Follow KVARTHA on Google news Follow Us!
ad

ബിനോയ് കോടിയേരിയെ തളയ്ക്കാന്‍ എന്തിനും തയ്യാറായി പരാതിക്കാരി; സമന്‍സ് അയക്കുന്നതടക്കമുള്ള നടപടികളുമായി മുംബൈ പോലീസ്; ബിനോയിയെ പൂട്ടാനുള്ള എല്ലാ തെളിവുകളും തന്റെ പക്കലുണ്ട്, കേസുമായി മുന്നോട്ടുപോകുക തന്നെ ചെയ്യും, സമൂഹത്തില്‍ ഉന്നതനാണെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് പരാതി നല്‍കിയതെന്നും ബാര്‍ നര്‍ത്തകി

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ തളയ്ക്കാനുള്ള Mumbai, News, Trending, Kodiyeri Balakrishnan, Son, Molestation, Police, Case, Kerala
മുംബൈ: (www.kvartha.com 19.06.2019) സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ തളയ്ക്കാനുള്ള കുരുക്ക് മുറുക്കി പരാതിക്കാരിയായ ബാര്‍ നര്‍ത്തകി. ബിനോയ് കോടിയേരിക്കെതിരെയുള്ള പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും എഫ്‌ഐആറില്‍ പറഞ്ഞിരിക്കുന്നതില്‍ കൂടുതല്‍ വിശദീകരിക്കാനില്ലെന്നും മുംബൈയിലെ നഗരപ്രാന്തമായ മീരാ റോഡില്‍ താമസിക്കുന്ന 33കാരിയായ യുവതി പറഞ്ഞു.

അതേസമയം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ബിനോയിയോട് ആവശ്യപ്പെടുമെന്നു മുംബൈ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. പ്രതികരിച്ചില്ലെങ്കില്‍ സമന്‍സ് അയയ്ക്കുന്നതടക്കമുള്ള നടപടികളിലേക്കു കടക്കുമെന്നും ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.

Woman stick on to allegation against Binoy Kodiyeri, Mumbai, News, Trending, Kodiyeri Balakrishnan, Son, Molestation, Police, Case, Kerala

ബിനോയിയും യുവതിയും തമ്മില്‍ തെറ്റിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുംബൈയില്‍ പ്രമുഖരുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു ശ്രമിച്ചെന്നും അന്നത്തെ സാമ്പത്തിക സഹായ വാഗ്ദാനം ബിനോയ് ലംഘിച്ചതിനാലാണ് യുവതി കേസ് നല്‍കിയതെന്നുമാണ് അറിയാന്‍ കഴിയുന്നത്.

കുട്ടിയെ വളര്‍ത്താനും മറ്റു ചെലവുകള്‍ക്കുമായി അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് 2018 ഡിസംബറില്‍ യുവതി ബിനോയിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. അത് അവഗണിച്ചതോടെയാണ് ഈ മാസം 13ന് മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (മാനഭംഗം), 420 ( വഞ്ചന ), 504 ( ബോധപൂര്‍വം അപമാനിക്കല്‍ ),506 (ഭീഷണിപ്പെടുത്തല്‍ ) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ അന്വേഷണം നടത്തിവരികയാണെന്നും ഇതുവരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ഓഷിവാര പോലീസ് ഇന്‍സ്പെക്ടര്‍ ശൈലേഷ് പാസല്‍വാര്‍ പറഞ്ഞു.

ഡിസംബറില്‍ അയച്ചെന്ന് പറയുന്ന വക്കീല്‍ നോട്ടീസില്‍ തങ്ങള്‍ വിവാഹിതരാണെന്നാണ് യുവതി അവകാശപ്പെടുന്നത്. എന്നാല്‍, ഇപ്പോഴത്തെ എഫ്‌ഐആറില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് ആരോപണം. യുവതി ബ്ലാക്‌മെയില്‍ ചെയ്യുകയാണെന്ന ബിനോയിയുടെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും എഫ്‌ഐആറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നുമാണ് ഓഷിവാര പോലീസ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ശൈലേഷ് പാസല്‍ക്കര്‍ പറഞ്ഞത്.

യുവതി നല്‍കിയ പരാതിയില്‍ 2008 മുതല്‍ തങ്ങള്‍ ലിവിംഗ് ടുഗെദര്‍ ആയി ജീവിക്കുകയാണെന്നും ഇതില്‍ എട്ടുവയസുള്ള ആണ്‍കുട്ടി ഉണ്ടെന്നും പറയുന്നു. മകന്റെ പാസ്‌പോര്‍ട്ടിലും മറ്റും പിതാവിന്റെ സ്ഥാനത്ത് ബിനോയിയുടെ പേര് തന്നെയാണ് കാണിച്ചിരിക്കുന്നത്.

2009 മുതല്‍ 2018 വരെയാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ദുബൈ ബാറിലെ നിത്യ സന്ദര്‍ശകനായിരുന്ന ബിനോയ് പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും വാരിക്കോരി തന്ന് തന്നെ വശത്താക്കി, വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. എന്നാല്‍ 2018 അവസാനമാണ് ബിനോയ് കോടിയേരി വിവാഹിതനാണെന്നും ഭാര്യയും രണ്ട് കുട്ടികളും കേരളത്തില്‍ ഉണ്ടെന്നും മനസിലായതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. മുംബൈയില്‍ ഫ് ളാറ്റെടുത്ത് തന്നെ താമസിപ്പിക്കുകയും, അതിന് വാടകയും മറ്റ് ചിലവുകളെല്ലാം നടത്തുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

അതിനിടെ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് തെളിവുകള്‍ ശേഖരിക്കുകയാണ്. പരാതിക്കാരിയുടെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കും. ചോദ്യം ചെയ്യലിനായി ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്.

ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ തന്റെ കൈവശമുണ്ടെന്നാണ് പരാതിക്കാരിയുടെ അവകാശവാദം. ബിനോയിയുമായുള്ള വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് ഇതില്‍ പ്രധാനം. കൂടാതെ ഫോട്ടോകള്‍ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ട്.

എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തില്‍ യുവതിയില്‍നിന്ന് തെളിവുകള്‍ ശേഖരിക്കുകയെന്നതാണ് പോലീസിന്റെ ലക്ഷ്യം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഡി എന്‍ എ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങാനും സാധ്യതയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman stick on to allegation against Binoy Kodiyeri, Mumbai, News, Trending, Kodiyeri Balakrishnan, Son, Molestation, Police, Case, Kerala.