Follow KVARTHA on Google news Follow Us!
ad

വാട്ടര്‍ അതോറിറ്റിയിലെ ഫണ്ട് തിരിമറി കണ്ടെത്താനായി ഓപ്പറേഷന്‍ പഴ്‌സ് സ്ട്രിങ്‌സ്; 18 സബ് ഡിവിഷന്‍ ഓഫീസുകളില്‍ സൂക്ഷ്മപരിശോധന ആവശ്യമാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്

വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്‍ ഓഫിസുകളില്‍ റവന്യു ക്രമക്കേടുകള്‍ നടക്കുന്നുണ്ടോ എന്നു കണ്ടെത്താനായി നടന്ന ഓപ്പറേഷന്‍ പഴ്‌സ് സ്ട്രിങ്‌സ് മിന്നല്‍ പരിശോധനയില്‍, 18 Kerala, Thiruvananthapuram, News, Water, Raid, Investigates, Enquiry Report, Operation Purse Strings; Need Scrutiny in 18 sub division offices


തിരുവനന്തപുരം: (www.kvartha.com 19.07.2019) വാട്ടര്‍ അതോറിറ്റി സബ് ഡിവിഷന്‍ ഓഫിസുകളില്‍ റവന്യു ക്രമക്കേടുകള്‍ നടക്കുന്നുണ്ടോ എന്നു കണ്ടെത്താനായി നടന്ന ഓപ്പറേഷന്‍ പഴ്‌സ് സ്ട്രിങ്‌സ് മിന്നല്‍ പരിശോധനയില്‍, 18 സബ് ഡിവിഷനുകളില്‍ വിശദമായ പരിശോധനകള്‍ ആവശ്യമാണെന്ന് വിലയിരുത്തി അന്വേഷണ സംഘങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി.

അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ പത്തിനു തുടങ്ങിയ പരിശോധനകള്‍ രാത്രി വൈകി പത്തു മണിയോടെയാണ് അവസാനിച്ചത്. 2019 മാര്‍ച്ച് മാസത്തെയും ജൂലൈ മാസം 17 വരെയുമുള്ള റവന്യുസംബന്ധമായ എല്ലാ രേഖകളും പരിശോധന നടത്തി. തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട്, കൊല്ലം ജില്ലയിലെ പുനലൂര്‍, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം എന്നീ സബ് ഡിവിഷനുകളില്‍ അടുത്ത കാലത്തു സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദേശപ്രകാരം ഓപറേഷന്‍ പഴ്‌സ് സ്ട്രിങ്‌സ് എന്ന പേരില്‍ മിന്നല്‍ പരിശോധന നടത്തിയത്. ക്രമക്കേടു കണ്ടെത്തിയ മൂന്നു സബ്ഡിവിഷനിലും ബന്ധപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതു സംബന്ധിച്ച തുടര്‍ അന്വേഷണവും പുരോഗമിക്കുകയാണ്.


പിരിച്ചെടുക്കുന്ന പണം യഥാസമയം വാട്ടര്‍ അതോറിറ്റിയുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഒടുക്കാതെ കൈവശം സൂക്ഷിക്കുക, കാഷ്വല്‍ കണക്ഷന്‍ നിക്ഷേപത്തുകകള്‍ യഥാസമയം ബാങ്കില്‍ ഒടുക്കാതിരിക്കുക, കാഷ് ബുക്ക് സമയാസമയം കൃത്യമായി രേഖപ്പെടുത്താതിരിക്കുക എന്നീ പ്രശ്‌നങ്ങളാണ് കൂടുതലും കണ്ടെത്തിയത്. നാളിതുവരെയുള്ള കണക്കുകള്‍ സമയാസമയങ്ങളില്‍ കൃത്യമായി കാഷ് ബുക്കുകളില്‍ രേഖപ്പെടുത്താത്തതാണ് കൂടുതലും കണ്ടെത്തിയ അപാകത.


പ്രാഥമിക പരിശോധനയില്‍ സംശയാസ്പദമെന്ന നിഗമനത്തിലെത്തിയ 18 ഓഫിസുകളില്‍ വാട്ടര്‍ അതോറിറ്റി ഇന്റേണല്‍ ഓഡിറ്റ് വിഭാഗം ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിശദമായ സൂക്ഷ്മപരിശോധന ഉടന്‍ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

Keywords: Kerala, Thiruvananthapuram, News, Water, Raid, Investigates, Enquiry Report, Operation Purse Strings; Need Scrutiny in 18 sub division offices