Follow KVARTHA on Google news Follow Us!
ad

ഇരുളിന്റെ മറവില്‍ നടത്തേണ്ടതല്ല നവോത്ഥാനം: ശബരിമലയില്‍ സ്ത്രീ പ്രവേശനം നടത്തിയ പിണറായി വിജയന്‍ വിശ്വാസികളേയും ജനങ്ങളേയും ഒരുപോലെ വഞ്ചിച്ചുവെന്ന് പ്രീതി നടേശന്‍; സംഭവം വിവാദമായതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായിKochi, News, Politics, Religion, Sabarimala Temple, Criticism, Chief Minister, Pinarayi vijayan, Kerala
കൊച്ചി: (www.kvartha.com 05.01.2019) ശബരിമലയില്‍ രണ്ട് യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശന്‍. 

വനിതാമതിലിന്റെ തൊട്ടടുത്ത ദിവസം ശബരിമലയില്‍ രണ്ടു യുവതികള്‍ കയറിയതില്‍ താന്‍ അസ്വസ്ഥയാണെന്നും രണ്ടാം നവോത്ഥാനമെന്ന പേരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്നും പ്രീതി കുറ്റപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രീതി നടേശന്‍ ആഞ്ഞടിച്ചത്.

 Preethi Natesan slams Kerala government, Kochi, News, Politics, Religion, Sabarimala Temple, Criticism, Chief Minister, Pinarayi vijayan, Kerala.

മതിലിന്റെ തൊട്ടടുത്ത ദിവസം ഒരു സ്ത്രീ കരഞ്ഞു കൊണ്ട് എന്നെ വിളിച്ചു പറഞ്ഞു: നടക്കാന്‍ പാടില്ലാത്തതു സംഭവിച്ചു. യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചു ! ഇതറിഞ്ഞ സമയത്താണു ഞങ്ങള്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലായത് എന്ന് പ്രീതി നടേശന്‍ പറഞ്ഞു. യുവതീപ്രവേശത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും രീതികളുമെല്ലാം തെറ്റായിരുന്നു.

നവോത്ഥാനത്തിന്റെ പേരില്‍ ഞങ്ങള്‍ കടുത്ത വഞ്ചന നേരിട്ടെന്നാണു കരുതുന്നത്. വനിതാമതില്‍ ശബരിമലയുമായി ബന്ധപ്പെട്ടുള്ളതല്ലെന്നു ഞങ്ങള്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ സാമൂഹികമൂല്യങ്ങളും നവോത്ഥാന സന്ദേശങ്ങളും ഉയര്‍ത്തിപ്പിടിക്കാനാണു മതിലുയര്‍ത്തിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മതിലില്‍നിന്നു വിട്ടുനിന്നിരുന്നെങ്കില്‍, ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള നവോത്ഥാനത്തില്‍ നിങ്ങള്‍ എന്തുകൊണ്ടു പങ്കെടുത്തില്ലെന്നു വരുംതലമുറ ചോദിക്കുന്ന സ്ഥിതിയുണ്ടാകും. അതുകൊണ്ടു മാത്രമാണ് പങ്കെടുത്തത്.

എസ്എന്‍ഡിപി കൗണ്‍സിലും ബോര്‍ഡും ചേര്‍ന്നാണു വനിതാമതിലില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. യോഗത്തിന്റെ എക്‌സിക്യുട്ടീവ് ഓഫിസര്‍ എന്ന നിലയില്‍ വെള്ളാപ്പള്ളി ആ തീരുമാനത്തിനൊപ്പം നിന്നു. ശബരിമല യുവതീപ്രവേശത്തിനെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതൊന്നും മനസ്സിലാക്കുന്നില്ലെന്നുള്ളതു വേദനാജനകമാണ്. പിണറായി വിജയന്‍ ഇക്കാര്യത്തില്‍ വിശാലമനസ്‌കത കാണിക്കുന്നില്ല. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിച്ചെന്നത് ഏറെ മോശമായെന്നു ഞാനും കരുതുന്നു.

പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി എന്തു പറയുമെന്നു നമുക്കറിയില്ല. പക്ഷേ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മത, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തേണ്ടിയിരുന്നു. ജനുവരി 22 ന് പുനഃപരിശോധനാ ഹര്‍ജിയിലെ തീരുമാനം വരുന്നതുവരെയെങ്കിലും വിധി നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രി സാവകാശം കാണിക്കണമായിരുന്നുവെന്നും പ്രീതി പറയുന്നു.

ഇരുട്ടത്ത്, രഹസ്യമായി നടക്കേണ്ടതല്ല നവോത്ഥാനം. തലയില്‍ തുണിയിട്ടു മുഖം മറച്ചാണു യുവതികള്‍ സന്നിധാനത്തെത്തിയത്. പല ക്ഷേത്രങ്ങളിലും ആചാരങ്ങള്‍ മാറി. വളരെ സാവധാനം സംഭവിക്കുന്ന മാറ്റമാണിത്. ഭരണഘടനയിലെ പല നിയമങ്ങളും ഭേദഗതി ചെയ്യപ്പെടുന്നതു വര്‍ഷങ്ങളുടെ സംവാദങ്ങള്‍ക്കു ശേഷമാണ്. സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കു നമ്മള്‍ വലിയ വില കൊടുക്കേണ്ടി വന്നു. എത്ര പേരെയാണ് ഈ നീക്കം ബാധിച്ചത്? എത്ര ആളുകളാണു ജയിലിലായത്? എന്നും പ്രീതി ചോദിക്കുന്നു.

രക്തച്ചൊരിച്ചില്‍ ഇല്ലാതെയാണു നവോത്ഥാനം സാധ്യമാകേണ്ടത്. ശാഠ്യം നിറഞ്ഞ നിലപാടുകളില്‍നിന്നു മുഖ്യമന്ത്രി താഴേക്കു വരണം. ജനങ്ങളുടെ ഭാഗത്തുനിന്നു ചിന്തിക്കണം. വനിതാമതില്‍ നടന്നതിനു പിറ്റേന്ന് ആ മതിലിന്റെ ശക്തി അദ്ദേഹം തകര്‍ത്തുകളഞ്ഞു. വനിതാമതിലിലൂടെ പിണറായി വിജയനു ചുറ്റുമുണ്ടായ പ്രഭാവലയം ശബരിമലയിലെ യുവതീപ്രവേശത്തോടെ നഷ്ടമായതായും പ്രീതി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ഡിപി യോഗം ഭക്തര്‍ക്കൊപ്പമാണെന്നു ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തേ വ്യക്തമാക്കിയതാണ്. ഇപ്പോഴും അതുതന്നെയാണു നിലപാട്. ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്ന സമുദായവും സംഘടനയുമാണു ഞങ്ങളുടേത്. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചു സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍, ഞങ്ങളോടൊപ്പമുള്ള യുവതികളാരും ശബരിമലയില്‍ പ്രവേശിക്കില്ലെന്നു നിലപാടെടുത്തിരുന്നു. അയ്യപ്പനില്‍ വിശ്വാസമുള്ള, ആചാരങ്ങള്‍ പാലിക്കുന്ന യുവതികളാരും ശബരിമലയില്‍ പോകില്ല.

എന്നാല്‍ തീര്‍ച്ചയായും ചില ആക്ടിവിസ്റ്റുകള്‍ പോയേക്കാം. ശ്രീനാരായണ ധര്‍മം ആചരിക്കുന്നവരും പിന്തുടരുന്നവരുമാണു ഞങ്ങള്‍. ആര്‍ത്തവത്തിനു ശേഷം ശുദ്ധിയായി ഏഴു ദിവസത്തിനു ശേഷമേ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കാവൂവെന്നാണു ഗുരുസ്മൃതിയില്‍ ശ്രീനാരായണ ഗുരുദേവന്‍ പറയുന്നത്. ആര്‍ത്തവ സമയത്ത് ഉപയോഗിച്ചിരുന്ന എല്ലാം ശുദ്ധിയാക്കണമെന്നും ഗുരുസ്മൃതിയിലുണ്ട്.

