Follow KVARTHA on Google news Follow Us!
ad

അപൂര്‍വ വൈറസ് പനി: നിപ്പാ വൈറസ് എന്ന് സൂചന; എന്താണ് നിപാ വൈറസ്? ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മലേഷ്യയില്‍, ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ബംഗ്ലാദേശില്‍, ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ?

കോഴിക്കോട്ടെ അപൂര്‍വ വൈറസ് പനിയില്‍ ആശങ്കപ്പെട്ടിരിക്കുകയാണ് കേരളം. കേരളത്തില്‍ കോഴിക്കോട് പേരാമ്പ്രയിലാണ് ആദ്യമായി അപൂര്‍വ വൈറസ് പനി സ്ഥിരീകരിച്ചതെന്നാണ് Kerala, News, Kozhikode, Health, Death, Bangladesh, Malaysia, Virus, Nipah, Family, What is Nipah virus? What are the symptoms?
കോഴിക്കോട്: (www.kvartha.com 20.05.2018) കോഴിക്കോട്ടെ അപൂര്‍വ വൈറസ് പനിയില്‍ ആശങ്കപ്പെട്ടിരിക്കുകയാണ് കേരളം. കേരളത്തില്‍ കോഴിക്കോട് പേരാമ്പ്രയിലാണ് ആദ്യമായി അപൂര്‍വ വൈറസ് പനി സ്ഥിരീകരിച്ചതെന്നാണ് വിവരം. പേരാമ്പ്രയില്‍ ഇതിനകം തന്നെ ഒരു കുടുംബത്തിലെ തന്നെ മൂന്ന് പേര്‍ മരണമടഞ്ഞു. പിതാവ് അതീവ ഗുരുതര അവസ്ഥയില്‍ ചികിത്സയിലാണ്. മാത്രമല്ല, രോഗിയെ ആദ്യം ശുശ്രൂശിച്ച നഴ്‌സ്, മരിച്ച യുവാവിന്റെ പ്രതിശ്രുത വധു, മൃതദേഹത്തോട് അടുത്തിടപഴകിയ സുഹൃത്ത് തുടങ്ങിയവരും രോഗം ബാധിച്ച് ചികിത്സയിലാണ്.

വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് വ്യക്തമായ മുന്‍കരുതലുകള്‍ സ്വീകരിച്ചുവരുന്നുണ്ട്. വൈറസ് ബാധിത പ്രദേശത്തെ ഏതാണ്ട് നൂറോളം വീട്ടുകാരെ ഒഴിപ്പിച്ചുവെന്നാണ് വിവരം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടനയെയും കേന്ദ്രസര്‍ക്കാരിനെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.



വൈറസ് ബാധയെ കുറിച്ച് ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും മരിച്ചവരുടെ തൊട്ടടുത്തുള്ള ഏതാണ്ട് നൂറോളം പേര്‍ ഇതേ അസുഖത്തിന് ചികിത്സയിലാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. മരിച്ചവരുടെ സിറവും രക്തവും പരിശോധനയ്ക്കായി ലാബിലേക്കയച്ചിട്ടുണ്ടെങ്കിലും രോഗ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് നിപ്പാ വൈറസ് എന്ന് ഡോക്ടര്‍മാര്‍ ഏതാണ്ട് സ്ഥിരീകരിച്ചതായാണ് സൂചന. ആധികാരികമായ വിവരം ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ലെങ്കിലും നിപ്പാ വൈറസ് ആണെങ്കില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.

എന്താണ് നിപാ വൈറസ്?

1996 ല്‍ മലേഷ്യയിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അവിടെ ഫാമുകളില്‍ പന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നു. ക്രമേണ പ്രദേശത്തെ മനുഷ്യരിലേക്ക് പനി ബാധിക്കുകയും മരണമടയുകയും ചെയ്യുന്ന അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് വരെ പകരുന്ന അപൂര്‍വ വൈറസ് ആണെന്ന് തിരിച്ചറിയുന്നത്.

മലേഷ്യന്‍ വവ്വാലുകളില്‍ നിന്നാണ് ഇത് ആദ്യമായി മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും നിപാ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇത്തരത്തിലൊരു പനി ആദ്യമാണ്. നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിലാണ് ഈ പനി ബാധിച്ച് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത്.

