Follow KVARTHA on Google news Follow Us!
ad

ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിച്ച് പരമ്പര ഇന്ത്യയ്ക്ക് സ്വന്തം

India vs South Africa 5th ODI in Port Elizabeth Highlights - Rohit and Kuldeep Steal Show in Historic Win,Rohit and Kuldeep Steal Show in Historic Winദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിച്ച് പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. കാല്‍നൂറ്റാണ്ടിലധികം
പോര്‍ട്ട് എലിസബത്ത്: (www.kvartha.com 14.02.2018) ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിച്ച് പരമ്പര ഇന്ത്യയ്ക്ക് സ്വന്തം. കാല്‍നൂറ്റാണ്ടിലധികം നീണ്ടുനിന്ന കാത്തിരിപ്പിനുശേഷമാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ഏകദിന പരമ്പര നേടുന്നത്. പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ ആദ്യ ഏകദിന വിജയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നാലാം ഏകദിന വിജയം, ഏകദിനത്തിലെ ഒന്നാം റാങ്ക്... പോര്‍ട്ട് എലിസബത്ത് ഏകദിനത്തിലെ തകര്‍പ്പന്‍ ജയത്തില്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്.

ആതിഥേയരുടെ പോരാട്ടവീര്യത്തെ ബാറ്റിങ്ങിലെയും ബോളിങ്ങിലെയും മേധാവിത്തം കൊണ്ട് കോഹ് ലിപ്പട കീഴടക്കുമ്പോള്‍, സെന്റ ജോര്‍ജ് പാര്‍ക്കില്‍ പിറവിയെടുത്തത് ചരിത്രമാണ്. ഇതിഹാസ താരങ്ങള്‍ പലരും പിറവിയെടുത്ത ഇന്ത്യന്‍ ക്രിക്കറ്റിന് ഇന്നുവരെ പിടികൊടുക്കാതിരുന്ന ദക്ഷിണാഫ്രിക്കന്‍ മണ്ണ്, ഒടുവില്‍ കോഹ് ലിയുടെയും സംഘത്തിന്റെയും കാല്‍ക്കീഴിലായിരിക്കുന്നു.


ഒരു മത്സരം മാത്രമേ ആ കാത്തിരിപ്പ് നീണ്ടുള്ളൂ. വാണ്ടറേഴ്‌സില്‍ കൈവിട്ട ജയം പോര്‍ട്ട് എലിസബത്തിലെ സെന്റ് ജോര്‍ജ് പാര്‍ക്കില്‍ കൈപ്പിടിയിലൊതുക്കിയ ഇന്ത്യയ്ക്ക് ഏറെ നാള്‍ ഓര്‍ത്തിരിക്കാം ഈ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തപ്പോള്‍, ദക്ഷിണാഫ്രിക്കയുടെ മറുപടി 42.2 ഓവറില്‍ 201 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമായത് 73 റണ്‍സ് ജയം. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ മികച്ചതെന്നു പറയാവുന്ന ഈ റണ്‍ മാര്‍ജിനേക്കാള്‍ ടീം ജയിച്ച രീതിയും ആരാധകരെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പ്.

ഡര്‍ബനില്‍ ആറു വിക്കറ്റിനും സെഞ്ചൂറിയനില്‍ ഒന്‍പതു വിക്കറ്റിനും കേപ്ടൗണില്‍ 124 റണ്‍സിനും ജയിച്ച ഇന്ത്യ അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സ് ജയത്തോടെയാണ് പരമ്പര സ്വന്തമാക്കിയത്. മഴ കളിച്ച നാലാം ഏകദിനത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം പരാജയപ്പെട്ട ഒരേയൊരു മത്സരം മാത്രമാണ് അല്‍പം നിരാശ പകര്‍ന്നത്.

