Follow KVARTHA on Google news Follow Us!
ad

എ പി - ഇ കെ ഐക്യനീക്കത്തില്‍ ആഹ്ലാദിച്ച് അണികള്‍; ഉത് കണ്ഠ മറച്ചുവച്ച് മുസ്ലിം ലീഗ്

സംസ്ഥാനത്തെ പ്രമുഖ മുസ്ലിം സംഘടനകളായ കാന്തപുരം വിഭാഗം അഖിലേന്ത്യാThiruvananthapuram, News,Politics, Muslim-League, Clash, Conference, Criticism, Kerala,
തിരുവനന്തപുരം: (www.kvartha.com 15.01.2018) സംസ്ഥാനത്തെ പ്രമുഖ മുസ്ലിം സംഘടനകളായ കാന്തപുരം വിഭാഗം അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമയും ഇ കെ വിഭാഗം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും തമ്മിലുള്ള അകലം കുറയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ രണ്ടു വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ അതീവ ആഹ്ലാദത്തില്‍.

രണ്ട് സംഘടനകളും തമ്മിലുള്ള ലയനം തല്‍ക്കാലം ആലോചനയില്‍ ഇല്ലെങ്കിലും പരസ്പരമുള്ള സംഘര്‍ഷങ്ങള്‍ പൂര്‍ണമായി അവസാനിപ്പിക്കാനും കഴിയുന്നത്ര യോജിക്കാവുന്ന മേഖലകളില്‍ പരസ്പരം സഹകരിക്കാനുമാണ് ശ്രമം. ഇതിന് രണ്ടു പക്ഷത്തും നിന്നുള്ളവര്‍ ഉള്‍പ്പെട്ട ആറംഗ സമിതിയെ നിയോഗിച്ചുവെന്ന വാര്‍ത്തകള്‍ രണ്ടു വിഭാഗവും നിഷേധിച്ചിട്ടില്ല.

അതേസമയം, മുസ്ലിം ലീഗുമായി അകന്ന് സിപിഎമ്മുമായി അടുത്തു നില്‍ക്കുന്ന സമസ്ത കാന്തപുരം വിഭാഗവും ലീഗുമായി സമീപകാലത്ത് ഇടഞ്ഞുനില്‍ക്കുന്ന സമസ്ത ഇ കെ വിഭാഗവും കൈകോര്‍ക്കുന്നതിനെ ഉത്കണ്ഠയോടെയാണ് ലീഗ് കാണുന്നതെന്ന സൂചനകള്‍ ശക്തമാണ്. എന്നാല്‍ സുന്നി സംഘടനകള്‍ മാത്രമല്ല മുസ്ലിം സമുദായത്തിലെ എല്ലാ സംഘടനകളും പരസ്പര സഹകരണത്തിലും സംഘര്‍ഷമില്ലാതെയും പ്രവര്‍ത്തിക്കണം എന്നാണ് ലീഗ് നിലപാടെന്നും അതിനു വേണ്ടിയാണ് എല്ലാക്കാലത്തും പാര്‍ട്ടി നിലകൊണ്ടിട്ടുള്ളതെന്നുമാണ് ലീഗ് നിലപാട്. സമസ്തയും കാന്തപുരം വിഭാഗവും സഹകരിക്കുന്നതില്‍ ലീഗിന് ഉത്കണ്ഠയൊന്നുമില്ലെന്നും പ്രമുഖ ലീഗ് നേതാവ് കെ വാര്‍ത്തയോട് പറഞ്ഞു.

മര്‍ക്കസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സമസ്ത പ്രസിഡന്റ് ജിഫ്്രി മുത്തുക്കോയ തങ്ങളെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഫോണില്‍ ക്ഷണിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ക്ഷണം തങ്ങള്‍ സ്നേഹപൂര്‍വം നിരസിക്കുകയും എന്നാല്‍ സമ്മേളനത്തിന്റെ വിജയത്തിനു വേണ്ടി തന്റെ പ്രാര്‍ത്ഥനകള്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തുവത്രേ. അന്തരിച്ച ഇ കെ അബൂബക്കര്‍ മുസ്ല്യാരുടെ ശിഷ്യന്മാര്‍ എന്ന നിലയില്‍ കാന്തപുരവും ജിഫ്രി തങ്ങളും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം സുന്നീ സംഘടനകളുടെ ഇപ്പോഴത്തെ നീക്കത്തെ സ്വാധീനിച്ചിട്ടുണ്ട്.

