Follow KVARTHA on Google news Follow Us!
ad

ശബരിമല വോട്ടാക്കന്‍ ബി ജെ പി; കെ.പി. ശശികലയെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചരടുവലി തുടങ്ങി

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ Thiruvananthapuram, News, Politics, BJP, Lok Sabha, Election, Sabarimala Temple, Religion, Kerala,
തിരുവനന്തപുരം: (www.kvartha.com 16.10.2018) ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നതിലെ സാധ്യതകള്‍ ബിജെപി പരിശോധിക്കുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഹൈന്ദവ സമൂഹത്തിലെ ഒരു വിഭാഗത്തിനുണ്ടായിരിക്കുന്ന അതൃപ്തി മുതലെടുക്കുകയാണ് ബി ജെ പി. ഹൈന്ദവ സംഘടനകളുമായി അടുത്ത ബന്ധമുള്ള ശശികലയുടെ സാന്നിധ്യം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ബിജെപിയുടെ കണക്കു കൂട്ടല്‍.

എന്നാല്‍ നേതൃത്വത്തില്‍ ചിലര്‍ ഇക്കാര്യം സൂചിപ്പിച്ചെങ്കിലും ശശികലയുടെ ഭാഗത്തുനിന്നും ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. അതേസമയം കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ ശശികല തീരുമാനം മാറ്റുമെന്ന വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. തൃശൂരോ പാലക്കാടോ ശശികലയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശവും പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്.

 K P Sasikala may be BJP candidate, Thiruvananthapuram, News, Politics, BJP, Lok Sabha, Election, Sabarimala Temple, Religion, Kerala.

എന്നാല്‍ ഈ നിര്‍ദേശത്തോട് എതിര്‍പ്പുള്ളവരും പാര്‍ട്ടിയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു പരിചയമില്ലാത്ത ശശികലയെ മത്സരിപ്പിക്കുന്നത് പാര്‍ട്ടിക്കു ഗുണകരമാവില്ലെന്നാണ് ഇവരുടെ വാദം.

പാലക്കാട് പട്ടാമ്പി സ്വദേശിയായ കെ.പി.ശശികല വല്ലപ്പുഴ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായിരുന്നു. കഴിഞ്ഞമാസം ജോലിയില്‍നിന്നു വിരമിച്ചു. 2003 മുതല്‍ ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന വൈസ് പ്രസിഡന്റാണ്. 2010 മുതല്‍ സംസ്ഥാന അധ്യക്ഷയായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ 'എനിക്ക് രാഷ്ട്രീയ മോഹമില്ല, അസമയത്ത് അതിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ' എന്നായിരുന്നു ശശികലയുടെ പ്രതികരണം.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലായെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. പ്രതിഷേധ യോഗങ്ങളിലുണ്ടാകുന്ന ജനക്കൂട്ടം പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധത്തിലെ ജനക്കൂട്ടം വോട്ടായി മാറണമെങ്കില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്ന ബോധ്യം പാര്‍ട്ടിക്കുണ്ട്. ഇതിന് നേതൃതലത്തിലേക്കു ജനപിന്തുണയുള്ളവര്‍ എത്തണമെന്നു കേന്ദ്ര നേതൃത്വം കരുതുന്നു.

വിവിധ മേഖലകളിലെ പ്രമുഖരെയും സംഘപരിവാര്‍ സംഘടനകളിലെ ജനപിന്തുണയുള്ളവരെയും തെരഞ്ഞെടുപ്പു രംഗത്തേക്കു കൊണ്ടുവരാനാണ് ആലോചന. ആര്‍എസ്എസ് നേതൃത്വം അനുകൂലമായി പ്രതികരിക്കാത്തതാണ് മുന്നിലെ തടസം. സംഘപരിവാര്‍ സംഘടനകളിലുള്ളവര്‍ ആ മേഖലയില്‍ തന്നെ തുടരട്ടെയെന്ന നിലപാടിലാണ് ആര്‍എസ്എസ്. ഈ നിലപാടു മാറ്റാനാണ് പാര്‍ട്ടിയുടെ ശ്രമം.

ശബരിമലയ്ക്കടുത്ത് നിലയ്ക്കലിലെ പ്രക്ഷോഭത്തെത്തുടര്‍ന്നാണ് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും മിസോറം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ നേതാവെന്ന നിലയില്‍ ഉയര്‍ന്നു വന്നത്. 1987ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തില്‍നിന്ന് മത്സരിച്ച കുമ്മനം രാജശേഖരന്‍ 23,835 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തി.

എന്‍ഡിപി സ്ഥാനാര്‍ഥി സി.ഉണ്ണികൃഷ്ണന്‍ നായര്‍ക്ക് 23,512 വോട്ടുകളാണ് ലഭിച്ചത്. ഐസിഎസ് സ്ഥാനാര്‍ഥി കെ.ശങ്കരനാരായണപിള്ള 11,727 വോട്ടുകള്‍ക്ക് വിജയിച്ചു. ആദ്യമായാണ് ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിഞ്ഞത്.

ശബരിമല വിഷയത്തില്‍ ഉണ്ടായിരിക്കുന്ന പ്രതിഷേധങ്ങള്‍ ബിജെപിക്കു രാഷ്ട്രീയമായി അനുകൂലമാകുമെന്നു വാദിക്കുന്നവര്‍ ഈ ഉദാഹരണമാണ് ചൂണ്ടിക്കാട്ടുന്നത്. ഹൈന്ദവ സംഘടനകളില്‍നിന്ന് കൂടുതല്‍പേര്‍ പാര്‍ട്ടിയുടെ നേതൃതലത്തിലേക്കു വരണമെന്നും അവര്‍ വാദിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K P Sasikala may be BJP candidate, Thiruvananthapuram, News, Politics, BJP, Lok Sabha, Election, Sabarimala Temple, Religion, Kerala.