തകര്‍പ്പന്‍ വിജയത്തോടെ പരമ്പര കൈപ്പിടിയിലൊതുക്കിയെങ്കിലും ഇന്ത്യയ്ക്ക് ആശങ്ക സമ്മാനിക്കുന്ന നിമിഷങ്ങളുമുണ്ട് മത്സരത്തില്‍. 300നും 350നും ഇടയ്ക്കുള്ള സ്‌കോര്‍ ഉറപ്പിച്ച് മുന്നേറിക്കൊണ്ടിരുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിതമായ രണ്ടു റണ്ണൗട്ടുകള്‍ തിരിച്ചടിയാകുന്നതും സെന്റ് ജോര്‍ജ് പാര്‍ക്കില്‍ കണ്ടു. 31.4 ഓവറില്‍ രണ്ടിന് 176 റണ്‍സെന്ന നിലയില്‍ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് കോഹ് ലിയും രഹാനെയും അനാവശ്യ റണ്ണൗട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിഞ്ഞതാണ് വിനയായത്.

നിലയുറപ്പിക്കാന്‍ ശ്രമിച്ചുവന്ന അജിങ്ക്യ രഹാനെ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് തകര്‍ന്നത്. ഇന്ത്യ മികച്ച സ്‌കോറിലേക്ക് മുന്നേറവെ അനാവശ്യ റണ്ണിനോടി വിക്കറ്റ് വലിച്ചെറിഞ്ഞ കോഹ് ലിയും നിരാശപ്പെടുത്തി. 54 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 36 റണ്‍സെടുത്ത കോഹ് ലിയെ ഡുമിനി നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാക്കുകയായിരുന്നു.

മുന്‍നിര നല്‍കുന്ന മികച്ച തുടക്കം മുതലാക്കാനാകാതെ മധ്യനിര ഇക്കുറിയും തകര്‍ന്നതും ആശങ്കയ്ക്കു വക നല്‍കുന്നതുതന്നെ. രോഹിതിനും 54 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 36 റണ്‍സെടുത്ത കോഹ് ലി, 23 പന്തില്‍ എട്ടു ബൗണ്ടറികളോടെ 34 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാന്‍ എന്നിവര്‍ക്കും ശേഷം ഇന്ത്യന്‍ ഇന്നിങ്‌സില്‍ ഭേദപ്പെട്ട സ്‌കോര്‍ നേടാനായത് ശ്രേയസ് അയ്യര്‍ക്കു മാത്രം. അയ്യര്‍ 37 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 30 റണ്‍സെടുത്തു. 17 പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സെടുത്ത ധോണി ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് കീപ്പര്‍ ക്ലാസനു ക്യാച്ച് സമ്മാനിച്ച് മടങ്ങിയ ഹാര്‍ദിക് പാണ്ഡ്യ ഒരിക്കല്‍ക്കൂടി തികഞ്ഞ പരാജയമായി.

നിലയുറപ്പിക്കാന്‍ ശ്രമിച്ചുവന്ന അജിങ്ക്യ രഹാനെ ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെ ഇന്ത്യന്‍ ഇന്നിങ്‌സ് തകര്‍ന്നത്. 18 പന്തില്‍ എട്ടു റണ്‍സെടുത്ത രഹാനെയെ മോര്‍ക്കലിന്റെ ഫീല്‍ഡിങ്ങില്‍ ക്ലാസനാണ് പുറത്താക്കിയത്. അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ഭുവനേശ്വര്‍ കുമാര്‍ 20 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 19 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കുല്‍ദീപ് യാദവ് നാലു പന്തില്‍ രണ്ടു റണ്‍സോടെ കൂട്ടുനിന്നു.

പരമ്പരയിലുടനീളം തുടര്‍ന്നുവന്ന മോശം ഫോം ഒറ്റ മത്സരം കൊണ്ട് മറവിയിലേക്കു തള്ളിവിട്ട രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും, കൈവിട്ടോ എന്ന് ആരാധകര്‍ ഒരുവേള ആശങ്കപ്പെട്ട കൈക്കുഴ സ്പിന്നിന്റെ മാന്ത്രികത വീണ്ടെടുത്ത കുല്‍ദീപ് യാദവ്- യുസ്‌വേന്ദ്ര ചാഹല്‍ ദ്വയം, അസാമാന്യ ആക്രമണത്വരയോടെ മുന്നില്‍നിന്ന് നയിച്ച വിരാട് കോഹ് ലി, തോല്‍പ്പിക്കാം, കൊല്ലാനാവില്ലെന്ന പ്രഖ്യാപനത്തോടെ ക്രീസില്‍ നില്‍ക്കുന്ന ചുരുങ്ങിയ സമയം കൊണ്ട് ആരാധക ഹൃദയം കീഴടക്കുന്ന ശിഖര്‍ ധവാന്‍ ... പോര്‍ട്ട് എലിസബത്ത് ഏകദിനം ബാക്കി വയ്ക്കുന്ന സുന്ദരമായ ക്രിക്കറ്റ് കാഴ്ചകള്‍ക്ക് അറുതിയില്ല.

