Follow KVARTHA on Google news Follow Us!
ad

വേനല്‍ ചൂട് കൂടുന്നു; കുടിവെള്ളം പോലും കിട്ടാക്കനികളാകുന്നു

ഇപ്പോള്‍ തന്നെ വേനല്‍ ഭാരം കൂടിക്കഴിഞ്ഞു. വരാനിരിക്കുന്ന നാളുകളെ അനുഭവിച്ചറിയുക തന്നെ വേണം. മിക്ക സ്ഥലങ്ങളിലും കുടിവെള്ളം പോലും കിട്ടാകനികളായിരിക്കുകയാണ്. Article, Trending, Drinking Water, Heavy summer; No Drinking water
എ ബെണ്ടിച്ചാല്‍

(www.kvartha.com 17.03.2019) ഇപ്പോള്‍ തന്നെ വേനല്‍ ഭാരം കൂടിക്കഴിഞ്ഞു. വരാനിരിക്കുന്ന നാളുകളെ അനുഭവിച്ചറിയുക തന്നെ വേണം. മിക്ക സ്ഥലങ്ങളിലും കുടിവെള്ളം പോലും കിട്ടാകനികളായിരിക്കുകയാണ്. 'തൂറാന്‍ മുട്ടുമ്പോള്‍ പാള പരതല്‍' നമ്മുടെ ജനകീയാസൂത്രണത്തിന്റെ ഉള്‍ക്കാഴ്ച ഇല്ലായ്മയുടെ അന്തതയാണ് ഇതിന് പ്രധാന കാരണം. നാം ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പത്തരമാറ്റും നൂറു മേനിയും ഇല്ലെന്നതാണ് സത്യം മുകളിലോട്ട് തുപ്പിയിട്ട് മുഖം കാണിച്ചാലുള്ള അവസ്ഥകളാണ് നിലവിലുള്ളത്.

സൂര്യപ്രകാശം ഏല്‍ക്കാത്ത മാളങ്ങളില്‍ പാമ്പുകളെ പോലെ കഴിയുന്ന ജലത്തെ എന്നാണോ നാം പുകച്ച് പുറത്തുചാടിക്കാന്‍ തുനിഞ്ഞത് അന്നു മുതല്‍ തുടങ്ങിയതാണ് ജലക്ഷാമവും; വിഷരോഗങ്ങളും! മുതലാളിത്വത്തിന്റെ സന്തതികളാണ് ഇത്തരം സംവിധാനങ്ങള്‍ അണുകുടുംബ വ്യവസ്ഥിതി വന്നതോടുകൂടി പത്ത് സെന്റുകളിലും, അഞ്ച് സെന്റുകളിലും കുളങ്ങളും, കിണറുകളും കുഴിക്കാന്‍ വയ്യാതായി. ഇതു കാരണം നാട് നീളെ എലി മാളങ്ങള്‍! പെരുകി. മഴവെള്ളം കുടിക്കാനുള്ള ഭൂമിയുടെ വായകള്‍ അടഞ്ഞു. പിന്നെ എങ്ങിനെയാണ് ഭൂമി മാതാവ് മക്കളെ മുലയൂട്ടുക!

ജനങ്ങള്‍ അധികം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കുള്ള ഏക ജലാശ്രങ്ങള്‍ വാട്ടര്‍ അതോറിറ്റികളും മറ്റും വിതരണം ചെയ്യുന്ന പൈപ്പ് വെള്ളമാണ്. ഇടക്കൊന്ന് പൈപ്പുകള്‍ പണിമുടക്കിയാല്‍... പണിമുടക്കും, ഹര്‍ത്താലും മറ്റും നമ്മുടെയും സംസ്‌കാരത്തിന്റെ ഭാഗമാണല്ലൊ!?. കരം അടച്ച് ഇത്തരം പൈപ്പ് വെള്ളം ലഭിച്ചിരുന്നത് തന്നെ ദിവസം രണ്ട് മണിക്കൂര്‍ മാത്രമായിരുന്നു. ഇപ്പോള്‍ ഇത് ഒരു മണിക്കൂറായി കുറച്ചിരിക്കുകയാണ്. ഇതിന് കാരണം എലി മാളങ്ങള്‍ ഉണങ്ങിയത് കൊണ്ടാണ്.

മഴവെള്ളം ഒഴുകുകയും, കെട്ടിക്കിടക്കുകയും ചെയ്തിരുന്ന തോടുകളും, ചാലുകളും, നാട്ടുപള്ളങ്ങളും ഇപ്പോള്‍ കരവാസികളുടെ നക്കലില്‍ പെട്ട് ഇല്ലാതായിരിക്കുകയാണ്. അന്യാധീനപ്പെടുത്തുന്നവരില്‍ അധികവും രാഷ്ട്രീയ സ്വാധീനമുള്ളവരും, സമ്പന്നന്‍മാരുമാണ്. നിയമത്തിന്റെ ചെറുവിരല്‍ പോലും അങ്ങോട്ട് ആരും ചൂണ്ടാറില്ല. വല്ലവരും ചൂണ്ടിയാല്‍ പിന്നെ ആ വിരല്‍ കാണുകയുമില്ല. വരും നാളുകളില്‍ കുഴല്‍ കിണര്‍ കുഴിക്കാന്‍ അനുമതി ലഭിക്കില്ലെന്ന കാരണം പറഞ്ഞ് ഓരോ പറമ്പുകളിലും കഴിയുന്നത്ര കുഴല്‍ കിണര്‍ കുഴിച്ചു വെച്ചിരിക്കുകയാണ് ചിലര്‍. ദാഹിച്ചുവലയുന്നവരുടെ തൊണ്ട നനക്കാനുള്ള ഒരു തുള്ളി ജലം പോലും ലഭിക്കാത്ത തരത്തില്‍!

