Follow KVARTHA on Google news Follow Us!
ad

അധ്യാപകനും ഭാര്യയ്ക്കുമെതിരെയുള്ള പിള്ളയുടെ പ്രസംഗം വിവാദമാകുന്നു

കൊട്ടാരക്കര: കൊട്ടാരക്കര വാളകത്ത് ആക്രമണത്തിനിരയായ അധ്യാപകന്‍ കൃഷ്ണകുമാറിനും ഭാര്യയ്ക്കുമെതിരെ കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം വിവാദമാകുന്നു.
ജയില്‍മോചിതനായ ശേഷം പിള്ളയ്ക്ക് കൊട്ടാരക്കരയില്‍ ആദ്യമായി കേരള കോണ്‍ഗ്രസ് സംഘടിപ്പിച്ച സ്വീകരണയോഗത്തിലാണ് അധ്യാപകന്റെയും ഭാര്യയുടെയും പേരെടുത്ത് പറഞ്ഞ് പിള്ള കണക്കിന് കളിയാക്കുകയും അപമാനിക്കുകയും ചെയ്തത്. കൃഷ്ണകുമാറിനെ വളര്‍ത്തിയത് താനാണെങ്കില്‍ തളര്‍ത്താനും അറിയാമെന്ന് ബാലകൃഷ്ണപിള്ള പ്രസംഗത്തില്‍ പറഞ്ഞു. ഉമിത്തീയില്‍ നീറ്റുന്നതുപോലെ നീറ്റാനറിയാം. മനുഷ്യത്വമുള്ളതുകൊണ്ട് ശാരീരികമായി ഉപദ്രവിച്ചില്ല.
ജയിലില്‍നിന്ന് രാത്രി പത്തരയ്ക്ക് ഇറങ്ങിവന്ന് താന്‍ രഹസ്യഭാഗത്ത് പാരകയറ്റിയെന്നാണ് പറയുന്നത്. അധ്യാപകനെ തളര്‍ത്താന്‍ പാരയുടെ ആവശ്യമില്ല. പാരയില്ലാതെ അവനെ ശരിപ്പെടുത്താം.
അധ്യാപകന്റെ ഭാര്യയ്‌ക്കെതിരേയും പിള്ള കടുത്ത പരിഹാസവാക്കുകളാണ് ചൊരിഞ്ഞത്. അധ്യാപകന്റെ ജനനേന്ദ്രിയത്തില്‍ പാര കയറ്റിയതാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ വനിതാ ഡോക്ടറെയും പിള്ള വെറുതെ വിട്ടില്ല. അവരെയും കണക്കിന് പരിഹസിച്ചു. അപകടത്തില്‍ പരിക്കേറ്റ് എത്തിയ അധ്യാപകനെ ആദ്യം പരിശോധിച്ചത് കണ്ണ് ഡോക്ടറാണ്. ഈ വനിതാഡോക്ടര്‍ മാത്രമെ പാര കയറ്റിയെന്ന് പറഞ്ഞുള്ളൂ. ബാക്കി ഏഴ് ഡോക്ടര്‍മാരും അല്ലെന്നാണ് പറഞ്ഞത്.
ഭര്‍ത്താവ് മരിക്കാന്‍ കിടക്കുമ്പോള്‍ ഭാര്യ അണിഞ്ഞൊരുങ്ങി നടന്ന് അധ്യാപകന് പിള്ളയുമായി അഭിപ്രായവ്യത്യാസമുണ്ടെന്ന് പറഞ്ഞു. സ്‌കൂള്‍ മാനേജര്‍ കുറച്ചുകൂടി ചെറുപ്പമായിരുന്നെങ്കില്‍ ഇങ്ങനെ പറയുന്നതില്‍ കാര്യമുണ്ടായിരുന്നു.
അപകടം നടന്ന ഉടന്‍ അധ്യാപകന് ബോധമുണ്ടായിരുന്നു. അപ്പോള്‍ യഥാര്‍ഥകാര്യം പറഞ്ഞിരുന്നെങ്കില്‍ പൊലീസ് പ്രതിയെ പിടികൂടിയേനെ. എന്നാല്‍ 'ആ തെണ്ടി' അത് പറഞ്ഞില്ല. അവനെയും അവന്റെ കുടുംബത്തെയും സംരക്ഷിച്ചത് താനാണ്. കൃഷ്ണകുമാറിനെ പഠിപ്പിച്ചതും ജോലി നല്‍കിയതും വീട് വെച്ച് കൊടുത്തതും താനാണെന്ന് പിള്ള പറഞ്ഞു.
നേരത്തെ ഇതേക്കുറിച്ച് ബാലകൃഷ്ണപിള്ളയുടെ മകനും മന്ത്രിയുമായ ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് പൊതുയോഗത്തില്‍ വി.എസിനെതിരെയും അധ്യാപകനെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. വി.എസിനെ കാമഭ്രാന്തനെന്ന് വിളിച്ച ഗണേശ് പിന്നീട് ഇക്കാര്യത്തില്‍ മാപ്പ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് ബാലകൃഷ്ണപിള്ള പൊതുവേദിയില്‍ വിവാദ പ്രസംഗം നടത്തിയത്. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യടിച്ചും ആര്‍പ്പുവിളികളുമായും പിള്ളയെ പ്രോത്സാഹിപ്പിച്ചതോടെ പിള്ള കസറുകയായിരുന്നു.

Keywords: Kerala Congress (B), R Balakrishna Pilla, Kollam,  പ്രസംഗം, കൊട്ടാരക്കര,  ആര്‍ ബാലകൃഷ്ണ പിള്ള

Post a Comment