അഞ്ചാം ഏകദിനത്തിന് തയാറെടുക്കുമ്പോള്‍ ഇന്ത്യയുടെ ആശങ്കയേറെയും രോഹിതിനെ ചൊല്ലിയായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു പുറപ്പെടും മുന്‍പ് നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരെ പരമ്പര വിജയം സമ്മാനിച്ച അതേ 'ക്യാപ്റ്റന്‍ രോഹിതി'നെച്ചൊല്ലി. വന്‍ വിസ്‌ഫോടനശേഷിയുള്ള രോഹിതിന്റെ ബാറ്റ് ദക്ഷിണാഫ്രിക്കയില്‍ പതിവിലേറെ നിശബ്ദമായത് ആരാധകര്‍ക്ക് സമ്മാനിച്ച ആശങ്ക ചില്ലറയല്ല. ടീമിന് സമ്മാനിച്ച അസ്ഥിരതയും. എന്നാല്‍, സകല ആശങ്കകളും അസ്ഥാനത്താണെന്നു തെളിയിച്ച രോഹിതിന്റെ അവതാരപ്പിറവിയാണ് സെന്റ് ജോര്‍ജ് പാര്‍ക്കില്‍ കണ്ടത്.

അസാമാന്യ ഫോമില്‍ കളിച്ചുവന്ന ശിഖര്‍ ധവാന്‍ പതിവിലും നേരത്തെ മടങ്ങിയശേഷം ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്കൊപ്പം രോഹിത് കളിച്ച ഇന്നിങ്‌സ് വളരെ സുന്ദരമായിരുന്നു. കളിയുടെ സൗന്ദര്യത്തേക്കാള്‍ സന്ദര്‍ഭത്തിനനുസരിച്ച് പെരുമാറാന്‍ രോഹിത് തയാറായി എന്നതായിരുന്നു ആരാധകരുടെ സന്തോഷം. ഹിറ്റ്മാന്റെ ഏറ്റവും സുന്ദരമായ ഇന്നിങ്‌സൊന്നുമായിരുന്നില്ല അത്. ചില തപ്പിതടച്ചിലുകള്‍ ആ ഇന്നിങ്‌സില്‍ ആവോളമുണ്ടായിരുന്നു താനും. എന്നിരിക്കിലും, ആ സെഞ്ച്വറി വന്ന രീതിയും സന്ദര്‍ഭവും രോഹിതിന്റെ ഇന്നിങ്‌സിനെ നെഞ്ചോടു ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.

പോര്‍ട്ട് എലിസബത്തില്‍ അഞ്ചാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ ആദ്യ മത്സരത്തില്‍ നേടിയ 20 റണ്‍സായിരുന്നു പരമ്പരയില്‍ രോഹിതിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. തുടര്‍ന്നുള്ള മത്സരങ്ങളിലെ പ്രകടനമാകട്ടെ 15, പൂജ്യം, അഞ്ച് എന്നിങ്ങനെയും. ഫോമില്ലായ്മയുടെ പേരില്‍ കേള്‍പ്പിച്ച സകല പേരുദോഷങ്ങളും ഒറ്റ ഇന്നിങ്‌സുകൊണ്ടുതന്നെ രോഹിത് മായിച്ചു കളഞ്ഞെന്നതാണ് സത്യം. സെഞ്ച്വറി കുതിപ്പിനിടെ പതിവില്ലാത്ത വിധം ക്യാപ്റ്റന്‍ കോഹ് ലിയും അജിങ്ക്യ രഹാനെയും റണ്ണൗട്ടായിട്ടും സമനില വിടാതെ കളിച്ചാണ് രോഹിത് സെഞ്ച്വറിയിലെത്തിയത്.

