» » » » » » » » » » » അബ്ദുല്ലക്കുട്ടി നിലപാടില്‍ ഉറച്ച് സ്വയം പുറത്തേക്ക് പോകുന്നു; പുതിയ മേച്ചില്‍പുറം ലക്ഷ്യം, തന്നെ എവിടെ നിന്നാണ് പുറത്താക്കുക എന്ന ചോദ്യം കോണ്‍ഗ്രസിന് നേരെ ഉയര്‍ത്തി കെപിസിസിയെ പ്രതിസന്ധിയിലാക്കാനും ശ്രമം; വഞ്ചകനാണെന്ന് പണ്ടേ ബോധ്യപ്പെട്ടതാണെന്ന് ഒപ്പം രാഷ്ട്രീയ എതിരാളികളായിരുന്ന ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍

-സി കെ എ ജബ്ബാര്‍

കണ്ണൂര്‍: (www.kvartha.com 29.05.2019) എ.പി.അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകാന്‍ തീരുമാനിച്ചുറച്ച നിലയില്‍ നിലപാട് കടുപ്പിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് കണ്ടോളൂ എന്നും താന്‍ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി. നടപടി ഉണ്ടാവുമെന്ന മുന്നറിയിപ്പിന് ശേഷമാണ് അബ്ദുല്ലക്കുട്ടിയുടെ ഈ വെളിപ്പെടുത്തല്‍.

അതേസമയം, അബ്ദുല്ലക്കുട്ടിയെ പുറത്താക്കുകയല്ലാതെ നിര്‍വാഹമില്ലാത്ത വിധം കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവരും പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തു. അബ്ദുല്ലക്കുട്ടി എസ്.എഫ് ഐയില്‍ ഉണ്ടായിരുന്നപ്പോള്‍ കെ.എസ്.യു രംഗത്ത് സജീവമായിരുന്നവരാണ് ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെയുള്ള നിലവിലെ കോണ്‍ഗ്രസ് നേതാക്കള്‍.


അതിനാല്‍, പഴയ പലതും ചൂണ്ടിക്കാട്ടി അബ്ദുല്ലക്കുട്ടിയുടെ നിലപാടിനെ പരസ്യമായി അവര്‍ എതിര്‍ക്കുകയാണ്. 'അവരെന്നെ എവിടുന്ന് നിന്നാണ് പുറത്താക്കുക? ഇത്രകാലമായിട്ടും എന്നെ ഏത് ഘടനയിലാണ് അവര്‍ ഉള്‍പ്പെടുത്തിയത്? ഏത് കമ്മിറ്റിയിലാണ് ഞാന്‍ ഉള്ളത്?' അച്ചടക്ക നടപടിയെക്കുറിച്ച് അബ്ദുല്ലക്കുട്ടി ഈ ലേഖകനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

സി.പി.എമ്മില്‍ നിന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടും ഇന്നേവരെ അതിന്റെ കമ്മിറ്റികളിലൊന്നും ഉള്‍പ്പെടാതിരുന്ന അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കുകയേ നിര്‍വാഹമുള്ളു. അതിനുള്ള നോട്ടീസ് അടുത്ത ദിവസം തന്നെ നല്‍കുമെന്ന് ഡി.സി.സി.പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.

അബ്ദുല്ലക്കുട്ടി എസ്.എഫ് ഐ.യില്‍ ആയിരുന്നപ്പോള്‍ കെ.എസ്.യുനേരിട്ടിരുന്ന അനുഭവങ്ങള്‍ വിവരിച്ചു കൊണ്ട് ഡി.സി.സി.വൈസ്പ്രസിഡന്റ് ചന്ദ്രന്‍ തില്ലങ്കേരി രൂക്ഷമായ രീതിയിലാണ് മുഖപുസ്തകത്തില്‍ പ്രതികരിച്ചത്. കെ.പി.സി.സി.എക്‌സിക്യൂട്ടീവ് അംഗവും ജനശ്രീ കണ്ണൂര്‍ ജില്ലാ ചെയര്‍മാനുമായ ചന്ദ്രന്‍ തില്ലങ്കേരിയുടെ പ്രതികരണത്തിന്റെ സംഗ്രഹം ഇതാണ്:

