Follow KVARTHA on Google news Follow Us!
ad

പൗരത്വ ഭേദഗതി നിയമത്തില്‍ പുറന്തള്ളലിന്റെയും വംശഹത്യയുടേയും രാഷ്ട്രീയം ഒളിച്ചിരിക്കുന്നു; ഒറ്റതിരിക്കല്‍, ഉന്മൂലനം എന്നിങ്ങനെയുള്ള പദ്ധിതികളുടെ വ്യക്താക്കളെ തിരിച്ചറിയണം; സംയുക്ത സമിതിയുടെ ഹര്‍ത്താലിന് പിന്തുണയുമായി എഴുത്തുകാരന്‍ കെ കെ ബാബുരാജ്

പൗരത്വ ഭേദഗതി നിയമത്തില്‍ പുറന്തള്ളലിന്റെയും വംശഹത്യയുടേയും രാഷ്ട്രീയം ഒളിച്ചിരിക്കുന്നതായി എഴുത്തുകാരനും ചിന്തകനുമായ News, Kerala, Harthal, Court, Lok Sabha, BJP, LDF, Muslim, Kanthapuram A.P.Aboobaker Musliyar, Muslim-League, Writer, Writer KK Baburaj facebook post, which support harthal caused by citizenship amendment bill
കോട്ടയം: (www.kvartha.com 15.12.2019) പൗരത്വ ഭേദഗതി നിയമത്തില്‍ പുറന്തള്ളലിന്റെയും വംശഹത്യയുടേയും രാഷ്ട്രീയം ഒളിച്ചിരിക്കുന്നതായി എഴുത്തുകാരനും ചിന്തകനുമായ കെ കെ ബാബുരാജ്. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റതിരിക്കല്‍, ഉന്മൂലനം എന്നിങ്ങനെയുള്ള പദ്ധിതികളുടെ വ്യക്താക്കളെ തിരിച്ചറിയണമെന്നും ഡിസംബര്‍ 17ന് സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് പിന്തുണ നല്‍കുന്നതാതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സംയുക്ത സമിതി പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കാന്തപുരത്തിന് പിന്നാലെ മുസ്ലീം യൂത്ത് ലീഗും സാമുദായിക സംഘടനകളും ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ കെ കെ ബാബുരാജിന്റെ പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ബി.എസ്.പി, കെ.എം.വൈ.എഫ്, ജമാഅത്ത് കൗണ്‍സില്‍, ഡി.എച്ച്.ആര്‍.എം പാര്‍ട്ടി തുടങ്ങിയ സംഘടനകള്‍ മാത്രമാണ് ഹര്‍ത്താലുമായി സഹകരിക്കുന്നത്.


കെ കെ ബാബുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഹിന്ദുത്വ ഭരണം ബ്രാഹ്മണിക് വംശീയത ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയസ്ഥാപനമാണ് എന്ന കാര്യമാണ് പലരും തിരിച്ചറിയാന്‍ വൈകുന്നത് .അതായത് പഴയ മുസ്ലീം വിരുദ്ധപൊതുബോധം തുടര്‍ന്നു നടത്തുകയല്ല മറിച്ചു ലക്ഷ്യബോധത്തോടെയുള്ള ഒറ്റതിരിക്കല്‍, പുറംതള്ളല്‍, ഉന്മൂലനം എന്നിങ്ങനെയുള്ള പദ്ധിതികളുടെ വ്യക്താക്കളാണവര്‍. അവര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ദേശീയ പൗരത്വ പട്ടികയിലും, പൗരത്വ ഭേദഗതി നിയമത്തിലും പുറന്തള്ളലിന്റെയും വംശഹത്യയുടേയും രാഷ്ട്രീയം ഒളിച്ചിരിക്കുന്നു എന്നു മുന്‍കൂട്ടി കാണാന്‍ കഴിയുന്നത് മുസ്ലീം സംഘടനകള്‍ക്ക് തന്നെയാണ് .അവര്‍ക്കൊപ്പം ദലിത് ബഹുജന്‍ മുന്നണികളും സിവില്‍ സമൂഹവും ഉണ്ടെങ്കിലും അടിസ്ഥാന സമരം മുസ്ലീങ്ങളുടെ മുന്‍കൈയിലാണ് നടക്കുന്നത്.

ഇതിന്റെ ഭാഗമായി വിവിധ മുസ്ലീം സംഘടനകളും ദലിത്പ്രസ്ഥാനങ്ങളും സിവില്‍ സമുദായ പ്രതിനിധികളും പ്രഖ്യാപിച്ച 17 -ലെ ബന്ദിനെപ്പറ്റി പലതരത്തിലുള്ള സംശയങ്ങളും ആശങ്കകളുമാണ് ഉണ്ടായിട്ടുള്ളത്. അവയില്‍ പ്രധാനമായിട്ടുള്ളത് ചില'' പ്രത്യേക മുസ്ലീം സംഘടനകള്‍ '' അതില്‍ പങ്കെടുക്കുന്നു എന്നതാണ് .കേരളത്തിലെ ഹൈന്ദവ പൊതുമണ്ഡലം പോലെ തന്നെ പുരോഗമനസമൂഹവും സ്വതന്ത്ര കര്‍ത്തൃത്വമുള്ള ഏതൊരു മുസ്ലീം സംഘടനയെയും അഗീകരിക്കുന്നില്ല എന്നതാണ് വസ്തുത .ഈ സംഘടനകളെയെല്ലാം 'വര്‍ഗീയവാദി 'തീവ്രവാദി ,മതമൗലിക വാദി 'മുതലായ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത് .ഇതിനര്‍ത്ഥം ,സെക്കുലര്‍ പ്ലാറ്റുഫോമില്‍ നില്‍ക്കാന്‍ യോഗ്യരായി ഒരു മുസ്ലീം സംഘടനയെയും പൊതുബോധം അംഗീകരിച്ചിട്ടില്ലെന്നാണ് .അതിനാല്‍ ചില പ്രത്യേക മുസ്ലീം സംഘടനകള്‍ പുറത്തുനിന്നാലോ അകത്തു കയറിയാലോ ഹിന്ദുത്വ -സെക്കുലര്‍ കുറ്റപ്പെടുത്തല്‍ ഒഴിവാകാന്‍ പോകുന്നില്ല.



