Follow KVARTHA on Google news Follow Us!
ad

ഇന്ത്യന്‍ പേസ് ബൗളര്‍മാരെ ഐ പി എല്ലില്‍ നിന്നും ഒഴിവാക്കണം; അഭ്യര്‍ത്ഥനയുമായി കോഹ്ലി

ഇന്ത്യന്‍ പേസ് ബൗളര്‍മാരെ ഐ പി എല്ലില്‍ നിന്നും ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി Mumbai, News, IPL, Cricket, Sports, National,
മുംബൈ: (www.kvartha.com 08.11.2018) ഇന്ത്യന്‍ പേസ് ബൗളര്‍മാരെ ഐ പി എല്ലില്‍ നിന്നും ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോഹ്ലി. ഏകദിന ലോകകപ്പിനു മുന്‍പ് വിശ്രമം അനിവാര്യമായതിനാലാണ് വരുന്ന ഐപിഎല്‍ സീസണില്‍ ഇന്ത്യന്‍ പേസ് ബോളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന് കോഹ്ലി ആവശ്യപ്പെട്ടത്.

ഐപിഎല്ലില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ ഈ താരങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ബിസിസിഐ നികത്തണമെന്ന നിര്‍ദ്ദേശവും ടീം മാനേജ്‌മെന്റ് മുന്നോട്ടുവച്ചിട്ടുണ്ട്. അതേസമയം, വിശ്രമം ആവശ്യമെങ്കില്‍ ഐപിഎല്‍ സീസണിന്റെ ആദ്യപകുതിയിലോ രണ്ടാം പകുതിയിലോ മാത്രമായി ഇതൊതുക്കണമെന്നു നിര്‍ദേശിക്കുന്നവരും ടീം മാനേജ്‌മെന്റിലുണ്ട്.

Virat Kohli wants India’s pacers to skip IPL, rest for World Cup,Mumbai, News, IPL, Cricket, Sports, National

ഐപിഎല്ലിനു തൊട്ടുപിന്നാലെ ഏകദിന ലോകകപ്പും വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോഹ്ലിയുടെ അഭ്യര്‍ഥന. ഐപിഎല്ലില്‍നിന്ന് മാറിനിന്നാല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കൂടുതല്‍ ഉന്‍മേഷത്തോടെയും കായികക്ഷമതയോടെയും പങ്കെടുക്കാന്‍ പേസ് ബോളര്‍മാര്‍ക്ക് കഴിയുമെന്ന പ്രത്യാശയും കോഹ്ലി പ്രകടിപ്പിച്ചു. അതേസമയം, വന്‍തുക മുടക്കി താരങ്ങളെ ടീമിലെടുത്ത ഐപിഎല്‍ ടീമുകള്‍ ഈ നിര്‍ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

സുപ്രീം കോടതി നിയോഗിച്ച ബിസിസിഐയുടെ ഇടക്കാല ഭരണസമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കോഹ്ലി തന്റെ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജസ്പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍ തുടങ്ങിയ താരങ്ങള്‍ക്കു വിശ്രമം അനുവദിക്കണമെന്നാണ് അഭ്യര്‍ഥന. ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി തുടങ്ങിയവാണ് ലോകകപ്പില്‍ ഇന്ത്യന്‍ പേസ് ബോളിങ് യൂണിറ്റില്‍ അംഗങ്ങളാകാന്‍ സാധ്യതയുള്ള മറ്റു താരങ്ങള്‍. അതേസമയം, കോഹ്ലിയുടെ അഭ്യര്‍ഥനയോടുള്ള ഇടക്കാല ഭരണസമിതിയുടെ പ്രതികരണം അറിവായിട്ടില്ല.

അടുത്ത വര്‍ഷം മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടിലാണ് ഏകദിന ലോകകപ്പ് അരങ്ങേറുന്നത്. അതേസമയം, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ പതിപ്പിന് ഏപ്രില്‍ ആദ്യ വാരമാണ് തുടക്കമാകുക. മേയ് മൂന്നാമത്തെ ആഴ്ച വരെ ഐപിഎല്‍ നീണ്ടുനില്‍ക്കും. അതായത്, ഐപിഎല്ലിനു തൊട്ടുപിന്നാലെയാണ് ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പിന് തിരശീല ഉയരുക. ഈ സാഹചര്യത്തില്‍ പേസ് ബോളര്‍മാര്‍ക്ക് മതിയായ വിശ്രമം ഉറപ്പാക്കാനും പരിക്കിന്റെ സാധ്യതകളില്‍നിന്നു സംരക്ഷിക്കാനുമാണ് കോഹ്ലി വിശ്രമം നിര്‍ദേശിച്ചത്.

അതിനിടെ, വന്‍തുക മുടക്കി താരങ്ങളെ ടീമിലെത്തിച്ച ക്ലബ്ബുകള്‍ ഈ നിര്‍ദേശത്തോട് എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് വൃത്തങ്ങള്‍. താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനുള്ള സാധ്യതകളെക്കുറിച്ച് ഇടക്കാല ഭരണസമിതി ഐപിഎല്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതായാണ് വിവരം. ഇത്തരമൊരു നീക്കം നടത്തുന്നുണ്ടെങ്കില്‍ താരങ്ങളുടെ കൈമാറ്റ കാലാവധി അവസാനിക്കുന്നതിനു മുന്‍പേ അക്കാര്യം ടീമുകളെ അറിയിക്കാന്‍ ഐപിഎല്‍ അധികൃതര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യന്‍ ടീം കാഴ്ചവച്ച ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ബിസിസിഐയുടെ ഇടക്കാല ഭരണ സമിതി വിളിച്ചുചേര്‍ത്ത റിവ്യൂ യോഗത്തിലാണ് കോഹ്ലിയും ടീം മാനേജ്‌മെന്റും ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ഇടക്കാല ഭരണസമിതി അംഗങ്ങള്‍ക്കു പുറമെ ചീഫ് സെലക്ടര്‍ എം.എസ്.കെ. പ്രസാദ്, പരിശീലകന്‍ രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, അജിങ്ക്യ രഹാനെ തുടങ്ങിയവര്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.

നേരത്തെ, ഇംഗ്ലണ്ട് ലോകകപ്പിനു പോകുന്ന ടീമംഗങ്ങള്‍ക്ക് വാഴപ്പഴം ലഭ്യമാക്കുക, ഭാര്യമാരെ കൂടെ കൊണ്ടുപോകാന്‍ അനുവദിക്കുക, ഇംഗ്ലണ്ടിലെ യാത്രകള്‍ക്ക് ഒരു ട്രെയിന്‍ കംപാര്‍ട്‌മെന്റ് പൂര്‍ണമായും ബുക്കു ചെയ്യുക തുടങ്ങി ഈ യോഗത്തില്‍ ടീം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Virat Kohli wants India’s pacers to skip IPL, rest for World Cup,Mumbai, News, IPL, Cricket, Sports, National.