Follow KVARTHA on Google news Follow Us!
ad

വര്‍ഗീയതയ്ക്ക് മതത്തിന്റെ ഛായ നല്‍കുന്നത് ആപല്‍ക്കരം: കാന്തപുരം

താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ ശഅ്‌റേ മുബാറക്
മസ്ജിദിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചപ്പോള്‍
 കോഴിക്കോട്: മുഹമ്മദ് നബി(സ)യുടെ സംശുദ്ധജീവിതവും അവിടുന്ന് ലോകത്തിന് സമ്മാനിച്ച സന്ദേശങ്ങളുമാണ് സമകാലിക ലോകത്തിന്റെ സമസ്യകള്‍ക്ക് പരിഹാരമെന്ന് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബകര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കോഴിക്കോട് സ്വപ്നനഗരിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്രമീലാദ് കോണ്‍ഫ്രന്‍സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മസ്ജിദുല്‍ ആസാറിന്റെ ശിലാസ്ഥാപനം സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരിയും ഇസ്‌ലാമിക് ഹെരിറ്റേജ് മ്യൂസിയത്തിന് ഡോ.ശൈഖ് അഹ്മദ് ഖസ്‌റജിയും ശിലാസ്ഥാപനം നടത്തി.
 രാഷ്ട്രീയവും മാനവികവുമായ സമസ്ത മേഖലകളെയും സാരസമ്പൂര്‍ണമായി അപഗ്രഥിച്ച മതമാണ് ഇസ്‌ലാം. സമകാലിക സമൂഹത്തോടും കാലത്തോടും അസ്തിത്വപരമായി സംവദിക്കാനും ആധുനികലോകത്തോട് ക്രിയാത്മകമായി ഇടപെടാനും ഈ മതത്തിന് സാധിക്കുന്നത് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക മൂല്യങ്ങളുടെ മഹത്വവും പ്രബോധനം ചെയ്ത പ്രവാചകരുടെ സംശുദ്ധജീവിതവുമാണ്.
 സ്‌നേഹവും സഹവര്‍ത്തിത്വവുമാണ് സാമൂഹ്യജീവിതത്തിന്റെ കാതല്‍. ആശ്രയത്വബോധവും ധാര്‍മ്മിക വിചാരവും പുലര്‍ത്തി വ്യക്തിജീവിതം സംശുദ്ധമാക്കുന്നവര്‍ക്ക് ഒരിക്കലും മതനിഷേധിയോ വര്‍ഗ്ഗീയവാദിയോ ആകാന്‍ കഴിയില്ല. മതം മനുഷ്യന്റെ ഇഹപര നന്മയാണ് കാംക്ഷിക്കുന്നത്. വര്‍ഗീയ പ്രവര്‍ത്തനങ്ങള്‍ക്കും സാമുദായിക ധ്രുവീകരണത്തിനും മതത്തിന്റെ ചായ നല്‍കി അപമാനവീകരണം സൃഷ്ടിക്കുന്നവര്‍ രാജ്യദ്രോഹികളും മത ആശങ്ങളോട് പ്രതിപത്തി ഇല്ലാത്തവരുമാണ്. അധികാര രാഷ്ട്രീയത്തിന്റെ നിലനില്‍പ്പിന് വേണ്ടി മതസമൂഹങ്ങളെ സംശയത്തിന്റെ നിഴലില്‍ വേട്ടയാടുന്ന തന്ത്രം രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന പൗരസ്വാതന്ത്രത്തിനു നേരെയുള്ള കൈയേറ്റമാണ്. എല്ലാമതവിഭാഗങ്ങളെയും വിശ്വാസത്തിലെടുക്കാനും അവകാശങ്ങളെ സംരക്ഷിക്കാനുമാണ് ഭരണകൂടം ശ്രമിക്കേണ്ടത്. രാഷ്ട്രീയവും രാഷ്ട്രീയ പ്രവര്‍ത്തനവും രാജ്യത്തെ മൊത്തം ജനതയുടെ അഭ്യുന്നതിക്കായിരിക്കണം. മതപക്ഷരാഷ്ട്രീയം രാജ്യത്തെ അസ്ഥിരപ്പെടുത്തും ഭരണകൂട സംവിധാനങ്ങളെ നിഷ്‌ക്രിയമാക്കും.
 മതജാതി വൈജാത്യങ്ങളെ സഹിഷ്ണുതാപരമായി കൈയാളാന്‍ കഴിയുമ്പോള്‍ മാത്രമെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും എല്ലാ നിലക്കും നിലനിര്‍ത്താന്‍ കഴിയുകയുള്ളു. മതനാമങ്ങളും അടയാളങ്ങളും വര്‍ഗീയമായി ചിത്രീകരിച്ച് രാജ്യത്ത് ഛിദ്രത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിധ്വംസക പ്രവര്‍ത്തകരെ പൊതുസമൂഹം തിരിച്ചറിയണം. മനുഷ്യത്വത്തിന്റെ സര്‍വ്വഅംശങ്ങളും ഹൃദയങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. സ്‌നേഹത്തിന്റെ ഗൃഹപാഠങ്ങള്‍ അസ്തമിച്ചിരിക്കുന്നു. നന്മക്കുമേല്‍ തിന്മ ആധിപത്യംപുലര്‍ത്തുന്ന ആധുനികലോകത്ത് മനുഷ്യനും മാനവികതയും എന്ന ഉജ്ജ്വല സന്ദേശം ലോകത്തിന് നല്‍കിയ പ്രവാചകര്‍ മുഹമ്മദ് നബിയെയാണ് നാം മാതൃകയാക്കേണ്ടത്.
 പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ തിരുജീവിതവും അവിടുത്തെ തിരുശേഷിപ്പുകളും പവിത്രമാണെന്നാണ് ഇസ്‌ലാമിക ലോകത്തിന്റെ വിശ്വാസം. നബി(സ) ജീവിതകാലത്തു തന്നെ ശഅ്‌റ് മുബാറക് അനുയായികള്‍ക്കിടയില്‍ വിതരണം നടത്തുകയും അതുകൊണ്ട് പുണ്യംനുകരാന്‍ കല്‍പ്പിക്കുയും ചെയ്തിട്ടുണ്ട്. ലക്ഷക്കണക്കിന് അനുയായികള്‍ക്കിടയില്‍ വിതരണം ചെയ്ത ശഅ്‌റ് മുബാറക് ആയിരത്തിനാനൂര്‍ വര്‍ഷങ്ങളായി ലോകം സൂക്ഷിച്ചുപോരുന്നു. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനായി പ്രത്യേക സംവിധാനവും മ്യൂസിയവും ഒരുക്കിയിട്ടുണ്ട്. സാംസ്‌കാരിക കേരളത്തിന്റെ ചരിത്ര വികാസത്തില്‍ ഈ സംരംഭം പുതിയൊരു മുന്നേറ്റത്തിന് കളമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kanthapuram A.P.Aboobaker Musliyar, Kozhikode, Kerala, Masjid, Shahre-Mubarak-Grand-Masjid-foundation

Post a Comment