Follow KVARTHA on Google news Follow Us!
ad

കത്‌വയില്‍ ക്രൂരപീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി വീണ്ടും ബിജെപി മന്ത്രി രംഗത്ത്; അറസ്റ്റിലായത് നിരപരാധികള്‍, യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യം

ജമ്മു കശ്മീരിലെ കത്‌വയില്‍ ക്രൂരപീഡനത്തിനിരയായി എട്ടുവയസുകാരി Srinagar, News, Crime, Criminal Case, Politics, Controversy, Trending, National,
ശ്രീനഗര്‍: (www.kvartha.com 17.04.2018) ജമ്മു കശ്മീരിലെ കത്‌വയില്‍ ക്രൂരപീഡനത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തി വീണ്ടും ബിജെപി മന്ത്രി രംഗത്ത്. അറസ്റ്റിലായത് നിരപരാധികളാണെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബി ജെ പി മുന്‍ മന്ത്രി ചൗധരി ലാല്‍ സിങ് ആണ് രംഗത്തെത്തിയിരിക്കുന്നത്.

സംഭവത്തില്‍ തങ്ങള്‍ നിരപരാധികളാണെന്ന് കേസില്‍ ഉള്‍പ്പെട്ടവര്‍ കഴിഞ്ഞ ദിവസം കോടതിയെ ബോധിപ്പിച്ചിരുന്നു. നുണപരിശോധന (നാര്‍കോ ടെസ്റ്റ്) വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യമാണ് ലാല്‍ സിങ്ങും ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. പീഡനക്കേസില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ നുണ പരിശോധന സഹായിക്കുമെന്നും മന്ത്രി അറിയിച്ചു. പെണ്‍കുട്ടിക്കു നീതി തേടിയുള്ള റോഡ് ഷോയിലായിരുന്നു മന്ത്രിയുടെ പ്രസ്താവന.

Shamed BJP minister Lal Singh says he took part in Kathua rally to defuse tension, Srinagar, News, Crime, Criminal Case, Politics, Controversy, Trending, National

'നീതിക്കു വേണ്ടിയാണ് ഈ പോരാട്ടം. നീതി ലഭിക്കണമെങ്കില്‍ കേസിലെ യഥാര്‍ഥ പ്രതികളെ തിരിച്ചറിയണം. കേസില്‍ സിബിഐ അന്വേഷണം വേണം' എന്നും ജമ്മുവില്‍നിന്നു കത്‌വയിലേക്കു നടത്തുന്ന റോഡ് ഷോ അഭിസംബോധന ചെയ്തുകൊണ്ട് ലാല്‍ സിങ് പറഞ്ഞു.

'അവള്‍ ഞങ്ങളുടെ സ്വന്തം കുട്ടിയായിരുന്നു. അവള്‍ക്കു നീതി ലഭിക്കാന്‍ വേണ്ടിയാണു ഞങ്ങളുടെ പോരാട്ടം. എന്നാല്‍ 'ദൂരെ' താമസിക്കുന്ന പലരും യാഥാര്‍ഥ്യമറിയാതെ കേസ് വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്' എന്നും ലാല്‍ സിങ് പറഞ്ഞു. വനംമന്ത്രിയായിരുന്ന ലാല്‍ സിങ് റോഡ് ഷോയ്‌ക്കൊടുവില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ജമ്മുവില്‍ പ്രതിഷേധത്തിലാണ്.

അറസ്റ്റ് ചെയ്യപ്പെട്ട എട്ടു പ്രതികളില്‍ ഏഴു പേരെ ഏപ്രില്‍ 16ന് ജില്ലാ-സെഷന്‍സ് ജഡ്ജി സഞ്ജയ് ഗുപ്തയ്ക്കു മുന്നില്‍ ഹാജരാക്കിയിരുന്നു. കേസിലെ പ്രധാന പ്രതിയും മുന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനും ക്ഷേത്രം പൂജാരിയുമായ സാന്‍ജി റാം ആണു നുണപരിശോധന ആവശ്യപ്പെട്ടത്. കേസില്‍ അറസ്റ്റിലായ സ്‌പെഷല്‍ പോലീസ് ഓഫീസര്‍ ദീപക് ഖജുരിയയും നാര്‍കോ ടെസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. പ്രതികള്‍ക്കു കുറ്റപത്രത്തിന്റെ പകര്‍പ്പു നല്‍കാന്‍ ആവശ്യപ്പെട്ട കോടതി കേസില്‍ അടുത്ത വാദം ഏപ്രില്‍ 28നു കേള്‍ക്കും.