1989ല്‍ സമസ്ത പിളര്‍ന്ന് ഇ കെ വിഭാഗമെന്നും കാന്തപുരം വിഭാഗമെന്നും അറിയപ്പെടുന്ന രണ്ട് പക്ഷങ്ങളായി മാറിയശേഷം പലപ്പോഴും ഐക്യനീക്കങ്ങള്‍ നടന്നിരുന്നു. മുസ്ലിം ലീഗിന്റെ മധ്യസ്ഥതയിലായിരുന്നു ഈ ശ്രമങ്ങളില്‍ ഭൂരിഭാഗവുംം. അവയൊക്കെ പാതിവഴിയില്‍ പരാജയപ്പെടുകയാണുണ്ടായത്. എന്നാല്‍ ലീഗിന്റെ ഇടപെടല്‍ ഇല്ലാതെയും രണ്ട് സംഘടനകളുടെയും ലീഗ് വിരുദ്ധ നിലപാടുകളുടെ പശ്ചാത്തലത്തിലും നടക്കുന്ന ഐക്യനീക്കം എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത.

മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും റഷീദലി തങ്ങളും പങ്കെടുത്തതിനെതിരെ അതിശക്തമായി രംഗത്തുവന്ന സമസ്തയെ ലീഗ് എതിര്‍ക്കുകയും കാന്തപുരം വിഭാഗം ധാര്‍മികമായി പിന്തുണയ്ക്കുകയുമാണ് ചെയ്തത്.

മുനവ്വറലിയും റഷീദലിയും ഖേദം പ്രകടിപ്പിച്ചതായി പ്രചരിച്ചെങ്കിലും മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതുമൂലം സമസ്തയ്ക്കുണ്ടായ വേദന ഉള്‍ക്കൊള്ളുന്നു എന്നാണ് പറഞ്ഞതെന്നും ഖേദപ്രകടനമൊന്നും ഉണ്ടായില്ല എന്നുമാണ് മുനവ്വറലി തങ്ങള്‍ പറഞ്ഞത്. അതേസമയം, മുജാഹിദ് ആദര്‍ശ പ്രചരണ വേദികളില്‍ സുന്നികള്‍ പങ്കാളികളാകാന്‍ പാടില്ലെന്നും അതില്‍ നിന്നു വിട്ടുനില്‍ക്കണമെന്നും സമസ്തയുടെ തീരുമാനവും പാരമ്പര്യവും അങ്ങനെതന്നെയാണെന്നും സമസ്ത നേതൃത്വം ആവര്‍ത്തിക്കുന്നു.

'വിരുദ്ധ ആശയക്കാരുടെ ആദര്‍ശപ്രചാരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ ഏത് പ്രസ്ഥാനത്തിനും അങ്ങനെതന്നെയല്ലേ. കമ്യൂണിസ്റ്റുകാരുടെ പാര്‍ട്ടി സമ്മേളനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയല്ലേ. അതില്‍ ഏതെങ്കിലും ലീഗുകാരനോ കോണ്‍ഗ്രസുകാരനോ പങ്കെടുക്കുന്നില്ലല്ലോ. ഇതൊക്കെ സാധാരണ എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷയും ശൈലിയുമാണ്, തീരുമാനവുമാണ്. ആ നിലയ്ക്ക് സമസ്തയുടെ ആദര്‍ശം ഉള്ളിലുള്ള ഒരാള്‍ക്ക് അതിന്റെ നേരേ വിരുദ്ധമായ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാടില്ല എന്നത് വളരെ വ്യക്തമാണ്.

അങ്ങനെ തന്നെയാണ് സമസ്ത ആ വിഷയത്തില്‍ പ്രതികരിച്ചത്. അതാണ് നയം.' എന്നാണ് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അതില്‍ ലീഗ് സ്വീകരിച്ച നിലപാടിനെയും അദ്ദേഹം വിമര്‍ശിച്ചു. സമസ്തയും ലീഗുമായുള്ള അകലം ഇങ്ങനെ കൂടുന്നതിനിടയിലാണ് കാന്തരപുരം വിഭാഗവുമായുള്ള ഐക്യനീക്കങ്ങള്‍ സജീവമായിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Followers are very happy about Sunni unity movie, Thiruvananthapuram, News,Politics, Muslim-League, Clash, Conference, Criticism, Kerala.