പണ്ട് പട്ടന്‍മാരുടെ വീട്ടുമുറ്റത്ത് എത്തുന്നവര്‍ക്ക് ആദ്യം ലഭിക്കുക കുടിവെള്ളവും, വെല്ലത്തിന്റെ കഷണവുമായിരുന്നു. അല്ലെങ്കില്‍ മോര്. കുടിവെള്ളം നല്‍കുന്നതിന്റെ പ്രാധാന്യം എന്താണെന്ന് ശരിക്കും മനസ്സിലാക്കിയവരാണ് ബ്രാഹ്മണര്‍. വെള്ളം ഒഴുകുന്ന ചാലിന്‍കരകളിലായിരുന്ന് ബ്രാഹ്മണരുടെ താമസം. ഇന്ന് ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഒരു തുള്ളി വെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ്. പ്രകൃതി ദേവിയെ മുണ്ഡനം ചെയ്തതിന്റെ ശാപമാണ് നാം ഇന്ന് അനുഭവിക്കുന്ന കുടിനീര്‍ പ്രശ്‌നത്തിന് കാരണം. ഇപ്പോള്‍ നാം കണ്ടെത്തിയിരിക്കുന്ന പ്രശ്‌ന പരിഹാര കുഴലിലൂടെ നാളെതീ പ്രഭഹിക്കില്ലന്നാരറിഞ്ഞു!

കുടിവെള്ളം പരിഹരിക്കാനുള്ള ഏക ആശ്രയം മഴവെള്ള സംഭരണം ഒന്നു തന്നെയാണ്. കുളങ്ങളും കിണറുകളും, തോടുകളും, ചാലുകളും, നാട്ടുപള്ളങ്ങളും വീണ്ടും ഉണര്‍ന്നെഴുന്നേറ്റാല്‍ (എഴുന്നേല്‍പിച്ചാല്‍) കാര്യം നിസാരവും പ്രശ്‌നം ഗുരുതരമല്ലാതാവുകയും ചെയ്യും. അല്ലാതെ ബട്ടന്‍ യുഗത്തെ നെഞ്ചേറ്റിയാല്‍ നെഞ്ചിടിപ്പിന് വേഗത കൂടുകയും മരണവെപ്രാളത്തില്‍ പോലും തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത അവസ്ഥ വരികയും ചെയ്യും.

പ്രകൃതിയാകുന്ന അമ്മയുടെ അകിട് മുറിച്ച് മാറ്റിയിട്ട് കുട്ടികള്‍ക്ക് അമ്മിഞ്ഞ കിട്ടുന്നില്ല എന്ന് വിലപിക്കുന്നവരുടെ പട്ടികയില്‍പെട്ടവരാണ് നമ്മള്‍. പ്രകൃതി കനിഞ്ഞു നല്‍കുന്ന കുടിവെള്ളത്തെ എന്നു നാം കൈ പിടിയില്‍ ഒതുക്കി വില്‍പ്പന ചരക്കാക്കാന്‍ തുനിഞ്ഞുവോ- അന്ന് മുതല്‍ തുടങ്ങിയതാണ് ജലക്ഷാമം. പിന്നെ പ്രകൃതി മാതാവ് സഹിക്കുമോ? പൊറുക്കുമോ !?

കാണുന്ന സര്‍വ്വേ കല്ലുകളില്‍ മാത്രം മൂത്രം ഒഴിക്കുന്ന സ്വഭാവത്തില്‍ നിന്നും മാറിച്ചിന്തിക്കുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള വിവേകം നമുക്ക് എന്ന് മുതല്‍ ഉണ്ടാകുന്നുവോ -അന്ന് മാത്രമേ നാട്ടിലെ കുടിവെള്ളം പോലുള്ള നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുകയുള്ളൂ.

ഞാന്‍ മാത്രമെന്ന ചിന്താഗതി നിലനില്‍ക്കുന്ന നമ്മുടെ ശരീരത്തിലെ കണ്ണുകളും, കാതുകളും, കൈകളും, കാലുകളും, മറ്റു അവയവങ്ങളും ഞാന്‍ മാത്രമെന്ന ചിന്തയില്‍ തളക്കപ്പെട്ടാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ.!? ഇതുപോലെ തന്നെയാണ് നാട്ടില്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതിയും. നമുക്ക് എന്നതിനെ തോല്‍പ്പിച്ച് കൊണ്ടുള്ള എനിക്ക് എന്ന വിജയം നമുക്ക് എന്ന ഉറവകളുടെ കടക്കല്‍ എനിക്ക് എന്ന കോടാലി പ്രയോഗം. അപാരം, ഭയങ്കരം തന്നെയല്ലെ?

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Trending, Drinking Water, Heavy summer; No Drinking water
  < !- START disable copy paste -->