നിപാ വൈറസ് എന്നത് അത്ര നിസാരമല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. വൈറസ് ബാധിച്ചുകഴിഞ്ഞാല്‍ ചികിത്സ ഫലപ്രദമല്ല, മാത്രമല്ല ഈ പനി ബാധിച്ചവര്‍ രണ്ട് ദിവസത്തിനുള്ളില്‍ അബോധാവസ്ഥയിലാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍:

മനുഷ്യരില്‍ ഈ വൈറസ് ബാധിച്ച് കഴിഞ്ഞാല്‍ ഏതാണ്ട് ഏഴ് മുതല്‍ 14 ദിവസം വരെ യാതൊരു ലക്ഷണങ്ങളും പ്രകടമാവില്ല. പിന്നീട് മൂക്കൊലിപ്പ്, പനി, ശരീര വേദന, ചെറിയ തരത്തില്‍ ഓര്‍ക്കാനം, കഴുത്ത് വേദന, ചിലപ്പോള്‍ ബോധക്ഷയം, കാഴ്ച മങ്ങല്‍, ശക്തമായ ചര്‍ദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ രണ്ട് ദിവസത്തിനകം തന്നെ രോഗി വല്ലാതെ അവശനിലയിലാവുകയും തുടര്‍ന്ന് വൈറസ് തലച്ചോറിനെ ബാധിക്കുകയും ഗുരുതരമായ മസ്തിഷ്‌ക ജ്വരം മൂലം മരണമടയുകയുമാണ് പതിവ്. മസ്തിഷ്‌ക ജ്വരവും ഇതുമൂലമുണ്ടാകുന്ന ഹൃദയസ്തംഭനവുമാണ് മരണകാരണം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

ഏതൊരു വൈറസിനായാലും ചികിത്സയെക്കാള്‍ മുന്‍കരുതലാണ് പ്രധാനം. നിപാ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിനുകള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. വൈറസ് ബാധയേല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് ഏക പോംവഴി. മാത്രമല്ല, വവ്വാലുമായി ബന്ധപ്പെട്ടാണ് ഈ വൈറസ് കൂടുതല്‍ മനുഷ്യരിലേക്ക് പകര്‍ന്നതെന്നാണ് പഠനം. വവ്വാല്‍ ഭക്ഷിച്ച പഴങ്ങളും മറ്റും ഭക്ഷിക്കുന്നത് വഴിയും അതിന്റെ സ്രവത്തിലൂടെയും രോഗം പകരാം. വവ്വാല്‍ ഭക്ഷിച്ച പഴങ്ങള്‍ മറ്റു പക്ഷികളും മൃഗങ്ങളും ഭക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ സ്രവങ്ങള്‍ വഴിയും ഒരു പക്ഷേ അവയുടെ കാഷ്ടങ്ങള്‍ വഴി വരെ വൈറസ് മനുഷ്യരിലെത്തിയേക്കാം. അത് കൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്നതാണ് മുഖ്യം. തെങ്ങ്, പന തുടങ്ങിയവയില്‍ കള്ള് ചെത്തുന്നതിനായി കുടങ്ങള്‍ കെട്ടിത്തൂക്കുന്നവര്‍ കുടങ്ങള്‍ വവ്വാല്‍ കടക്കാത്ത രീതിയില്‍ കമഴ്ത്തിവെക്കാന്‍ ശ്രമിക്കണമെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശിക്കുന്നു.

സാധാരണ ഗതിയില്‍ രോഗികള്‍ വളരെ പെട്ടെന്ന് തന്നെ ഗുരുതരാവസ്ഥയിലാവുന്നത് കൊണ്ട് പെട്ടെന്ന് പകരാനുള്ള സാധ്യത താരതമ്യേന കുറവാണ്. രോഗം ബാധിച്ച ഒരാളെ സന്ദര്‍ശിക്കുകയും ആശ്ലേഷിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് വഴി വൈറസ് പകര്‍ന്നേക്കാം. അത് കൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണം. രോഗികളെ ആശുപത്രിയില്‍ സന്ദര്‍ശിക്കരുത്. വൈറസ് ബാധിത മേഖലയിലുള്ളവരും പകരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരും വായയും മൂക്കും പൂര്‍ണമായും മറയ്ക്കുന്ന രീതിയില്‍ മാസ്‌ക് ധരിക്കുന്നത് ഒരുപരിധി വരെ ഗുണം ചെയ്യും. പ്രത്യേകിച്ച് തുമ്മല്‍, ജലദോശം എന്നിവ ഉള്ളവര്‍ ഇത്തരത്തില്‍ ടവ്വലോ മാസ്‌കോ നിര്‍ബന്ധമായും ഉപയോഗിക്കണം. വീട്ടിലുള്ളവരോടായാലും നേരിട്ടുള്ള ബന്ധം ഒഴിവാക്കണം. പനിയുടെ ലക്ഷണങ്ങല്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഡോക്ടറെ കാണിക്കുകയും വേണം.

വിവരങ്ങള്‍ക്ക് കടപ്പാട്: facebook@Drrajeshkumaronline


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozhikode, Health, Death, Bangladesh, Malaysia, Virus, Nipah, Family, What is Nipah virus? What are the symptoms?
< !- START disable copy paste -->