Follow KVARTHA on Google news Follow Us!
ad

നിര്‍മ്മാണം, അഭിനയം, തിരക്കഥ, അഡ്വ ആളൂര്‍ സിനിമാ മേഖലയിലും കൈവെക്കുന്നു; ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് ദിലീപിന്റെ വലംകയ്യായ സലീം ഇന്ത്യ

നിര്‍മ്മാണം, അഭിനയം, തിരക്കഥ, അഡ്വ ആളൂര്‍ സിനിമാ മേഖലയിലും കൈവെക്കുന്നു. Kochi, Cinema, News, Director, Trending, Entertainment, Kerala,
കൊച്ചി: (www.kvartha.com 19.04.2018) നിര്‍മ്മാണം, അഭിനയം, തിരക്കഥ, അഡ്വ ആളൂര്‍ സിനിമാ മേഖലയിലും കൈവെക്കുന്നു. 100 കോടിയാണ് ഈ സംരഭത്തിന്റെ മുടക്കുമുതല്‍. ആളൂര്‍ ഡയറക്ടറായി ആരംഭിക്കുന്ന നിര്‍മ്മാണവിതരണ കമ്പനിയുടെ ആദ്യചിത്രം ഒരുക്കുന്നത് എഴുത്തുകാരനും ഫെഫ്ക മെമ്പറും ഷാജി കൈലാസിന്റെ ശിഷ്യനുമായ സലിം ഇന്ത്യയാണ്.

ഇരുവരും കൈകോര്‍ത്ത് ഒരു സിനിമയ്ക്ക് വേണ്ടിയുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായാണ് വിവരം. സിനിമാ മംഗളം പുതിയ ലക്കത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഇതിനകം തന്നെ ചര്‍ച്ചയായിക്കഴിഞ്ഞു. വാര്‍ത്ത ആളൂര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ അഭിനയത്തില്‍ താല്‍പര്യം ഉണ്ടായിരുന്ന ആളാണ് ബിജു ആന്റണി എന്ന ബിഎ ആളൂര്‍. അങ്ങനെയാണ് ഇപ്പോള്‍ സിനിമയിലും ഒരു കൈനോക്കാന്‍ ഇറങ്ങുന്നത്.

Advocate BA Aloor entire film industry, Kochi, Cinema, News, Director, Trending, Entertainment, Kerala

പത്തായിരം രൂപയും മള്ളൂര്‍ വക്കീലും എന്ന ചൊല്ലില്‍ നിന്ന് ലക്ഷങ്ങളും ആളൂരും എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറുകയാണ്. മാധ്യമശ്രദ്ധ നേടാന്‍ വക്കാലത്തെടുത്തു; സുപ്രീം കോടതിയില്‍ എത്തി ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്നു രക്ഷിച്ചു: ബിജു ആന്റണി ആളൂര്‍ എന്ന വക്കീലിന്റെ കഥ ഇങ്ങനെ തുടങ്ങുന്നു.

ഓടുന്ന ട്രെയിനില്‍ വെച്ച് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യ എന്ന നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടിയെ ക്രൂരമായി പിച്ചിച്ചീന്തി കൊന്ന ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയെ രക്ഷിച്ച അഡ്വ.ബിജു ആളൂരിന് അധോലോക ബന്ധം ഉണ്ടെന്ന ആരോപണം വരെ ഉയര്‍ന്നിരുന്നു. തൂക്കുകയര്‍ ലഭിക്കുമായിരുന്ന ഗോവിന്ദച്ചാമിക്ക് ആളൂരിന്റെ വാക് സാമര്‍ത്ഥ്യം കൊണ്ട് അത് ഒഴിവാക്കി ജീവപര്യന്തം ശിക്ഷാ ഇളവ് നേടിക്കൊടുക്കുകയും ചെയ്തു. ഇതിലൂടെ ആണ് അഡ്വ. ആളൂര്‍ മാധ്യമ വാര്‍ത്തകളില്‍ നിറയുന്നത്.

