Follow KVARTHA on Google news Follow Us!
ad

ആഗോള വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോഴ്‌സിന്റെ ഡിജിറ്റല്‍ ഹബ്ബ് ഉദ്ഘാടനം ചെയ്തു; ഐടി വിസ്തൃതി പത്ത് ദശലക്ഷം ചതുരശ്രയടിയാക്കുകയാണ് കേരളത്തിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

സംസ്ഥാനത്ത് പത്ത് ദശലക്ഷം ചതുരശ്ര അടിയില്‍ വിവര സാങ്കേതിക സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനാണ് സര്‍ക്കാര്‍ Global digital hub, Nisan, Kerala, News, Pinarayi Vijayan, Nissan opens global digital hub in Technopark in Kerala capital State to increase IT parks space to 10 million sq ft
തിരുവനന്തപുരം: (www.kvartha.com 10.12.2018) സംസ്ഥാനത്ത് പത്ത് ദശലക്ഷം ചതുരശ്ര അടിയില്‍ വിവര സാങ്കേതിക സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോര്‍ കമ്പനിയുടെ എല്ലാ ശൃംഖലകളുടേയും വിവരസാങ്കേതിക പ്രവര്‍ത്തനം ഏകീകരിക്കുന്നതിനുള്ള ഡിജിറ്റല്‍ ഹബ്ബ് ടെക്‌നോപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Global digital hub, Nisan, Kerala, News, Pinarayi Vijayan, Nissan opens global digital hub in Technopark in Kerala capital State to increase IT parks space to 10 million sq ft

കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്തിന്റെ മൊത്തം ഐടി വിസ്തൃതിയില്‍ 4.5 ദശലക്ഷം ചതുരശ്രയടി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞു. ലോക മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 തിങ്കളാഴ്ച തന്നെ ചരിത്ര പ്രധാനമായ നിസാന്റെ ഡിജിറ്റല്‍ ഹബ്ബിലൂടെ ഇന്റര്‍നെറ്റ് അവകാശവും സാധ്യമാക്കാന്‍ കഴിഞ്ഞു. രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറാന്‍ പോകുകയാണ്. നിസാന്‍ പോലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ കടന്നുവരവ് സംസ്ഥാനത്തെ മികച്ച ഐടി അന്തരീക്ഷത്തിനുള്ള അംഗീകാരമാണ്. മികച്ച മാനവവിഭവശേഷി സംസ്ഥാനത്തിനുണ്ട്. മനുഷ്യനും സാങ്കേതികവിദ്യയും സഹകരിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും ഒത്തൊരുമയോടുള്ള  പ്രവര്‍ത്തനത്തിന്റെ തെളിവാണ് നിസാന്റെ വരവെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. ഐടി, ടൂറിസം മേഖലകളിലാണ് ഭാവി കേരളത്തിന്റെ സുപ്രധാന വളര്‍ച്ച. സാങ്കേതിക വെല്ലുവിളികളെ അതിജീവിക്കാന്‍ കഴിയുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. നാം അതിവേഗം മുന്നോട്ടു പോകേണ്ടതുണ്ട്. ആഗോള വെല്ലുവിളികളെ നേരിടുവാന്‍ പ്രാപ്തമായ രീതിയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകൃതി ഭംഗികൊണ്ടും സാംസ്‌കാരിക വൈവിധ്യം കൊണ്ടും സമ്പന്നമായ കേരളം മികച്ച ഐടി നയവും മാനവവിഭവശേഷിയുമാണ് മുന്നോട്ടുവയ്ക്കുന്നതെന്നും വാണിജ്യമേഖലയില്‍ ഇന്ത്യയും ജപ്പാനുമായുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചു കിടക്കുന്നതായും ജപ്പാന്‍ അംബാസഡര്‍ കെന്‍ജി ഹിരാമസു പറഞ്ഞു.

