» » » » ഹര്‍ത്താലുകള്‍ എങ്ങനെയാണ് ജനദ്രോഹമാകുന്നത്?

കെ കെ കുമ്പള

(www.kvartha.com 14.01.2019) കേരളം ഹര്‍ത്താലുകളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ നേരിടേണ്ട ഏറെ വിഷമകരമായ സാഹചര്യമാണ് കേരളീയര്‍ക്കുള്ളത്. കാരണമുണ്ടായാലും ഇല്ലെങ്കിലും മാസത്തില്‍ നാലഞ്ച് ഹര്‍ത്താലുകള്‍ വേണമെന്ന് ചിലര്‍ക്കൊക്കെ വാശിയുള്ളതുപോലെ. ജനിച്ചാലും മരിച്ചാലും ഹര്‍ത്താല്‍.! തൊട്ടാലും കുത്തിയാലും ഹര്‍ത്താല്‍.! വില കൂടിയാലും കുറഞ്ഞാലും ഹര്‍ത്താല്‍.!

രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആഹ്വാനം നടത്താന്‍ ഒരു കാരണം കിട്ടാന്‍ കാത്തിരിക്കുകയാണ്. തങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരെ ആരെങ്കിലും ചെറുതായി ചീത്ത വിളിച്ചാല്‍ മതി പിന്നെ ബഹളമായി ഹര്‍ത്താലായി... ഇനി എവിടെയെങ്കിലും വ്യക്തി തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ തന്നെ അതിനെ രാഷ്ട്രീയ - വര്‍ഗീയ കലാപമായും അക്രമമായും ചിത്രീകരിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിക്കും. തീര്‍ത്തും വ്യക്തിപരമായ കാരണത്താല്‍ ആരെങ്കിലും ആത്മഹത്യ ചെയ്താല്‍ അയാളെ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തകനായും അയാളുടെ ആത്മഹത്യയെ രാഷ്ട്രീയ കൊലപാതകമായും ചിത്രീകരിക്കും. ചിലപ്പോള്‍ അത് വര്‍ഗീയ കൊലപാതകവുമാകും.
 Article, Harthal, Disturb,  Kerala, Political Party, Sabarimala Issue, Murder, Hartal: How to disturb public?

ചുരുക്കത്തില്‍ ഹര്‍ത്താലുകള്‍ ഒരു രാഷ്ട്രീയ മുതലെടുപ്പിനുള്ള നിമിത്തമായി മാറിയിരിക്കുന്നു. ഈയിടെ കേരളത്തില്‍ നടന്ന ഒരു സ്വാഭാവിക ആത്മഹത്യ ചെന്നവസാനിച്ചത് ഹര്‍ത്താലിലായിരുന്നു. പലര്‍ക്കുമറിയില്ല, എന്തിനായിരുന്നു ആ ഹര്‍ത്താലെന്ന്. തീര്‍ത്തും രാഷ്ട്രീയ കളികളായിരുന്നു അതിനു പിന്നില്‍.

കേരളത്തില്‍ ശബരിമല പ്രശ്‌നം കത്തിപ്പടര്‍ന്നപ്പോള്‍ത്തന്നെ കണക്കുകൂട്ടിയതായിരുന്നു ഒരു ഹര്‍ത്താല്‍ കൂടി കടന്നു വരുമെന്ന്. ആ ഊഹവും തെറ്റിയില്ല. ശബരിമലയില്‍ സ്ത്രീ പ്രവേശിച്ചുവെന്നറിഞ്ഞ ഉടനെ സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം വന്നു. തീര്‍ന്നില്ല, ഉടനെ വന്നു കേന്ദ്ര സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ തുടരെ രണ്ട് ദിവസം ജനദ്രോഹ പണിമുടക്ക്...!

