Follow KVARTHA on Google news Follow Us!
ad

എയിഡഡ് പ്രീപ്രൈമറി അധ്യാപികമാര്‍ക്ക് ദുരിതപര്‍വം; അറിയാമോ ഇവരുടെ ശമ്പളം എത്രയെന്ന്? ഞെട്ടരുത്

കേരളം കണ്ടില്ലെന്നു നടിക്കുകയും എന്നാല്‍ അടിയന്തരമായി തീരുമാനമെടുക്കേണ്ട വിഷയമായി പ്രീ പ്രൈമറി അധ്യാപികമാരുടെ ശമ്പളം മാറുന്നു. മാസം പരമാവധി രണ്ടാKerala, News, Teachers, Education, Pre-primary teachers are human beings; but who bothered about them?
തിരുവനന്തപുരം: (www.kvartha.com 14.01.2018) കേരളം കണ്ടില്ലെന്നു നടിക്കുകയും എന്നാല്‍ അടിയന്തരമായി തീരുമാനമെടുക്കേണ്ട വിഷയമായി പ്രീ പ്രൈമറി അധ്യാപികമാരുടെ ശമ്പളം മാറുന്നു. മാസം പരമാവധി രണ്ടായിരം രൂപ വരെ മാത്രം ശമ്പളം വാങ്ങുന്ന എയിഡഡ് മേഖലയിലെ പ്രീപ്രൈമറി അധ്യാപികമാരുടെ ജീവിത ദുരിതം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണം എന്ന് ആവശ്യത്തിന് പഴക്കമുണ്ട്.

