Follow KVARTHA on Google news Follow Us!
ad

പിണറായി സര്‍ക്കാര്‍ വന്നപിന്നാലെ പോലീസിന്റെ സ്വഭാവം കൂടുതല്‍ മോശമായതിനു പിന്നിലെന്ത്? സിപിഎം പഠിക്കുന്നു, കാര്യമായിത്തന്നെ

സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ പാടേ തകര്‍ത്ത പോലീസിന്Thiruvananthapuram, News, Politics, CPM, Police, Controversy, Suspension, attack, Trending, Kerala,
തിരുവനന്തപുരം: (www.kvartha.com 20.06.2018) സംസ്ഥാന സര്‍ക്കാരിന്റെ പ്രതിച്ഛായയെ പാടേ തകര്‍ത്ത പോലീസിന് അതിനിടയാക്കിയ അതിക്രമങ്ങള്‍ക്ക് പ്രേരിപ്പിച്ച ഘടകങ്ങളേക്കുറിച്ച് പഠിക്കാനൊരുങ്ങി സിപിഎം. മുമ്പൊരിക്കലുമില്ലാത്ത വിധം തുടര്‍ച്ചയായി കസ്റ്റഡി മരണങ്ങളും സാധാരണക്കാര്‍ക്കെതിരായ പോലീസ് അതിക്രമങ്ങളും മോശം പെരുമാറ്റങ്ങളും കഴിഞ്ഞ രണ്ടു വര്‍ഷം സംസ്ഥാനത്ത് ഉണ്ടായതിനു പിന്നില്‍ ഏതെങ്കിലും തരത്തിലുള്ള ആസൂത്രണമുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെയും ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റതുമുതല്‍ വിവിധ സംഭവങ്ങളില്‍ പോലീസ് സ്വീകരിച്ച നടപടികളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്ന ആഴത്തിലുള്ള പഠനമാണ് നടത്തുക.

സംഘപരിവാര്‍ താല്‍പര്യമുള്ള പോലീസുകാര്‍, സര്‍വീസില്‍ നിന്നു വിരമിച്ച ചില ഉന്നത ഉദ്യോഗസ്ഥരോട് പ്രത്യേക താല്‍പര്യമുള്ളവര്‍, കടുത്ത സിപിഎം വിരുദ്ധര്‍, കോണ്‍ഗ്രസ് അനുഭാവികള്‍ തുടങ്ങി പോലീസിലെ വിവിധ തരക്കാരുടെ പട്ടിക തയ്യാറാക്കിയാണ് നീക്കം. ഒറ്റപ്പെട്ട സംഭവങ്ങളെന്നും പോലീസിന്റെ ഭാഗത്തുനിന്നുള്ള വെവ്വേറെ വീഴ്ചകളെന്നും പുറമേയ്ക്കു പറയുന്നുണ്ടെങ്കിലും അതല്ല വസ്തുത എന്നാണ് പാര്‍ട്ടിയുടെ തന്നെ അനൗപചാരിക വിലയിരുത്തല്‍.

പോലീസിനെ നിലയ്ക്കു നിര്‍ത്താനുള്ള ശക്തമായ നടപടികളുടെ ഭാഗമായി വരാപ്പുഴ കസ്റ്റഡി കൊലയ്ക്ക് കാരണക്കാരായ സിഐ, എസ്‌ഐ, പോലീസുകാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയും സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായെങ്കിലും അതുകൊണ്ടുമാത്രമായില്ല എന്നാണ് അനുഭവം തെളിയിച്ചത്. അതുകൊണ്ടാണ് കെവിനെ തട്ടിക്കൊണ്ടുപോകാന്‍ കൂട്ടുനിന്ന ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എസ്‌ഐയെയും എഎസ്‌ഐയെയും പോലീസുകാരനെയും പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ തുടങ്ങിവച്ചത്.

അതിനുശേഷമാണ് ആലുവ എടത്തലയില്‍ ബൈക്ക് യാത്രക്കാരനെ മഫ്തിയില്‍ സ്വകാര്യ വാഹനത്തിലെത്തിയ പോലീസുകാര്‍ മര്‍ദിച്ചത്. അക്കൂട്ടത്തില്‍ സസ്‌പെന്‍ഷനിലുള്ള എഎസ്‌ഐയും ഉണ്ടായിരുന്നുവെന്നത് അതീവ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. എടത്തല സംഭവത്തില്‍ മര്‍ദനമേറ്റ ഉസ്മാനെ തള്ളിപ്പറഞ്ഞും പോലീസിനെ ന്യായീകരിച്ചുമാണ് നിയമസഭയില്‍ മുഖ്യമന്ത്രി സംസാരിച്ചത്. അത് ഒഴിവാക്കാമായിരുന്നുവെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നതായാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: What's behind continues atrocities from Kerala Police, CPM to study, Thiruvananthapuram, News, Politics, CPM, Police, Controversy, Suspension, Attack, Trending, Kerala.