പതിവുപോലെ നിലയുറപ്പിക്കാന്‍ സമയമെടുത്തു രോഹിത്. മറുവശത്ത് ഒരിക്കല്‍ക്കൂടി ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ക്കു മേല്‍ സമ്പൂര്‍ണാധിപത്യം പുലര്‍ത്തി ധവാന്‍ മുന്നേറുമ്പോള്‍, രോഹിത് തുടക്കത്തില്‍ തപ്പിത്തടഞ്ഞു. നിലയുറപ്പിച്ച് കത്തിക്കയറുന്ന സ്വതസിദ്ധമായ ആ ശൈലിയിലേക്ക് പൂര്‍ണമായി എത്തിയില്ലെങ്കിലും മോശമല്ലാത്ത പ്രകടനമായിരുന്നു രോഹിതിന്റേത്. കൃത്യം 50 പന്തില്‍ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത് കുറച്ചുകൂടി സാവകാശത്തിലാണ് സെഞ്ച്വറിയിലേക്കെത്തിയത്.

മറ്റെല്ലാ മത്സരങ്ങളിലും കോഹ് ലി സെഞ്ച്വറി കൂട്ടുകെട്ടുകളുടെ ഭാഗമായി. ഡര്‍ബനില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം മൂന്നാം വിക്കറ്റില്‍ 189, കേപ്ടൗണില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ശിഖര്‍ ധവാനൊപ്പം രണ്ടാം വിക്കറ്റില്‍ 140, വാണ്ടറേഴ്‌സില്‍ നടന്ന നാലാം ഏകദിനത്തില്‍ ധവാനൊപ്പം തന്നെ രണ്ടാം വിക്കറ്റില്‍ 158, പോര്‍ട്ട് എലിസബത്തില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം 105... സമാനതകളില്ലാത്ത ഈ പ്രകടനത്തെ എങ്ങനെ വിശേഷിപ്പിക്കാന്‍.

ഇതിനു പുറമെ രണ്ടു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ അഞ്ചു മത്സരങ്ങളില്‍നിന്ന് കോഹ് ലി ഇതുവരെ സ്വന്തമാക്കിയത് 429 റണ്‍സാണ്. വ്യക്തിഗത മികവിലും കോഹ് ലി അസാധ്യ ഫോമിലാണെന്നുതന്നെ പറയാം.

പരമ്പരയുടെ താരമാകുമെന്ന് വിശ്വസിച്ച ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തി ടീമിന് ബാധ്യതയായി മാറിയ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ആദ്യ നാലു മത്സരങ്ങളിലെ കാഴ്ച. പോര്‍ട്ട് എലിസബത്തില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട ഹാര്‍ദിക് ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തി. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ക്യാച്ച് സമ്മാനിച്ച് സംപൂജ്യനായി മടങ്ങിയ പാണ്ഡ്യ, ആരാധകരുടെ മനസ്സില്‍ തീകോരിയിട്ടാണ് പുറത്തായത്.

എന്നാല്‍, ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചതോടെ ചിത്രം മാറി. ഒന്‍പത് ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ 51 റണ്‍സെന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത് 10-ാം ഓവറിലായിരുന്നു. ജസ്പ്രീത് ബുംമ്രയുടെ പന്തില്‍ വിരാട് കോഹ് ലിക്ക് ക്യാച്ച് സമ്മാനിച്ച് ആദ്യം പുറത്തായത് ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രം. 32 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം നേടിയ 32 റണ്‍സായിരുന്നു മര്‍ക്രത്തിന്റെ സമ്പാദ്യം.