ശനിയാഴ്ച എറണാകുളത്ത് ശിക്ഷക് ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ ഈ അധ്യാപികമാര്‍ പുതിയ കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. കേരള എയിഡഡ് പ്രീപ്രൈമറി ടീച്ചേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സ് അസോസിയേഷന്‍ എന്ന പുതിയ സംഘടനയ്ക്ക് പ്രത്യേക രാഷ്ട്രീയ പക്ഷപാതിത്വങ്ങളൊന്നുമില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉള്‍പ്പെടെയുള്ളവരെ നേരില്‍ക്കണ്ട് തങ്ങളുടെ ദുരിതപര്‍വം വിശദീകരിച്ചു ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങള്‍ വീണ്ടും നടത്താനാണ് തീരുമാനം.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനു മുന്നില്‍ ഇവര്‍ ഒട്ടേറെ വാതിലുകള്‍ മുട്ടിയെങ്കിലും ഒടുവില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു കീഴിലുള്ള പ്രീപ്രൈമറി സ്‌കൂളുകളിലെ ഹെല്‍പ്പര്‍മാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം കൂട്ടി നല്‍കാനും മറ്റ് ആനൂകൂല്യങ്ങള്‍ നല്‍കാനും മാത്രമാണ് തീരുമാനമുണ്ടായത്. സര്‍ക്കാര്‍ പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകര്‍ക്കും ആയമാര്‍ക്കും ലഭിക്കുന്ന തുഛശമ്പളത്തിന്റെ മാന്യതയും മനുഷ്യത്വവും പോലും എയിഡഡ് പ്രൈമറി സ്‌കൂളുകളില്‍ ഇതേ ജോലി ചെയ്യുന്നവര്‍ക്കില്ല. പകരം, കേട്ടാല്‍ കേരളം അമ്പരന്നു പോകുന്നത്ര കുറവാണ് ഇവരുടെ ശമ്പളം. ജീവിതത്തിന്റെ ഏറ്റവും പരിമിത ആവശ്യങ്ങള്‍ക്കുപോലും തികയാത്തത്ര കുറവ്. നക്കാപ്പിച്ച എന്ന വാക്ക് സ്വന്തം ശമ്പളത്തേക്കുറിച്ച് അവര്‍ ഉപയോഗിക്കാത്തത് ആത്മാഭിമാനത്തിനു സ്വയം മുറിവേല്‍പ്പിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണ്. ഇവര്‍ മുട്ടാത്ത അധികൃതരുടെ വാതിലുകളില്ല, നീതിക്കു വേണ്ടി. പക്ഷേ, അവയിലൊന്നു പോലും തുറക്കപ്പെട്ടുമില്ല. അംഗീകൃത പ്രീപ്രൈമറി അധ്യാപന യോഗ്യത നേടി വര്‍ഷങ്ങളായി കുഞ്ഞുങ്ങളെ പഠിപ്പിച്ച് പരിപാലിക്കുന്നവര്‍ക്ക് കുരുന്നുകളോടുള്ള സ്നേഹത്തിലും ആത്മാര്‍ത്ഥതയില്‍ കലര്‍പ്പില്ല. അതുകൊണ്ടു മാത്രമാണ് ഈ ജോലിയില്‍ തുടരുന്നതെന്ന് അവര്‍ പറയുന്നത് പൊള്ളയുവാക്കുമല്ല. എയിഡഡ് പ്രീപ്രൈമറി മേഖലയില്‍ ആറായിരം അധ്യാപികമാരും അതിന്റെ പകുതിയോളം ആയമാരുമുണ്ട്. മറ്റെല്ലാ മേഖലകളിലെയും അധ്യാപകരില്‍ പുരുഷന്മാരുമുണ്ടെങ്കിലും പ്രീപ്രൈമറിയില്‍ സ്ത്രീകള്‍ മാത്രമാണുള്ളത്. അവര്‍ക്ക് മാത്രം സാധിക്കുന്ന കനിവിനെയും കരുതലിനെയും സംബന്ധിച്ച വാചാലമായ തെളിവുകൂടിയാകുന്നു ഇത്.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളില്‍ അധ്യാപക രക്ഷാകര്‍തൃ സംഘടനയുടെ കീഴിലാണ് പ്രീപ്രൈമറി ക്ലാസുകള്‍ തുടങ്ങിയത്. 2012 ഡിസംബര്‍ ഏഴിനു ശേഷം പി ടി എകള്‍ പ്രീപ്രൈമറി ക്ലാസുകള്‍ തുടങ്ങാനോ നിയമനങ്ങള്‍ നടത്താനോ പാടില്ലെന്നു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എങ്കിലും സര്‍ക്കാര്‍ മേഖലയില്‍ അതുവരെ നിയമിച്ചവര്‍ക്ക് ചില മാനുഷിക പരിഗണനകള്‍ ലഭിക്കുന്നുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രീപ്രൈമറി അധ്യാപികമാര്‍ക്കും ആയമാര്‍ക്കും ആകസ്മികാവധിയും പ്രസവാവധിയും നല്‍കി ഈ മാസം ഏഴിന് പുറപ്പെടുവിച്ച ഉത്തരവ് ഉദാഹരണം. വര്‍ഷത്തില്‍ 15 ആകസ്മികാവധിയും ഓണറേറിയത്തോടുകൂടി ആറുമാസത്തെ പ്രസവാവധിയുമാണ് അനുവദിച്ചത്. മാത്രമല്ല മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സ്പെഷല്‍ ലീവിന്റെ വ്യവസ്ഥകള്‍ക്കനുസരിച്ച് ഓണറേറിയത്തോടുകൂടിയ അവധിയും അനുവദിച്ചു. ഈ പരിഗണനകളിലൊന്നുപോലും എയിഡഡ് പ്രീപ്രൈമറി അധ്യാപികമാര്‍ക്കും ആയമാര്‍ക്കും ലഭിക്കുന്നില്ല. പ്രീപ്രൈമറിക്ക് മുകളിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, എയിഡഡ് വ്യത്യാസമില്ലാതെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമ്പോഴാണ് ഈ അനീതി. ഇതാകട്ടെ ഇന്നും ഇന്നലെയുമുള്ളതല്ല, മുഖ്യമന്ത്രി പിണറായി വിജയനോ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥോ തുടങ്ങിവച്ചതുമല്ല. പക്ഷേ, ഇന്നിപ്പോള്‍ ഈ സര്‍ക്കാരിന്റെ കണ്‍മുന്നില്‍ അനീതിയുടെ തുല്യതകളില്ലാത്ത ഉദാഹരണമായി ഇവരുടെ പ്രശ്നം നിലനില്‍ക്കുന്നു.

