Follow KVARTHA on Google news Follow Us!
ad

സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ വീടുണ്ടല്ലോ; പള്ളികളില്‍ കയറ്റണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് സമസ്ത

മുസ്ലിം പള്ളികളിലും സ്ത്രീകളെ കയറ്റണമെന്ന ആവശ്യത്തിനെതിരെ സമസ്ത രംഗത്ത്. സ്ത്രീകള്‍ News, Kozikode, Kerala, Court,
കോഴിക്കോട്:(www.kvartha.com 12/10/2018) മുസ്ലിം പള്ളികളിലും സ്ത്രീകളെ കയറ്റണമെന്ന ആവശ്യത്തിനെതിരെ സമസ്ത രംഗത്ത്. സ്ത്രീകള്‍ വീട്ടിലിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നും പള്ളികളില്‍ കയറ്റണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസലിയാര്‍ വ്യക്തമാക്കി.

അന്യപുരുഷന്മാരും അന്യസ്ത്രീകളും ഒരുമിച്ചുകൂടി നിസ്‌കരിക്കുന്ന ഒരു അവസ്ഥ ഉണ്ടാവാന്‍ പാടില്ല. ഇത് ശരീഅത്ത് നിയമത്തിനെതിരാണ്. ശരീഅത്ത് നിയമം പറയുന്നത് അനുസരിക്കുന്നവരാണ് മുസ്ലിം സ്ത്രീകള്‍. പണ്ഡിതന്മാരോട് ചോദിക്കാതെ, വിവരമില്ലാത്ത സ്ത്രീകള്‍ ഓരോന്ന് പറഞ്ഞാല്‍ അത് ഇസ്ലാമിക ശരീഅത്തിന് ബാധകമാകുകയില്ലെന്നും ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു.


മതനിയമങ്ങളില്‍ കൈക്കടത്താന്‍ ആര്‍ക്കും അവകാശമില്ല. ഓരോ മതത്തിന്റെ ആളുകളാണ് ആ മതത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ടതും സംസാരിക്കേണ്ടതും. വേറെയുള്ള ആളുകള്‍ക്ക്, മതത്തിന്റെ കാര്യം എന്ന നിലയില്‍ സംസാരിക്കാന്‍ അധികാരമില്ല. മുസ്ലീങ്ങളുടെ ശരീഅത്തിന്റെ കാര്യത്തില്‍ കോടതിക്ക് ഇടപെടാന്‍ പറ്റുമോ. കോടതി ഇടപെടേണ്ടതില്ലെന്ന് ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ളതാണ്.

ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ശരീഅത്ത് നിയമത്തിന് വിരുദ്ധമായ ഒന്നും അംഗീകരിക്കാനാകില്ല. ശരീഅത്തിനെതിരേയുള്ള ഏതൊരു നീക്കവും നിയമപരമായി നേരിടും. കോടതിയില്‍ നിന്ന് ഇത്തരം നീക്കമുണ്ടായാല്‍ കോടതിയില്‍ തന്നെ ചോദ്യം ചെയ്യും. ശരീഅത്ത് നിയമത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്നും സമസ്ത ജനറല്‍ സെക്രട്ടറി പറഞ്ഞു.

മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന മന്ത്രി കെ ടി ജലീലിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ആവശ്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ആലിക്കുട്ടി മുസലിയാരുടെ മറുപടി. അത് അവര്‍ക്ക് സ്വീകാര്യമായിരിക്കാം. പക്ഷെ ഞങ്ങള്‍ തീര്‍ച്ചയായും ഇത് അംഗീകരിക്കുകയില്ല. സ്ത്രീകള്‍ക്ക് ഏറ്റവും പവിത്രമായ പ്രാര്‍ത്ഥനാസ്ഥലം വീടുകളാണെന്ന് പ്രവാചകന്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിയമമനുസരിച്ച് തലാഖ് ചൊല്ലുന്ന പുരുഷന്മാരെ ജയിലിലടയ്ക്കും. മൊഴി ചൊല്ലപ്പെടുന്ന സ്ത്രീക്ക് നഷ്ടപരിഹാരവും നല്‍കണം. ജയിലില്‍ കഴിയുന്ന ആള്‍ എങ്ങനെ നഷ്ടപരിഹാരം നല്‍കും. ഇക്കാര്യം ആവശ്യപ്പെട്ട് പത്തുലക്ഷം ഒപ്പുകള്‍ ശേഖരിച്ച് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്വവര്‍ഗരതി, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലെ സുപ്രീംകോടതി വിധി ആശങ്കാജനകമാണെന്നും ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച കോടതിവിധിയുടെ പശ്ചാത്തലത്തില്‍ മുഴുവന്‍ പള്ളികളിലും പ്രവേശനം ആവശ്യപ്പെട്ട് ചില മുസ്ലിം സ്ത്രീകള്‍ കോടതിയെ സമീപിക്കാനിരിക്കെയാണ് സമസ്തയുടെ പ്രതികരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kozikode, Kerala, Court, Permission for women to enter Muslim Masjid, Samasta defended