ്ങുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബേക്കലില്‍ ലീലാ ഗ്രൂപ്പിന് രണ്ട് പ്ലോട്ട് അനുവദിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ തലത്തില്‍ അത് പാസ്സാക്കാത്തതുകൊണ്ടാണ് ലീലാ ഗ്രൂപ്പ് ഹോട്ടല്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും ഗോവയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തനിക്കുണ്ടാക്കാന്‍ കഴിഞ്ഞത് അവിടുത്തെ ഗവണ്‍മെന്റുകളും ജനങ്ങളുടെയും സഹകരണം കൊണ്ടാണ്. കലവറയില്ലാത്ത സ്‌നേഹത്തിന്റെ നാടാണ് ഉത്തരകേരളം. ഉണ്ണിയാര്‍ച്ച മുതല്‍ ഇത്തരം പാരമ്പര്യം ഉത്തരകേരളത്തിനുണ്ട്. യുണൈറ്റഡ് നാഷന്‍ അംഗീകരിച്ച ലോകത്തെ ഏറ്റവും മികച്ച അഞ്ച് റിസോര്‍ട്ടുകളില്‍ ഒന്നാണ് ബേക്കലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ. വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് ഹാശീം സ്വാഗതം പറഞ്ഞു. നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഭാരവാഹികളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Keywords: Kasaragod,  കാസര്‍കോട്,  കൃഷ്ണന്‍ നായര്‍, 

Post a Comment

Previous Post Next Post