ഭക്തരെ ഏറെ വേദനിപ്പിക്കുന്നതായിരുന്നു സുപ്രീംകോടതി വിധി. ഞങ്ങളുടെ കുട്ടികള്‍ പ്രതിഷേധത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കാത്തതിനാലാണു റിവ്യൂ ഹര്‍ജി നല്‍കണമെന്നു തീരുമാനിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ജയിലില്‍ കഴിയുന്നവരിലും കേസില്‍പെട്ടവരിലും കൂടുതലുള്ളത് ഈഴവ സമുദായക്കാരാണ്. എസ്എന്‍ഡിപി യോഗത്തെ പിന്തുണയ്ക്കുന്നവരില്‍ സിപിഎം, കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ മാത്രമല്ല നക്‌സലുകള്‍ വരെയുണ്ട്. അക്രമം ഒന്നിനും പരിഹാരമല്ലെന്നും പ്രീതി പറയുന്നു.

സ്ത്രീയെന്ന നിലയിലും വോട്ടര്‍ എന്ന നിലയിലും കേരളത്തില്‍ ഒരു സ്ത്രീക്കും രാത്രിയില്‍ ഭയമില്ലാതെ പുറത്തിറങ്ങി നടക്കാനാവില്ലെന്ന് എനിക്കറിയാം. സ്ത്രീകള്‍ക്കു ഭയമില്ലാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കുന്ന കാര്യം വനിതാമതിലിന്റെ പ്രധാന അജണ്ട ആക്കാമായിരുന്നില്ലേ? വനിതാമതിലില്‍ പങ്കെടുക്കുമ്പോഴും ഞങ്ങള്‍ യുവതീപ്രവേശനത്തിന് എതിരായിരുന്നു. മതിലില്‍ പങ്കെടുക്കണോയെന്ന് എസ്എന്‍ഡിപി യോഗത്തിലെ നിരവധി സ്ത്രീകള്‍ സംശയിച്ചു. ജനറല്‍ സെക്രട്ടറി നേരിട്ടു വിളിച്ചതിനാലാണ് അവരെല്ലാം എത്തിയത്.

വനിതാമതിലിനെത്തിയപ്പോള്‍ പ്രതിജ്ഞ വായിക്കാന്‍ സി.എസ്.സുജാത ആവശ്യപ്പെടുകയായിരുന്നു. വിയോജിക്കാന്‍ ഒന്നുമില്ലാത്തതിനാലാണു പ്രതിജ്ഞ വായിച്ചുകൊടുത്തത്. പ്രതിജ്ഞയില്‍ യുവതീപ്രവേശനത്തെയോ ശബരിമലയെയോ കുറിച്ച് ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പങ്കെടുക്കാതെ മടങ്ങുമായിരുന്നു. ശബരിമലയില്‍ യുവതീപ്രവേശനത്തിനു വേണ്ടിയുള്ള മതിലാണെന്ന് ആരെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞങ്ങളാരും പോകില്ലായിരുന്നു എന്നും പ്രീതി നടേശന്‍ പറഞ്ഞു.

അതേസമയം മറ്റ് മാധ്യമങ്ങള്‍ ഇതേക്കുറിച്ച് പ്രതികരിക്കാനായി പ്രീതി നടേശനുമായി ബന്ധപ്പെട്ടെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ ആയിരുന്നു. പ്രീതി നടേശന്റെ വാക്കുകള്‍ ദേശീയ മാധ്യമം വളച്ചൊടിച്ചതാകാമെന്ന പ്രസ്താവനയുമായി ഇതിനിടയില്‍ വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Preethi Natesan slams Kerala government, Kochi, News, Politics, Religion, Sabarimala Temple, Criticism, Chief Minister, Pinarayi vijayan, Kerala.