യുഎന്‍ പോലുള്ള അന്താരാഷ്ട്ര സമിതികളും ചില രാജ്യങ്ങളും മോദി ഭരണകൂടത്തിന്റെ വംശഹത്യാ നയങ്ങളെ പറ്റിയുള്ള ആശങ്ക അറിയിച്ചുകഴിഞ്ഞു .ഈ അവസരത്തില്‍ ഉണ്ടാവുന്ന മുസ്ലീം പ്രതിരോധത്തിനിടയില്‍ സംഘടനകള്‍ തമ്മിലുള്ള തര്‍ക്ക പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ല. ബന്ദ് നടത്തുന്നവര്‍ക്ക്' പക്വതയും' വിവേകവും ' ഉണ്ടോ എന്നു സംശയിക്കുക മാത്രമല്ല , അവര്‍ സമരത്തില്‍ നിന്നും പിന്തിരിഞ്ഞു ഇടതുപക്ഷത്തോട് ചേര്‍ന്നു നില്‍ക്കണമെന്നും ഒരു പ്രമുഖ സാംസ്‌കാരിക വ്യക്തി ആവിശ്യപ്പെടുന്നു. പക്വതയും വിവേകവും മറ്റും വെള്ളക്കാരായ ആണുങ്ങള്‍ക്ക് മാത്രമായുള്ള ' ഗുണ'ങ്ങളായിട്ടാണ് മുന്‍പ് കണ്ടിരുന്നത് .ഇന്ത്യയില്‍ സവര്‍ണര്‍ക്കു മാത്രവും .ഗാന്ധിയുടെയും ദേശീയ പ്രസ്ഥാന നേതാക്കളുടെയും കണ്ണില്‍ ഡോ.അംബേദ്കര്‍ പക്വതയും വിവേകവും ഉള്ള ആളായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തില്‍ ഇതേ കാര്യങ്ങള്‍ ഉണ്ടെന്നു കരുതിയ ആയിരങ്ങളും ഉണ്ടായിരുന്നു. അദ്ദേഹം ഉയര്‍ത്തിയ സങ്കല്‍പങ്ങളെ പിന്‍പറ്റുന്ന പുതുകാല ദലിത് -മുസ്ലീം -സ്ത്രീവാദങ്ങള്‍ക്ക് രാഷ്ട്രീയ തീരുമാനങ്ങള്‍ എടുക്കാന്‍ വിവേകവും പാകതയുമുണ്ടോയെന്നു സംശയിക്കുന്ന ആള്‍ ആരുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് തിരിച്ചും സംശയിക്കാമല്ലോ .

കേരളത്തില്‍ ഇടതുപക്ഷം മറ്റൊരുസമരം പ്രഖ്യാപിച്ചിട്ടുണ്ട് .അതിനോടു ചേര്‍ന്നു ''പൊതുവായി'' മാറുക എന്നതാണ് ചിലരുടെ വാദം .ഇന്ത്യയിലെ മുസ്ലീങ്ങളിലും ദലിതരിലും വളരെ ചെറിയ ന്യൂനപക്ഷം ഒഴിച്ചാല്‍ ബാക്കിയുള്ളവരെല്ലാം ' അരികുവത്കരിക്കപ്പെട്ടവര്‍' എന്ന കാറ്റഗറിയില്‍ ഉള്‍പ്പെടുന്നവരാണ് .ഇത്തരം കാറ്റഗറികളോട് ഇടതുപക്ഷം എങ്ങനെയാണ് ഐക്യപ്പെടുക ? എന്ത് സംവാദമാണ് ഇവരോട് ഇടതുപക്ഷം നടത്തിയിട്ടുള്ളത് ? ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും കാണാതെ പൊതുവിനായി വേണ്ടി പറയുന്നത് മറ്റൊരുതരം ഹിന്ദുത്വമാണെന്നു പറയാതെ വയ്യ .ഇടതുപക്ഷം സമരം ചെയ്യട്ടെ .അതിനെ സ്വാഗതം ചെയ്യുന്നതിനൊപ്പം പിന്തുണക്കേണ്ട കാര്യങ്ങളില്‍ അതും ചെയ്യാമല്ലോ .പക്ഷെ ആ പേരുപറഞ്ഞു അവരുടെ സംവാദ മേഖലക്ക് പുറത്തുള്ളവര്‍ തങ്ങളുടെ സമരങ്ങള്‍ നിറുത്തണമെന്നു പറയുന്നത് വിചിത്രമാണ്. 17 ലെ ബന്ദ് വിജയിക്കട്ടെ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Harthal, Court, Lok Sabha, BJP, LDF, Muslim, Kanthapuram A.P.Aboobaker Musliyar, Muslim-League, Writer, Writer KK Baburaj facebook post, which support harthal caused by citizenship amendment bill