'പ്രിയപ്പെട്ട അബ്ദുല്ലക്കുട്ടീ,

താങ്കള്‍ കണ്ണൂര്‍ ഐ ടി ഐയിലെ എസ് എഫ് ഐ നേതാവായി പ്രവര്‍ത്തിക്കുമ്പോള്‍ മുതലാണ് പരിചയം. ഞാനും അവിടെ വിദ്യാര്‍ത്ഥിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ദേശീയ ഐക്യ പ്രതിജ്ഞയെടുക്കുന്ന വേളയില്‍ ആ ചടങ്ങ് അലങ്കോലമാക്കാന്‍ എസ് എഫ് ഐക്ക് നേതൃത്വം കൊടുത്ത താങ്കളുടെ മുഖം ഇന്നും എന്റെ മനസ്സിലുണ്ട്.

അതില്‍ ഞങ്ങള്‍ പ്രതിഷേധിച്ചപ്പോള്‍ ൈഗി ഐക്ക് മുമ്പിലുള്ള കഞ്ഞി പീടികയില്‍ വെച്ച് ഞാനടക്കമുള്ള കെ എസ് യു പ്രവര്‍ത്തകരെ താങ്കളുടെ നേതൃത്വത്തില്‍ വിറകു കൊള്ളികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചതും ഞാനോര്‍ക്കുന്നു. അതിന് ശേഷം നമ്മള്‍ കണ്ണൂര്‍ എസ് എന്‍ കോളജിലെ വിദ്യാര്‍ത്ഥികളായിരുന്നു. ഇന്ദിരാഗാന്ധിയെ അഭിസാരികയെന്നും, യക്ഷിയെന്നും വിളിച്ച് കൊണ്ടുള്ള താങ്കളുടെ പ്രസംഗം എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നു .

അവിടെയും താങ്കള്‍ സംഘര്‍ഷമുണ്ടാക്കിയപ്പോള്‍ എസ് എന്‍ കോളജിലെ കെ എസ് യുക്കാര്‍ തിരിച്ചടിച്ചതും. ഞാനും ലതീഷ് ഭരതനും താങ്കളും പ്രദീപും ജില്ലാ ആശുപത്രിയില്‍ കിടന്നതും നല്ല ഓര്‍മയുണ്ട് . എസ് എഫ് ഐയിലൂടെ സര്‍വകലാശാല യൂണിയന്‍ നേതൃത്വത്തിലും സംഘടനാ നേതൃത്വത്തിലും ജില്ലാ കൗണ്‍സില്‍ അംഗമായും എം പിയായും ഉയര്‍ന്നു വന്ന താങ്കളെ ശക്തമായ എതിര്‍പ്പ് ആ കാലഘട്ടത്തിലെ കെ എസ് യുക്കാര്‍ക്കുണ്ടായെങ്കിലും പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് താങ്കളെ പി ആറിനെ പോലുള്ള ആദര്‍ശ നേതാക്കളെ തഴഞ്ഞ് രാജാവിനെ പോലെ കൊണ്ടു നടന്നത്.

കോണ്‍ഗ്രസ് കോട്ടയില്‍ രണ്ട് പ്രാവശ്യം മത്സരിപ്പിച്ച് എം എല്‍ എ ആക്കി. മൂന്നാം പ്രാവശ്യം സീറ്റ് കിട്ടാത്തപ്പോള്‍ അസ്വസ്ഥനായി. മത്സരിക്കാനുള്ള ആര്‍ത്തി മൂത്തപ്പോള്‍ താങ്കള്‍ തോല്‍ക്കുമെന്നറിഞ്ഞും തലശ്ശേരിയില്‍ നിന്നു. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും താങ്കള്‍ സീറ്റിനായി ഓടി.

കിട്ടാത്തപ്പോള്‍ താങ്കള്‍ അസ്വസ്ഥനായി. എം പി പെന്‍ഷനും എം എല്‍ എ പെന്‍ഷനും വാങ്ങി സുഖിക്കുന്ന താങ്കളെ ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമാവാനാവാത്ത കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ എന്നിട്ടും ഉയര്‍ത്തി കാട്ടി. ഇത് മറക്കരുത്.

