Follow KVARTHA on Google news Follow Us!
ad

കറുകുറ്റയില്‍ ജനവാസ മേഖലയില്‍ പാറമട ആരംഭിക്കാന്‍ നീക്കം, നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

കറുകുറ്റി പഞ്ചായത്തിലെ ഏഴാറ്റുമുഖവും കട്ടിംഗ് പ്രദേശത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിനോട് News, Angamali, Kerala, District Collector, Inauguration,
അങ്കമാലി:(www.kvartha.com 13/03/2018) കറുകുറ്റി പഞ്ചായത്തിലെ ഏഴാറ്റുമുഖവും കട്ടിംഗ് പ്രദേശത്ത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് പാറമട ആരംഭിക്കാനുള്ള ശ്രമത്തിനെതിരെ ജനങ്ങള്‍ സംഘടിച്ച് പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുന്നു. മഞ്ഞപ്ര സ്വദേശിയായ വ്യക്തിയുടെയും, ചെങ്ങല്‍ സ്വദേശിയായ വ്യക്തിയുടെയും പേരിലുള്ള ഏഴാറ്റുമുഖം കട്ടിംഗ് ഭാഗത്തുള്ള പത്ത് ഏക്കറോളം സ്ഥലം 10 വര്‍ഷത്തേയ്ക്ക് പാട്ടത്തിനെടുത്താണ് പാറമട ആരംഭിക്കാന്‍ ശ്രമം നടക്കുന്നത്.

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ പാറമടയ്ക്ക് അനുമതി ലഭിക്കുന്നതിനായി പാറമട നടത്തിപ്പുക്കാര്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. നാട്ടുകാര്‍ ഇത് അറിഞ്ഞ ഉടനെ ഒരു വര്‍ഷം മുമ്പ് ജില്ലാകളക്ടറര്‍ക്കും മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കറുകുറ്റി ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കും പാറമട ആരംഭിക്കുന്നതിനെതിരെ നിവേദനങ്ങള്‍ സമര്‍പ്പിക്കുകയും പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. പിന്നീട് ഇത് സംബന്ധിച്ച നീക്കങ്ങള്‍ ഒന്നും പരസ്യമായി പാറമടലോബി ചെയ്തിരുന്നില്ല.

 News, Angamali, Kerala, District Collector, Inauguration, Karukutty quarry issue; locals move to agitation


എന്നാല്‍ അണിയറയില്‍ പാറമട ആരംഭിക്കുന്നതിനുള്ള അനുമതിയ്ക്കായി ഇവര്‍ ശ്രമം നടത്തുന്നതായി മനസ്സിലാക്കിയ നാട്ടുകാര്‍ വീണ്ടും സംഘടിച്ച് സമര പരിപാടികളുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. വീണ്ടും കളക്ട്രര്‍ക്കും ബന്ധപ്പെട്ട മറ്റ് അധികാരികള്‍ക്കും നിവേദനങ്ങളും സമര്‍പ്പിച്ചിരിക്കുകയാണ്. പാറമടയ്‌ക്കെതിരെ നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോകാനാണ് പാറമട വിരുദ്ധ ജനകീയ ആക്ഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുള്ളത്. പാറമട ആരംഭിച്ചാല്‍ സമീപ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകും.