ശമ്പളത്തിലും പാഠ്യപദ്ധതിയിലും ഉള്‍പ്പെടെ പ്രീപ്രൈമറി മേഖലയില്‍ ഏകീകൃത രീതി കൊണ്ടുവരുന്നതിന് പി വി കുഞ്ഞുരാമന്‍ അധ്യക്ഷനായി സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധിയാളുകളെ നേരില്‍ക്കണ്ടും വിവരങ്ങള്‍ ശേഖരിച്ചും സമിതി റിപ്പോര്‍ട്ടു തയ്യാറാക്കിയെങ്കിലും സര്‍ക്കാരിന് നല്‍കിയിട്ടില്ല. അധ്യാപകരുടെയും ആയമാരുടെയും നിസ്സഹായമായ കാത്തിരിപ്പ് തുടരുകയും ചെയ്യുന്നു.

സര്‍ക്കാര്‍ സ്‌കൂളുകളിലെ പി ടി എ നടത്തുന്ന പ്രീപ്രൈമറി സ്‌കൂളുകളിലെ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചാണ് കുറച്ചെങ്കിലും നീതി നേടിയെടുത്തത്. അതെ, അതും വളരെക്കുറവുതന്നെയാണ്. എങ്കിലും തമ്മില്‍ ഭേദം. അവര്‍ക്ക് അയ്യായിരം രൂപ വീതം പ്രതിമാസ ഓണറേറിയം നല്‍കാനാണ് 2011ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഒപ്പം ആയമാര്‍ക്ക് മൂവായിരത്തിയഞ്ഞൂറ് രൂപയും ലഭിച്ചു തുടങ്ങി. അത് ഇപ്പോള്‍ അധ്യാപികമാര്‍ക്ക് 9,500 രൂപയും ആയമാര്‍ക്കും ആറായിരം രൂപയുമായി വര്‍ധിച്ചു. പക്ഷേ, എയിഡഡ് പ്രീപ്രൈമറി അധ്യാപികമാര്‍ക്ക് ലഭിക്കുന്നത് ആയിരത്തിയഞ്ഞൂറ് മുതല്‍ മൂവായിരം രൂപ വരെ മാത്രം. അതായത് ദിവസം അമ്പത് രൂപ മുതല്‍ നൂറ് രൂപ വരെ. ആയമാര്‍ക്ക് കിട്ടുന്നത് അതിലും കുറവാണ്. അധ്യാപികമാരില്‍ വളരെക്കുറച്ചു പേര്‍ക്ക് അയ്യായിരം രൂപ വരെ കിട്ടുന്നുണ്ട്. പക്ഷേ, അത് അവരുടെ കൈയില്‍ എത്തണമെങ്കില്‍ പി ടി എ കുട്ടികളില്‍ നിന്ന് ഫീസ് പിരിച്ചെടുക്കുകയും മറ്റ് ക്ലാസുകളിലെ അധ്യാപകര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം നല്‍കുകയോ വേണം. മാനേജ്മെന്റുകള്‍ ഇക്കാര്യത്തില്‍ കൈമലര്‍ത്തുകയാണ് ചെയ്യുന്നത്. മറ്റ് എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെപ്പോലെ ഇവര്‍ക്കും സര്‍ക്കാര്‍ തന്നെ നേരിട്ട് ശമ്പളം കൊടുക്കണം എന്നാണ് ഇവരുടെ നിലപാട്. കിട്ടുന്ന ചെറിയ തുക പോലും ഒന്നും കിട്ടാതിരിക്കുന്നതിനേക്കാള്‍ ഭേദമെന്ന് ആശ്വസിക്കുമ്പോഴും വെറുതേയിരിക്കാന്‍ ഈ അധ്യാപികമാര്‍ക്ക് കഴിയുന്നില്ല. ഒരേസമയം സ്വന്തം ജോലിയിലും അതിനു മാന്യമായ പ്രതിഫലം ലഭിക്കാനുള്ള ശ്രമങ്ങളിലും അവര്‍ കഠിനാധ്വാനം ചെയ്യുന്നു. അതിനു തുടര്‍ച്ചയായാണ് ഇപ്പോഴത്തെ കൂട്ടായ്മ രൂപീകരിച്ചത്. സഹിച്ചുമടുത്തപ്പോള്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ തെരുവിലിറങ്ങിയതുപോലെ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Teachers, Education, Pre-primary teachers are human beings; but who bothered about them?
< !- START disable copy paste -->