ഇതിന് പിന്നാലെ കേരളത്തെ ഞെട്ടിച്ച് ജിഷ കേസിലും അസാം സ്വദേശിയായ പ്രതി അമീറുളിന് വേണ്ടി ആളൂര്‍ തന്നെ രംഗത്തെത്തി. അതിന് ശേഷമാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ റോളും ആളൂര്‍ തന്നെ ഏറ്റെടുക്കുന്നത്.

സിബിഐ പിടികൂടിയ അധോലോകനായകന്‍ ഛോട്ടാ രാജന്റെ അഭിഭാഷകനും ആളൂര്‍ തന്നെയാണ്. അധോലോക രാജാവിന്റെ 75 കേസുകളിലും ആളൂര്‍ തന്നെ വക്കാലത്ത് എടുത്തേക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. പൂനെയിലെ സ്വര്‍ണഷര്‍ട്ടുകാരന്റെ കൊലയാളിയെ രക്ഷിച്ചെടുക്കേണ്ട ദൗത്യവും 50 ലക്ഷം വരെ പ്രതിഫലം വാങ്ങുന്ന ആളൂരിന് തന്നെയാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നയിച്ചത് പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലാണ്. തന്നെ ക്വട്ടേഷന്‍ ഏല്‍പിച്ചത് ദിലീപാണെന്ന സുനിയുടെ വെളിപ്പെടുത്തലാണ് നടനെ കുടുക്കിയത്. കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുകയും കേസിന്റെ വിചാരണ തുടങ്ങുകയും ചെയ്യുന്നതിനിടെ ദിലീപിന്റെ വലംകൈയ്യായി അറിയപ്പെടുന്ന സലീം ഇന്ത്യയും കേസില്‍ എതിര്‍പക്ഷത്തുള്ള പള്‍സറിന്റെ അഭിഭാഷകന്‍ ആളൂരും സിനിമയുടെ പേരില്‍ കൈകോര്‍ക്കുന്നതോടെ കേസില്‍ ഇനി എന്തൊക്കെ ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.

നല്ലൊരു സംവിധായകനാവുക എന്ന മോഹവുമായി സര്‍വവും ദിലീപ് എന്ന് പറഞ്ഞ് നടക്കുന്നയാളാണ് സലീം ഇന്ത്യ. ആളൂരിനെ അടുത്തിടെ ഒരു യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ സലീം ഇന്ത്യ ഉത്സാഹവും കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം എറണാക്കുളം ബി.ടി.എച്ച്. ദര്‍ബാര്‍ ഹാളില്‍ നടന്ന സ്ത്രീശാക്തീകരണ സെമിനാറില്‍ ബി.എ ആളൂരിനെ അധ്യക്ഷനാക്കി ഒരു താരത്തെ പോലെ പങ്കെടുപ്പിച്ചാണ് സലീം ഇരുവരും തമ്മിലുള്ള അടുപ്പം പരസ്യമാക്കിയത്.
ആളൂര്‍ ഡയറക്ടറായി ഒരു പുതിയ സിനിമാ കമ്പനി ഇതിനകം തന്നെ രൂപീകരിച്ചുകഴിഞ്ഞു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. നിര്‍മ്മാണം, വിതരണം എന്നീ മേഖലകള്‍ക്കു പുറമെ ഒരു ചലച്ചിത്ര ചിത്രീകരണ യൂണിറ്റ് കൂടി സ്ഥാപിക്കുക എന്നതാണ് ആളൂരിന്റെ സ്വപ്നം. എഡിറ്റിങ്, ഡബ്ബിങ് തുടങ്ങി സിനിമയുടെ സകല സാധ്യതകളുടെയും സമന്വയം. എറണാക്കുളം, ബോംബെ, പൂനെ എന്നിവിടങ്ങളിലായി പ്രവര്‍ത്തനം വ്യാപിപ്പിക്കും. ഇതിന്റെ ആദ്യത്തെ ഓഫീസും സ്റ്റുഡിയോ ഫ്‌ളോറും എറണാക്കുളത്ത് ഒരുങ്ങുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Advocate BA Aloor entire film industry, Kochi, Cinema, News, Director, Trending, Entertainment, Kerala.