ദക്ഷിണാഫ്രിക്ക പക്ഷേ, അപ്പോഴും ആശ്വാസത്തിലായിരുന്നു. ഡുമിനി, ഡിവില്ലിയേഴ്‌സ്, മില്ലര്‍ ഉള്‍പ്പെടെയുള്ളവരൊന്നും അപ്പോഴും ക്രീസിലെത്തിയിരുന്നില്ല. എക്കാലത്തെയും വിശ്വസ്ത താരം ഹാഷിം അംലയാകട്ടെ മറുവശത്ത് മികച്ച ഫോമിലുമായിരുന്നു. എന്നാല്‍, കാര്യങ്ങള്‍ മാറിമറിഞ്ഞത് വളരെ പെട്ടെന്നാണ്. ആദ്യ ബോളിങ് മാറ്റവുമായി 11-ാം ഓവര്‍ ബോള്‍ ചെയ്യാനെത്തിയ ഹാര്‍ദിക് പാണ്ഡ്യ, നിമിഷനേരം കൊണ്ട് ഒരിക്കല്‍ക്കൂടി ആരാധകര്‍ക്കിടയില്‍ താരമായി.

ആദ്യ ഓവറിന്റെ അഞ്ചാം പന്തില്‍ അപകടകാരിയായ ഡുമിനിയെ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ച പാണ്ഡ്യ, തന്റെ അടുത്ത ഓവറില്‍ ഏറ്റവും അപകടകാരിയായ ഡിവില്ലിയേഴ്‌സിനെയും മടക്കി. ഏഴു പന്തില്‍ ആറു റണ്‍സുമായി അപകടകാരിയായി വളരുകയായിരുന്ന ഡിവില്ലിയേഴ്‌സിനെ ധോണിയുടെ കൈകളിലെത്തിച്ചാണ് പാണ്ഡ്യ വരവറിയിച്ചത്. പാണ്ഡ്യ ഉഴുതുമറിച്ച ഈ മണ്ണിലാണ് കുല്‍ദീപ്-ചാഹല്‍ സഖ്യം വിളവെടുത്തത്.

അവിടം കൊണ്ടും നിര്‍ത്തിയില്ല പാണ്ഡ്യ. ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ രണ്ടു വട്ടം കൈവിട്ടു സഹായിച്ചതിനു പിന്നാലെ അര്‍ധസെഞ്ച്വറിയുമായി കുതിക്കുകയായിരുന്ന ഹാഷിം അംലയെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടുമാക്കി അദ്ദേഹം. 92 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 71 റണ്‍സെടുത്ത അംലയെ പാണ്ഡ്യയുടെ നേരിട്ടുള്ള ത്രോ പുറത്താക്കുന്ന കാഴ്ച ഈ മത്സരത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൊന്നുമായിരുന്നു.

വാണ്ടറേഴ്‌സില്‍ നടന്ന നാലാം ഏകദിനം തോറ്റപ്പോള്‍ ആ പരാജയത്തേക്കാളേറെ ഇന്ത്യന്‍ ആരാധകരെ സങ്കടപ്പെടുത്തിയത് കുല്‍ദീപ്- ചാഹല്‍ സഖ്യത്തെ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ നിലം തൊടാതെ പറത്തിയ കാഴ്ചയായിരുന്നു. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു മുന്നില്‍ നിഗൂഢതയുടെ ആവരണങ്ങളുമായി അവതരിച്ച ഇരുവരെയും വാണ്ടറേഴ്‌സില്‍ മില്ലറിന്റെയും ക്ലാസന്റെയും ഫെലൂക്‌വായോയുടെയും നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക അടിച്ചോടിച്ചു.

വാണ്ടറേഴ്‌സില്‍ 11.3 ഓവര്‍ ബോള്‍ ചെയ്ത ഇരുവരും 119 റണ്‍സ് വഴങ്ങിയെന്നു മാത്രമല്ല, നേടാനായത് മൂന്നു വിക്കറ്റുകള്‍ മാത്രം. 33 പന്തില്‍ 68 റണ്‍സ് വഴങ്ങിയ യുസ്‌വേന്ദ്ര ചാഹലിന്റെയും 36 പന്തില്‍ 51 റണ്‍സ് വഴങ്ങിയ കുല്‍ദീപിന്റെയും സ്പിന്‍ മാന്ത്രികതയ്ക്ക് എന്തു സംഭവിച്ചുവെന്ന് ആശങ്കപ്പെട്ട ആരാധകര്‍ക്ക് പോര്‍ട്ട് എലിസബത്തില്‍ മറുപടി ലഭിച്ചു. ഇക്കുറിയും റണ്‍ വഴങ്ങുന്നതില്‍ പതിവിലേറെ ധാരാളിത്തം കാട്ടിയെങ്കിലും നിര്‍ണായക സമയത്ത് നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപും ചാഹലും വരവറിയിച്ചു.