ഇന്നിപ്പോ നെഹറു കുടുംബത്തെയും, രാഷ്ട്രപിതാവിനെയും അവഹേളിച്ച ഗോഡ്‌സെയെ ദൈവമാക്കിയ ആര്‍ എസ് എസ് നേതാവിനെ ഗാന്ധിജിക്ക് തുല്യനാക്കുന്നു. താങ്കള്‍ക്കായി രക്തം വീഴ്ത്തിയ നൂറുകണക്കിന് പ്രവര്‍ത്തകരെ താങ്കള്‍ ചതിച്ചു. എടുത്തെറിയപ്പെട്ടപ്പോള്‍ സംരക്ഷിച്ച പ്രസ്ഥാനത്തെ താങ്കള്‍ വഞ്ചിച്ചു. ചതിയനാണെന്ന് പഴയ സഖാക്കള്‍ പറഞ്ഞപ്പോഴും വിശ്വസിക്കാതിരുന്ന ഞങ്ങള്‍ വിഡ്ഢികളായി.

പാല് തന്ന കൈകള്‍ക്ക് നേരേ താങ്കള്‍ കൊത്തി കൊണ്ടേയിരിക്കുന്നു. പുതിയ മേച്ചില്‍പുറക്കാരെയും താങ്കള്‍ കൊത്തും. ഇനി താങ്കള്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ല. നേതൃത്വം വിശദീകരണമല്ല ചോദിക്കേണ്ടത് ',പുറത്താക്കുകയാണ്'. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം അധ്യക്ഷന്‍ റിജില്‍ മാക്കൂറ്റി 'മോഡി ഭക്തിയുള്ളവന്‍ കോണ്‍ഗ്രസില്‍ വേണ്ട, അബ്ദുല്ലക്കുട്ടിക്കെതിരെ കെ.പി.സി.സി. നടപടി സ്വീകരിക്കണം' എന്ന് മുഖപുസ്തകത്തില്‍ കുറിച്ചു.

അതേസമയം, മോഡിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിന് മുഖപുസ്തകത്തില്‍ വലിയ പിന്തുണയാണ് ഉണ്ടായതെന്ന് അബ്ദുല്ലക്കുട്ടി ചൂണ്ടിക്കാട്ടി. മോഡിയെ വലുതാക്കുകയല്ല, ഗാന്ധിജിയെ ഉയര്‍ത്തിക്കാട്ടുകയാണ് താന്‍ ചെയ്തത്. അത് മനസ്സിലാക്കാന്‍ വിമര്‍ശകര്‍ക്കാവുന്നില്ല. തന്റെ നിലപാട് രാഷ്ട്രീയ ചുവട് മാറ്റമല്ല. മറിച്ച് ഗാന്ധിസത്തിന്റെ അടിസ്ഥാന വര്‍ഗങ്ങളോടുള്ള സ്‌നേഹത്തെ ഊന്നിപ്പറയുകയാണ് താന്‍.

അതെങ്ങിനെയാണ് ഒരാളെ കോണ്‍ഗ്രസുകാരനല്ലാതാക്കുന്നത്? അബ്ദുല്ലക്കുട്ടി ചോദിച്ചു. തന്നെക്കുറിച്ച് അപവാദം പറയുന്നവരോട് താനിപ്പോള്‍ മൗനം പാലിക്കുകയാണെന്നും എന്നാല്‍, എല്ലാം തുറന്നു പറയുന്ന ഒരവസരം ഇല്ലാതിരിക്കില്ലെന്നും അബ്ദുല്ലക്കുട്ടി സൂചിപ്പിച്ചു. പറയേണ്ടത് പറയേണ്ട സമയത്ത് ഞാന്‍ പറയും, അബ്ദുല്ലക്കുട്ടി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Congress Leader Praises PM Modi, Says He Adopted Gandhian Values, Kannur, News, Politics, CPM, Congress, SFI, Controversy, Trending, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal