Follow KVARTHA on Google news Follow Us!
ad

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും Thalassery, News, Kerala, Crime, Molestation, Case, Court, Police, hospital
തലശ്ശേരി: (www.kvartha.com 16.02.2019) കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിക്ക് 20 വര്‍ഷം കഠിന തടവും മൂന്ന് ലക്ഷം രൂപ പിഴയും. തലശ്ശേരി പോക്‌സോ കോടതി ജഡ്ജി പിഎന്‍ വിനോദാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് ശിക്ഷ.

വിവിധ കുറ്റങ്ങള്‍ക്ക് 60 വര്‍ഷം തടവ് വിധിച്ചെങ്കിലും 20 വര്‍ഷം തടവ് ഒന്നിച്ചനുഭവിച്ചാല്‍ മതി. ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിലെ മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. അമ്മയുടേയും കുട്ടിയുടേയും സംരക്ഷണം ഏറ്റെടുത്തുകൊള്ളാമെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും റോബിന്‍ കോടതിയോട് അപേക്ഷിച്ചിരുന്നു.

 Kottiyoor molest case: Fr. Robin Vadakkumchery gets 20 yrs imprisonment, Thalassery, News, Kerala, Crime, Molestation, Case, Court, Police, Hospital

അതേസമയം പിഴയില്‍ നിന്ന് ഒന്നരലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. കള്ളസാക്ഷി പറഞ്ഞതിന് കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയോട് പെണ്‍കുട്ടി ജന്മം നല്‍കിയ കുട്ടിക്ക് സംരക്ഷണം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

വിട്ടയച്ച പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കമ്പ്യൂട്ടര്‍ പഠിക്കാനെത്തിയ കുട്ടിയെ സ്വന്തം മുറിയില്‍ വെച്ചാണ് ഫാദര്‍ റോബിന്‍ പീഡിപ്പിച്ചത്. കൂത്തുപറമ്പ് ആശുപത്രിയിലായിരുന്നു പെണ്‍കുട്ടിയുടെ പ്രസവം. ചൈല്‍ഡ് ലൈന് ലഭിച്ച രഹസ്യ വിവരം പോലീസിന് കൈമാറിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ 2017 ഫെബ്രുവരിയിലാണ് ഫാദര്‍ റോബിനെ കസ്റ്റഡിയിലെടുക്കുന്നത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ആശുപത്രി അധികൃതര്‍ അടക്കം പത്ത് പേരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പ്രസവവിവരം മറച്ചുവെച്ചുവെന്ന കുറ്റം നേരിട്ട ആശുപത്രിയിലെ ഡോക്ടര്‍മാരെയും അഡ്മിനിസ്‌ട്രേറ്ററേയും വിടുതല്‍ ഹര്‍ജി അംഗീകരിച്ച് സുപ്രീം കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ഫാദര്‍ റോബിന്‍ വടക്കുംചേരിയാണ് കേസിലെ ഒന്നാം പ്രതി. അതേസമയം കേസില്‍ ഉള്‍പ്പെട്ട കന്യാസ്ത്രീ അടക്കമുള്ളവരുടെ കുറ്റം തെളിയിക്കാനായില്ല. വിചാരണ വേളയില്‍ പെണ്‍കുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നു.

തുടക്കത്തില്‍ 10 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ നിന്നും മൂന്ന് പേരെ സുപ്രീം കോടതി ഒഴിവാക്കിയിരുന്നു. ബാക്കിയുള്ള ഏഴുപേരാണ് വിചാരണ നേരിട്ടത്. ഒന്നാം പ്രതിയായ ഫാദര്‍ റോബിന്‍ വടക്കംചേരിയെ കൂടാതെ കേസിലെ രണ്ടാംപ്രതി കൊട്ടിയൂര്‍ പാലുകാച്ചി നെല്ലിയാനി വീട്ടില്‍ തങ്കമ്മ എന്ന അന്നമ്മ (54), ആറാംപ്രതി മാനന്തവാടി തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ കൊട്ടിയൂര്‍ നെല്ലിയാനി വീട്ടില്‍ ലിസ് മരിയ എന്ന എല്‍സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ (48), എട്ടാംപ്രതി മാനന്തവാടി വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലെ സിസ്റ്റര്‍ കോട്ടയം പാലാ മീനച്ചില്‍ നന്തിക്കാട്ട് വീട്ടില്‍ ഒഫീലിയ (73), ഒന്‍പതാം പ്രതി കൊളവയല്‍ സെയ്ന്റ് ജോര്‍ജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസില്‍ ഫാ. തോമസ് ജോസഫ് തേരകം (68), പത്താംപ്രതി വയനാട് ശിശുക്ഷേമസമിതി അംഗവും കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്‍ സിസ്റ്റര്‍ ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനാണ് വിചാരണ ആരംഭിച്ചത്. 38 സാക്ഷികളെ വിസ്തരിക്കുകയും 80 രേഖകളും ഏഴ് തൊണ്ടി മുതലുകളും പരിശോധിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പ്രായപൂര്‍ത്തി ആയെന്നും ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം ആയതിനാല്‍ കുറ്റകരമല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജുു വനൈല്‍ ജസ്റ്റിസ് ആക്ട് 2015 പ്രകാരം പ്രായം തെളിയിക്കാനുള്ള ജനന സര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റും പ്രോസിക്യൂഷന്‍ ഹാജരാക്കി.

പെണ്‍കുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇതോടെ കാനഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ഫാദര്‍ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 17കാരി കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിന് രാവിലെ 9.25മണിയോടെയാണ് പ്രസവിച്ചത്. അന്ന് വൈകിട്ട് തന്നെ കുഞ്ഞിനെ അതീവ രഹസ്യമായി വൈത്തിരിയിലെ എച്ച് ഐ എം ഫൗണ്ടിംഗ് ഹോമിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kottiyoor molest case: Fr. Robin Vadakkumchery gets 20 yrs imprisonment, Thalassery, News, Kerala, Crime, Molestation, Case, Court, Police, Hospital.