Follow KVARTHA on Google news Follow Us!
ad

കേരളത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍; വിവിധ സംരംഭങ്ങളുടെ പ്രഖ്യാപനം 15ന് ദുബൈയില്‍

കേരളത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍Dubai, News, Politics, Pension, Gulf, World,
ദുബൈ: (www.kvartha.com 14.02.2019) കേരളത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍. വിവിധ സംരംഭങ്ങളുടെ പ്രഖ്യാപനം 15ന് ദുബൈയില്‍ നടക്കും. കേരളത്തിന്റെ വികസനത്തിനായി നിക്ഷേപം നടത്തുന്ന പ്രവാസികള്‍ക്ക് ഉയര്‍ന്ന ഡിവിഡന്റും ജീവിതാവസാനം വരെ പെന്‍ഷനും നല്‍കുന്ന പദ്ധതിയുടെ രൂപരേഖയാണ് തയ്യാറായിട്ടുള്ളത്.

വെള്ളിയാഴ്ച ദുബൈയില്‍ നടക്കുന്ന ലോകകേരള സഭ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതിക്ക് തുടക്കം കുറിക്കും. പ്രവാസി നിക്ഷേപം സ്വരൂപിക്കാന്‍ പ്രത്യേക കമ്പനി, പ്രവാസി ഗവേഷണത്തിന് അന്താരാഷ്ട്ര പ്രവാസി പഠന കേന്ദ്രം, മടങ്ങിയെത്തുന്ന പ്രവാസികളുടെ ആഭിമുഖ്യത്തിലുള്ള നിര്‍മാണ കമ്പനി, പുനരധിവാസ പദ്ധതികള്‍ എന്നിവയും ലോകകേരളസഭയില്‍ പ്രഖ്യാപിക്കും.

Kerala CM Pinarayi Vijayan lands in UAE for 4-day visit, Dubai, News, Politics, Pension, Gulf, World.

ചുരുങ്ങിയത് അഞ്ചു ലക്ഷം രൂപയോ അതിന്റെ ഗുണിതങ്ങളോ നിക്ഷേപിക്കുന്നവര്‍ക്ക് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം. കേരളത്തിന്റെ വികസനത്തിനുള്ള അടിസ്ഥാന സൗകര്യ വികസനനിധിയിലോ (കിഫ്ബി) സമാന ഏജന്‍സികളിലോ ആണ് ഈ പണം നിക്ഷേപിക്കുക. 12 ശതമാനം പലിശത്തുക ഡിവിഡന്റായി നിക്ഷേപകന് നല്‍കും. അഞ്ച് വര്‍ഷം പൂര്‍ത്തിയായാല്‍ പ്രതിമാസ വരുമാനം ലഭിച്ചുതുടങ്ങും.

ഇതിനുശേഷം എപ്പോള്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയാലും പെന്‍ഷനും ലഭിക്കും. പ്രതിമാസം മിനിമം 2000 രൂപയാണ് പെന്‍ഷന്‍. പ്രായം ബാധകമല്ല. പലിശയും സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താണ് പെന്‍ഷന്‍ നല്‍കുക. ഇതിന്റെ കൃത്യമായ കണക്ക് പിന്നാലെ ക്രമീകരിക്കും.

ദുബൈ എത്തിസലാത്ത് അക്കാഡമി ഹാളിലാണ് 15, 16 തീയതികളില്‍ ലോകകേരളസഭ ചേരുക. പ്രവാസികളുടെ ക്ഷേമ, തൊഴില്‍ പ്രശ്‌നങ്ങളും മടങ്ങിയെത്തുന്നവരുടെ പുനരധിവാസവും ചര്‍ച്ചയാവും. സഭയുടെ ഏഴ് സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ 48 ശുപാര്‍ശകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. 3.5 മില്യണ്‍ പ്രവാസി മലയാളികളെ പ്രതിനിധീകരിച്ച് 150 അംഗങ്ങള്‍ സഭയില്‍ പങ്കെടുക്കും.

യു.എ.ഇയിലെ മലയാളികളെ പ്രതിനിധീകരിച്ച് 25 പേരുണ്ടാവും. മുഖ്യമന്ത്രിക്ക് പുറമെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, കെ.സി. ജോസഫ് എം.എല്‍.എ, ചീഫ് സെക്രട്ടറി ടോംജോസ്, പ്രവാസികാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍, പ്രവാസി ക്ഷേമനിധിബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ്, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുക്കും. 2020 ജനുവരിയില്‍ നിയമസഭയില്‍ നടത്തുന്ന വിശാല സഭയ്ക്ക് മുന്നോടിയായാണ് പശ്ചിമേഷ്യന്‍ സമ്മേളനം.

ബാങ്കുകളില്‍ കുന്നുകൂടുന്ന പ്രവാസികളുടെ നിക്ഷേപം കേരളത്തിന്റെ വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കുന്ന പദ്ധതിയാണിത്. പ്രവാസിപ്പണം ഉപയോഗിച്ച് അടിസ്ഥാനസൗകര്യവികസനത്തില്‍ കുതിച്ചുചാട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

പശ്ചിമേഷ്യയിലെ പ്രമുഖ മലയാളി വ്യവസായികളായ ഡോ. എം.എ. യൂസഫലി, ഡോ. രവിപിള്ള, ഡോ. ആസാദ്മൂപ്പന്‍ തുടങ്ങിയവര്‍ സഭയില്‍ പങ്കെടുക്കും. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രതിനിധികളുമെത്തും. 15ന് വൈകിട്ട് ഏഴിന് എത്തിസലാത്ത് മൈതാനത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പൊതുസമ്മേളനത്തില്‍ 15,000 പ്രവാസികള്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം യു.എ.ഇയിലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala CM Pinarayi Vijayan lands in UAE for 4-day visit, Dubai, News, Politics, Pension, Gulf, World.