ഏറെ കൗതുകം തന്നെ! ഇനി ഹര്‍ത്താലുകള്‍ക്കെതിരെ ഒരു ഹര്‍ത്താല്‍ കൂടി നടക്കാന്‍ ബാക്കി.! ഗുണത്തേക്കാളേറെ ദോഷങ്ങളാണ് ഓരോ ഹര്‍ത്താലുകളും വരുത്തിത്തീര്‍ക്കുന്നത്. നിത്യചെലവിനായി ദൈനംദിനം വിയര്‍പ്പൊഴുക്കുന്നവരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന ഏര്‍പ്പാടാണിത്. പെട്രോളിന്റെയും നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിക്കുമ്പോള്‍ കണ്ടുവരാറുള്ള പണിമുടക്കും ഹര്‍ത്താലുകളും പൊതുനന്മക്ക് വേണ്ടിയാണെന്ന് സമ്മതിച്ചാല്‍ തന്നെയും അതിലും നിരവധി ദോഷങ്ങള്‍ ഉണ്ടാവാറുണ്ട്..

കഴിഞ്ഞ ഒരു വര്‍ഷം നടന്ന ഹര്‍ത്താലുകളുടെ എണ്ണം കേട്ട കേരളത്തിലെ ജനങ്ങളും ഹൈക്കോടതിയും ഞെട്ടി. മൊത്തം 97 ഹര്‍ത്താലുകള്‍... ഈ ഹര്‍ത്താലുകള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നത് നിഷ്പക്ഷരും നിരപരാധികളുമായ പാവം സാധാരണ ജനങ്ങളാണ്. ഒപ്പം നശിപ്പിക്കപ്പെടുന്നത് കോടികളുടെ പൊതുമുതലുകളും.!

ഹര്‍ത്താല്‍ മുഖേന വ്യാപാര മേഖല പൂര്‍ണ്ണമായും സ്തംഭിക്കുകയാണ്. പൊടുന്നനെ പ്രഖ്യാപിക്കുന്ന ഇത്തരം ഹര്‍ത്താലുകളില്‍ സഹകരിക്കില്ലെന്ന് വ്യാപാരികളും വ്യവസായികളും വീരവാദം മുഴക്കുന്നുണ്ടെങ്കിലും ഹര്‍ത്താലനുകൂലികളുടെ അക്രമം ഭയന്ന് ബഹുഭൂരിഭാഗം വ്യാപാരികളും കടകള്‍ തുറക്കാറില്ല.

ഹര്‍ത്താലുകള്‍ സ്തംഭിപ്പിക്കുന്നതും തകര്‍ക്കുന്നതും വ്യാപാര മേഖലയെ മാത്രമല്ല വിദ്യാഭ്യാസ മേഖലയെയും കൂടിയാണ്. പ്രളയത്തെത്തുടര്‍ന്ന് നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടതിനു പുറമെ ഹര്‍ത്താലിന്റെ പേരിലും ഇരുപതോളം അവധികള്‍ കൂടി ഉണ്ടായി. പൊതു അവധി ദിനങ്ങള്‍, ഓണം - ക്രിസ്തുമസ് വെക്കേഷനുകള്‍ തുടങ്ങി ആകെ കണക്കു കൂട്ടി നോക്കുമ്പോള്‍ പ്രവൃത്തി ദിനങ്ങള്‍ നന്നേ കുറവ്. ഇത് വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതിയെയും മൊത്തം വിദ്യാഭ്യസം മേഖലയെയും സാരമായി ബാധിക്കും.

ഇതിനൊക്കെയും പുറമെ നമ്മെ വേദനിപ്പിക്കുന്നത് ഹര്‍ത്താല്‍ ദിനത്തില്‍ അഴിച്ചുവിടുന്ന നരനായാട്ടുകളാണ്. ബസുകള്‍ക്ക് നേരെയും ആരാധനാലയങ്ങള്‍ക്ക് നേരെയും കല്ലേറുകള്‍, കത്തി കുത്ത്, ബോംബേറ്, മറ്റു അക്രമങ്ങള്‍, പൊതുമുതലുകള്‍ നശിപ്പിക്കല്‍, സംഘട്ടനങ്ങള്‍ തുടങ്ങിയവ അരങ്ങേറുന്നു. പ്രളയം സൃഷ്ടിച്ചെടുത്ത സകലമാന ഐക്യബോധവും സാഹോദര്യ മനോഭാവവും കേരളീയര്‍ മറന്നു തുടങ്ങിയിരിക്കുന്നു. പ്രളയമൊന്ന് കൊടുമ്പിരി കൊണ്ടപ്പോള്‍ എല്ലാം മറന്ന് പരസ്പരം കൈകോര്‍ത്ത് പിടിച്ചിരുന്നവര്‍ ഇപ്പോള്‍ വീണ്ടും ശത്രുക്കളായി. പ്രളയമില്ലാത്ത പുതുവര്‍ഷത്തെ ആഗ്രഹിച്ച നമുക്ക് ലഭിച്ചതാകട്ടെ പ്രളയത്തെക്കാളും പ്രയാസമേറിയ പുതുവര്‍ഷ ദിനങ്ങള്‍.