കത്‌വ കേസില്‍ പ്രതികളാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ജമ്മുവില്‍ ഹിന്ദു ഏക്ത മഞ്ച് നടത്തിയ പ്രകടനത്തില്‍ പങ്കെടുത്തതിന്റെ പേരിലാണു ബിജെപി മന്ത്രിമാരായ ലാല്‍ സിങ്ങിനും ചന്ദര്‍ പ്രകാശിനും രാജിവയ്‌ക്കേണ്ടി വന്നത്. എന്നാല്‍ മേഖലയില്‍ നിലനിന്ന സംഘര്‍ഷം അയവു വരുത്താനായിരുന്നു ഒന്നര മാസം മുന്‍പു താന്‍ റാലി നടത്തിയതെന്നാണു ലാല്‍ സിങ് സംഭവത്തെ ന്യായീകരിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അന്നു സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ മന്ത്രി അബ്ദുല്‍ ഗനി കോഹ്‌ലിയെ അയച്ചതായും മന്ത്രി പറഞ്ഞു. സമ്മര്‍ദം ശക്തമായതിനെത്തുടര്‍ന്നു കഴിഞ്ഞ ദിവസം ബിജെപി മന്ത്രിമാര്‍ രാജിവച്ചു. ഗവര്‍ണര്‍ രാജി സ്വീകരിച്ചതിനു പിന്നാലെയാണു പെണ്‍കുട്ടിക്കു നീതി തേടിയുള്ള മന്ത്രിയുടെ റോഡ് ഷോ.

നേരത്തെ പ്രതികളെ സംരക്ഷിക്കാന്‍ ബി.ജെ.പി മന്ത്രിമാര്‍ രംഗത്തെത്തിയത് വന്‍ വിവാദമായിരുന്നു. പീഡനക്കേസിലെ പ്രതികളെ സ്വന്തം മന്ത്രിമാര്‍ സംരക്ഷിക്കുന്നുവെന്ന ആരോപണം ബി.ജെ.പിയെയും വെട്ടിലാക്കി. ഇതിന് പിന്നാലെ ഇവര്‍ രാജിവച്ചു. എന്നാല്‍ പാര്‍ട്ടി പറഞ്ഞിട്ടാണ് തങ്ങള്‍ പ്രകടനത്തിന് പോയതെന്ന ഇവരുടെ വാദം പിന്നെയും ബി.ജെ.പിയെ വെട്ടിലാക്കി. ഇതിനിടയിലാണ് വീണ്ടും കത് വയില്‍ പ്രകടനം നടത്തിയത്.

ഇക്കഴിഞ്ഞ ജനുവരി 10നാണു കത്‌വയില്‍ എട്ടു വയസുകാരിയെ കാണാതായത്. വനത്തില്‍ മേയാന്‍ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെണ്‍കുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി പ്രതികളൊരാള്‍ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോവുകയായിരുന്നു. ഒരാഴ്ച തടവില്‍വച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നല്‍കാതെ ലഹരി നല്‍കി മയക്കിയാണു പീഡനം നടത്തിയത്. മൃതപ്രായയായ പെണ്‍കുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയില്‍ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാള്‍ കൊലപ്പെടുത്തും മുന്‍പു പെണ്‍കുട്ടിയെ ഒരിക്കല്‍ക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെണ്‍കുട്ടിയുടെ തലയില്‍ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തില്‍ ഉപേക്ഷിച്ചു.

ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ ഏപ്രിലില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെയാണു വിവരങ്ങള്‍ പുറത്തുവന്നത്. കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ അഭിഭാഷകര്‍ സംഘം ചേര്‍ന്നു രംഗത്തെത്തിയതും വിവാദമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Shamed BJP minister Lal Singh says he took part in Kathua rally to defuse tension, Srinagar, News, Crime, Criminal Case, Politics, Controversy, Trending, National.