തിരുവനന്തപുരത്തിലുള്ള ആത്മവിശ്വാസമാണ് നിസാനെ കടന്നുവരാന്‍ പ്രേരിപ്പിച്ചതെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. കേരളത്തിന്റെ ഭാവി ഐടിയിലും വിനോദസഞ്ചാരത്തിലും അധിഷ്ഠിതമാണ്. നിസാന്‍ ശുഭകരമായ മാര്‍ഗ്ഗത്തിനാണ് ഇവിടെ നാന്ദികുറിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നിസാന്‍ ശൃംഖലയെ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ ഹബ് ഉല്‍പ്പന്ന വികസനത്തിനും ഗവേഷണങ്ങള്‍ക്കും സോഫ്റ്റ് വെയര്‍ ഉല്‍പ്പാദനത്തിനുമാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് നിസാന്‍ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റും ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായ ടോണി തോമസ് പറഞ്ഞു.

ചീഫ് സെക്രട്ടറി ടോംജോസ് ഐഎഎസ്, പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, കേരള ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്, ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍, നിസാന്റെ പങ്കാളികളായ ഫുജിറ്റ്‌സു, ടെക്മഹീന്ദ്ര മേധാവികള്‍ തുടങ്ങിയവരും മറ്റു അതിഥികള്‍ക്കൊപ്പം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ടെക്‌നോപാര്‍ക്ക് മൂന്നാം ഘട്ടത്തിലെ യമുന ബില്‍ഡിങ്ങിലാണ് 25,000 ചതുരശ്രയടിയില്‍ ഓഫീസ് കഫേ മാതൃകയില്‍ ലോകോത്തര നിലവാരത്തിലുള്ള ഡിജിറ്റല്‍ ഹബ്ബ് ഒരുക്കിയിരിക്കുന്നത്. നിസാന് കീഴിലുള്ള സെര്‍വറുകള്‍, ഡാറ്റാ സെന്ററുകള്‍, ഡ്രൈവര്‍ രഹിത കാറുകള്‍ തുടങ്ങിയ നിരവധി സംവിധാനങ്ങള്‍ക്കു സുരക്ഷയൊരുക്കുന്നതിനായി സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്ററും സൈബര്‍ ആക്രമണങ്ങള്‍ തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ആഗോളതലത്തിലെ നിസാന്‍ ഉദ്യോഗസ്ഥരുമായി സംവദിക്കുന്നതിന് റോബോട്ടുകളുണ്ട്.

മുന്നൂറ് ജീവനക്കാരുമായി പ്രവര്‍ത്തനം തുടങ്ങുന്ന ഹബ്ബില്‍ രണ്ടു വര്‍ഷം കൊണ്ട് 1500 പേര്‍ക്ക് ജോലി ലഭിക്കും. ടെക്‌നോപാര്‍ക്ക് രണ്ടാം ഘട്ടത്തിലെ ഇന്‍ഫോസിസ് ക്യാമ്പസില്‍ 1.2 ലക്ഷം ചതുരശ്ര അടി സ്ഥലത്തിനായി ഇന്‍ഫോസിസുമായി ധാരാണയായിട്ടുണ്ട്. ടെക്‌നോസിറ്റിയില്‍ 2019 മെയ് മാസത്തില്‍ കമ്മീഷന്‍ ചെയ്യാനുദ്ദേശിക്കുന്ന ടെക്‌നോപാര്‍ക്കിന്റെ ആദ്യ ഐടി മന്ദിരത്തില്‍ പ്രവര്‍ത്തനത്തിന് നിസാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനകം തിരുവനന്തപുരം നോളജ് സിറ്റിയില്‍ നിസാന്‍ സ്വന്തം ക്യാമ്പസ് തുടങ്ങും. ടെക്‌നോസിറ്റിയിലെ നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ 3000 പേര്‍ക്ക് നേരിട്ടും ഇതിന്റെ നിരവധി മടങ്ങ് പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും.

ഡേറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍നെറ്റിക്‌സ്, മെഷീന്‍ ലേണിംഗ്, റോബോട്ടിക്‌സ്, ന്യൂറല്‍ നെറ്റ് വര്‍ക്ക് എന്നീ സാങ്കേതികവിദ്യാധിഷ്ഠിത സംഘങ്ങളാണ് ഡിജിറ്റല്‍ ഹബ്ബില്‍ പ്രവര്‍ത്തിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Global digital hub, Nisan, Kerala, News, Pinarayi Vijayan, Nissan opens global digital hub in Technopark in Kerala capital State to increase IT parks space to 10 million sq ft