ശബരിമല വിഷയത്തില്‍ നടന്ന ഹര്‍ത്താലില്‍ കേരളത്തില്‍ നശിപ്പിക്കപ്പെട്ടത് കോടികളുടെ പൊതുസ്വത്തുക്കളാണ്. നിയമപാലകരായ പോലീസുകാര്‍ക്ക് നേരെയും അക്രമണങ്ങള്‍ ഉണ്ടായി. ഇതിനെതിരെ സര്‍ക്കാരും ഹൈക്കോടതിയും ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. സര്‍ക്കാറിനും കോടതിക്കും വൈകിവന്ന ബോധോദയം എന്നു വേണം പറയാന്‍... ഏതായാലും ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നവര്‍ക്കെതിരെയും അക്രമങ്ങള്‍ അഴിച്ചു വിടുന്നവര്‍ക്കെതിരെയും പോലീസ് നടപടി ഊര്‍ജിതമാക്കിയെന്നത് ഏറെ പ്രത്യാശ പകരുന്നതാണ്.

ഹര്‍ത്താലുകള്‍ ഒരാഴ്ച മുമ്പെ പ്രഖ്യാപിക്കണമെന്നും ഹര്‍ത്താല്‍ ദിനത്തില്‍ നശിപ്പിക്കപ്പെട്ട വസ്തുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാതെ ജാമ്യം നല്‍കില്ലായെന്നുമുള്ള കോടതി തീരുമാനവും ഏറെ അഭിനന്ദനാര്‍ഹം തന്നെ.

ഹര്‍ത്താലുകള്‍ക്കെതിരെ നിയമം ശക്തമാക്കേണ്ടത് കോടതിയുടെയും സര്‍ക്കാറിന്റെയും ബാധ്യതയാണെന്നതിന് പുറമെ സാധാരണ ജനങ്ങള്‍ കൂടി ഹര്‍ത്താല്‍മുക്ത കേരളത്തിനു വേണ്ടി കച്ചകെട്ടിയിറങ്ങണം. സാധാരണക്കാരെ ബുദ്ധിമുട്ടിച്ച് കൊണ്ട് പ്രഖ്യാപിക്കുന്ന ഒരു ഹര്‍ത്താലിനും ഒരാളും സഹകരിക്കരുത്. ഒറ്റക്കെട്ടായി ചെറുത്തു നിന്നാല്‍ മാറ്റിയെടുക്കാവുന്നതേ ഉള്ളൂ ഇത്തരം സാമൂഹ്യ വിപത്തുകള്‍.

പ്രതിഷേധിക്കാം... പ്രകടനം നടത്താം.. പക്ഷെ അതൊക്കെ നിയമത്തെയും ജനങ്ങളെയും മാനിച്ചുകൊണ്ടാവണം. അല്ലാതെ നിയമങ്ങളെ വെല്ലുവിളിച്ചും നിയമപാലകരെ അക്രമിച്ചും ഭരണകര്‍ത്താക്കളെ തെറിവിളിച്ചും ജനങ്ങളെ ദ്രോഹിച്ചും കൊണ്ടാവരുത്. ഹര്‍ത്താലുകള്‍ക്ക് പകരം സുതാര്യവും പ്രയോഗികവുമായ മറ്റു പ്രതിഷേധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Harthal, Disturb,  Kerala, Political Party, Sabarimala Issue, Murder, Hartal: How to disturb public? 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal