Follow KVARTHA on Google news Follow Us!
ad

എസ് ബി ഐ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രതികളായ ഇടതു നേതാക്കളുടെ അറസ്റ്റ് വൈകിക്കുന്നു; നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമം, ഡിവൈഎഫ്‌ഐ നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുന്നു; പ്രതികള്‍ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് കാട്ടി വനിതാ ജീവനക്കാരും രംഗത്ത്

കേന്ദ്രസര്‍ക്കാരിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പണിമുടക്കിനിടെThiruvananthapuram, News, Harthal, Bank, attack, SBI, Complaint, Case, Kerala,
തിരുവനന്തപുരം: (www.kvartha.com 11.01.2019) കേന്ദ്രസര്‍ക്കാരിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ആക്രമിച്ച സംഭവത്തില്‍ ഇടതു നേതാക്കളെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസത്തില്‍ എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് അടിച്ചുതകര്‍ത്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കി കേസ് പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഡിവൈഎഫ്‌ഐ നേതാവിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ചയ്ക്കു ശ്രമവും തുടരുന്നുണ്ട്.

പരാതിയുമായി മുന്നോട്ടുപോയാല്‍ ബാങ്ക് ആക്രമിച്ചവരുടെ ജോലി പോകുമെന്നും ദയ ഉണ്ടാകണമെന്നുമാണ് ഒത്തു തീര്‍പ്പുകാരുടെ അപേക്ഷ. എന്നാല്‍ വിഷയത്തില്‍ അനുകൂലമായ പ്രതികരണങ്ങള്‍ക്ക് ബാങ്ക് ഇതുവരെ തയാറായിട്ടില്ലെന്നാണു ലഭ്യമായ വിവരം.

Strike Jan 9: SBI Thiruvananthapuram branch attacked, Thiruvananthapuram, News, Harthal, Bank, Attack, SBI, Complaint, Case, Kerala

ധാരണയാകും വരെ അക്രമികളുടെ അറസ്റ്റ് വൈകിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. അതേസമയം ബാങ്ക് അക്രമിച്ച ഇടത് നേതാക്കള്‍ക്കെതിരെ വനിതാ ജീവനക്കാരും രംഗത്തെത്തി. അസഭ്യം വിളിച്ചു തങ്ങളെ അപമാനിച്ചതായി വനിതാ ജീവനക്കാര്‍ റീജിയണല്‍ മാനേജര്‍ക്കു പരാതി നല്‍കി. ഈ പരാതി പോലീസിനു കൈമാറാനും സാധ്യതകളുണ്ട്.

അതേസമയം, കേസില്‍ അഞ്ച് പേരെ കൂടി പോലീസ് തിരിച്ചറിഞ്ഞിരുന്നു. അതില്‍ എന്‍.ജി.ഒ യൂണിയന്റെ പ്രമുഖ നേതാക്കളായ സുരേഷ് ബാബു, സുരേഷ്, അനില്‍, ശ്രീവത്സന്‍ തുടങ്ങിയവരാണുള്ളത്. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങളൊന്നും പോലീസിന്റെ ഭാഗത്ത് നിന്നും നടക്കുന്നില്ല.

ആക്രമിക്കുമ്പോള്‍ രണ്ട് പേര്‍ മാത്രമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ബാങ്കിന്റെ ഭാഗത്ത് നിന്ന് മൊഴി നല്‍കാന്‍ അധികൃതരുമായി ചര്‍ച്ച നടത്താനും ശ്രമമുണ്ട്. പരാതിയുമായി മുന്നോട്ട് പോയാല്‍ ബാങ്ക് ആക്രമിച്ചവരുടെ ജോലി നഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തുന്നത്.

എന്‍ജിഒ യൂണിയന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവും അടക്കം 15 പേര്‍ പ്രതികളെന്ന് തിരിച്ചറിഞ്ഞെങ്കിലും രണ്ട് പേര്‍ കീഴടങ്ങിയതല്ലാതെ ആരെയും ഇതുവരെ പിടിച്ചിട്ടില്ല. തലസ്ഥാനത്തെ പ്രധാന ഇടതു നേതാക്കളായ മറ്റു പ്രതികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായും ഇവര്‍ ഒളിവിലാണെന്ന് പറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കുകയുമാണ്.

പിടിയിലായവരെ റിമാന്‍ഡ് ചെയ്യാന്‍ കൊണ്ടുപോകുന്ന സമയം മാധ്യമങ്ങളില്‍ നിന്ന് പ്രതികളെ ഒളിപ്പിക്കാന്‍ ഇടത് നേതാക്കള്‍ക്ക് പോലീസ് പരമാവധി ഒത്താശയും ചെയ്തു. പ്രതികളല്ലാത്ത നേതാക്കന്‍മാര്‍ പോലീസ് സ്‌റ്റേഷന് ഉള്ളില്‍ ചെന്ന് കവചം തീര്‍ത്താണ് പുറത്തുകൊണ്ടുവന്നത്. മറ്റൊരാളാണ് പ്രതിയെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ പോലീസും നേതാക്കള്‍ക്കൊപ്പം അഭിനയിച്ചു. ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്ന നേതാക്കളില്‍ മാത്രം കേസ് ഒതുക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Strike Jan 9: SBI Thiruvananthapuram branch attacked, Thiruvananthapuram, News, Harthal, Bank, Attack, SBI, Complaint, Case, Kerala.