കൂടാതെ ചാലക്കുടി അങ്കമാലി നിയോജകമണ്ഡലത്തിലെ ജനങ്ങള്‍ കൃഷിക്കും ജലസേചനത്തിനും ആശ്രയിക്കുന്ന ചാലക്കുടി ഇടതുകര മെയിന്‍ കനാലും അടിച്ചിലി ബ്രാഞ്ച് കനാലും തകരാന്‍ ഇട വരും. നിര്‍ദ്ദിഷ്ട പാറമടയ്ക്കായി അളന്നുതിരിച്ചിട്ടിരിക്കുന്ന സ്ഥലത്തിന്റെ 50 മീറ്റര്‍ ദൂരപരിധിയ്ക്കുള്ളിലാണ് ഈ കനാലുകള്‍ സ്ഥിതി ചെയ്യുന്നത്. പാറമട പ്രവര്‍ത്തനം ആരംഭിച്ചാല്‍ നിരവധി ടൂറിസ്റ്റുകള്‍ നിത്യേന യാത്ര ചെയ്യുന്ന ഏഴാറ്റുമുഖം - കട്ടിംഗ് റോഡ് തകര്‍ന്ന് തരിപ്പണമാകും. വ്യാപകമായി കൃഷി നാശവും ഉണ്ടാകും. ഏഴാറ്റുമുഖം - മൂന്നൂര്‍പ്പിള്ളി - കട്ടിംഗ് പ്രദേശത്തെ ജനങ്ങളെ ഏറെ ദോഷകരമായി ബാധിക്കുന്നതും ചാലക്കുടി അങ്കമാലി നിയോജകമണ്ഡലത്തിലെ കര്‍ഷകര്‍ക്ക് കനാല്‍ വെള്ളം ലഭിക്കാതെയിരിക്കുന്നതുമായ ഈ പാറമട ഒരു കാരണാവശാലും ഇവിടെ പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയില്ലായെന്ന് പാറ മട വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

പാറമട വിരുദ്ധ സമരപരിപാടികളുടെ ഭാഗമായി മൂന്നൂര്‍പ്പിള്ളി കവലയില്‍ നിന്നും പാറമട വിരുദ്ധ സന്ദേശ റാലിയും തുടര്‍ന്ന് കട്ടിംഗ് കവലയില്‍ പ്രതിഷേധ സമരസംഗമവും സംഘടിപ്പിച്ചു. റാലിയില്‍ 100 കണക്കിന് സ്ത്രീകളും കുട്ടികളും പങ്കെടുത്തു. കട്ടിംഗ് കവലയില്‍ ചേര്‍ന്ന പ്രതിഷേധ സമര സംഗമം ഏഴാറ്റുമുഖം സെന്റ് തോമസ് പള്ളിവികാരി ഫാ. സുബിന്‍ പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉഷ മനോഹരന്‍ അദ്ധ്യക്ഷയായിരുന്നു. കാതികുടം നീറ്റ ജലാറ്റിന്‍ കമ്പനി സമര സമിതി കണ്‍വീനര്‍ അനില്‍ കാതില്‍കുടം മുഖ്യപ്രഭാഷണം നടത്തി.

സമിതി രക്ഷാധികാരികളായ കോണ്‍ഗ്രസ്സ് കറുകുറ്റി മണ്ഡലം പ്രസിഡന്റ് കെ. പി. പോളി, സി. പി. ഐ (എം) പാലിശ്ശേരി ലോക്കല്‍ സെക്രട്ടറി. എം. പി. ജോണി, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്‍, വൈസ് പ്രസിഡന്റ് ബിജു പാലാട്ടി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. എം. വര്‍ഗീസ്. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. പി. അയ്യപ്പന്‍, സമിതി കൗണ്‍വീനര്‍ എം. എം. ബെന്നി, എസ്. എന്‍. ഡി. പി. മൂന്നൂര്‍ പ്പിള്ളി - ഏഴാറ്റുമുഖം ശാഖ സെക്രട്ടറി ഐ. എസ്. ഷാജി, കെ.സി. വൈ. എം. പ്രസിഡന്റ് റിസോ തോമസ്, സമരസമിതി കോ-ഓര്‍ഡിനേറ്റര്‍ അശോക് കുടുക്കച്ചിറ, സമര സമിതി ഭാരവാഹികളായ സാബു വര്‍ഗീസ്, പി. വി. മാര്‍ട്ടിന്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Angamali, Kerala, District Collector, Inauguration, Karukutty quarry issue; locals move to agitation