കുല്‍ദീപ് 10 ഓവറില്‍ 57 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചാഹല്‍ 9.2 ഓവറില്‍ 43 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റും പോക്കറ്റിലാക്കി. ഹെന്റിക് ക്ലാസന്‍, ഫെലൂക്‌വായോ, റബാഡ, ഷംസി എന്നിവര്‍ കുല്‍ദീപിനു മുന്നിലും ഡേവിഡ് മില്ലര്‍, മോണി മോര്‍ക്കല്‍ എന്നിവര്‍ ചാഹലിനു മുന്നിലും കീഴടങ്ങി. 42-ാം ഓവറില്‍ റബാഡ, ക്ലാസന്‍ , ഷംസി എന്നിവരെ പുറത്താക്കിയ കുല്‍ദീപിന്റെ ട്രിപ്പിള്‍ പ്രഹരമാണ് മത്സരം ഇത്രയേറെ അനായാസം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. പരമ്പരയില്‍ കുല്‍ദീപ് ഇതുവരെ 16 വിക്കറ്റുകള്‍ നേടിയപ്പോള്‍ ചാഹലിന്റെ പേരില്‍ 14 വിക്കറ്റുകളുണ്ട്.

സെന്റ് ജോര്‍ജ് പാര്‍ക്കില്‍ അനായാസം വിജയത്തിലെത്തിയെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരെ നേരിടാനുള്ള മരുന്നൊക്കെ തന്റെ കൈവശമുണ്ടെന്ന് തെളിച്ചുപറഞ്ഞിട്ടാണ് ഹെന്റിച്ച് ക്ലാസന്‍ എന്ന ദക്ഷിണാഫ്രിക്കയുടെ പുതിയ കണ്ടുപിടിത്തം പവലിയനിലേക്കു മടങ്ങിയത്. കുല്‍ദീപിന്റെ ഒരു ഓവറില്‍ രണ്ടു സിക്‌സും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ തകര്‍ത്തടിച്ച ക്ലാസന്‍ തന്റെ ക്ലാസ് തെളിയിച്ചുകൊണ്ടിരിക്കെയാണ് കുല്‍ദീപിന്റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്ത് പുറത്തായത്.

ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ രണ്ടുതവണ ജീവന്‍ നല്‍കിയ ഹാഷിം അംല ആതിഥേയരുടെ ടോപ് സ്‌കോററായി. 92 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 71 റണ്‍സായിരുന്നു അംലയുടെ സമ്പാദ്യം. ക്ലാസന്‍ 42 പന്തില്‍ രണ്ടു വീതം സിക്‌സും ബൗണ്ടറിയും ഉള്‍പ്പെടെ 39 റണ്‍സെടുത്തു. ക്യാപ്റ്റന്‍ എയ് ഡന്‍ മര്‍ക്രം (40 പന്തില്‍ 32), ഡേവിഡ് മില്ലര്‍ (56 പന്തില്‍ 36) എന്നിവരും ചെറുത്തുനിന്നെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.

ജെ.പി. ഡുമിനി (ഏഴു പന്തില്‍ ഒന്ന്), എബി ഡിവില്ലിയേഴ്‌സ് (എട്ടു പന്തില്‍ ആറ്), കഴിഞ്ഞ കളിയിലെ ഹീറോ ആന്‍ഡില്‍ ഫെലൂക്‌വായോ (നാലു പന്തില്‍ പൂജ്യം), കഗീസോ റബാഡ (26 പന്തില്‍ മൂന്ന്), മോണി മോര്‍ക്കല്‍ (എട്ടു പന്തില്‍ ഒന്ന്), ടെബ്രായിസ് ഷംസി (രണ്ടു പന്തില്‍ പൂജ്യം) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ലുങ്കി എന്‍ഗിഡി നാലു റണ്‍സുമായി പുറത്താകാതെ നിന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs South Africa 5th ODI in Port Elizabeth Highlights - Rohit and Kuldeep Steal Show in Historic Win,Rohit and Kuldeep Steal Show in Historic Win.