Follow KVARTHA on Google news Follow Us!
ad

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി ആഞ്ഞടിച്ച് സുപ്രീംകോടതിയിലെ 4 മുതിര്‍ന്ന ജഡ്ജിമാര്‍, ദീപക് മിശ്രയെ ഇംപീച്ച് ചെയ്യേണ്ടതുണ്ടോ എന്നത് രാജ്യം തീരുമാനിക്കട്ടെ എന്നും ജഡ്ജിമാര്‍

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി New Delhi, News, Supreme Court of India, Law, Allegation, Justice, Criticism, National,
ന്യൂഡല്‍ഹി: (www.kvartha.com 12.01.2018) ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി ആഞ്ഞടിച്ച് സുപ്രീംകോടതിയിലെ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്ത്. ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ തന്നെ അസാധാരണ സംഭവങ്ങള്‍ക്ക് വഴിവച്ച് കോടതി നടപടികള്‍ നിറുത്തിവച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതിഷേധിച്ചിരിക്കയാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നീ നാലു മുതിര്‍ന്ന ജഡ് ജിമാര്‍.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ് റാബുദീന്‍ വ്യാജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ രംഗത്ത് വന്നത്. സുപ്രീം കോടതിയിലെ ഭരണം കുത്തഴിഞ്ഞെന്ന് ജസ്റ്റിസ് ജെ.ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ ആരോപിച്ചു. കോടതിയുടെ മഹത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് ഈ പ്രതിഷേധമെന്നും ചെലമേശ്വര്‍ പറഞ്ഞു.

After Top Court Judges' Press Conference, PM Modi Meets Law Minister, New Delhi, News, Supreme Court of India, Law, Allegation, Justice, Criticism, National

രാജ്യത്തിന്റെ ജനാധിപത്യം തന്നെ അപകടാവസ്ഥയിലാവുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇനി ഇത് കണ്ടിരിക്കാനാവില്ല. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രീം കോടതിയില്‍ നടന്നു കൊണ്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യേണ്ടതുണ്ടോയെന്ന കാര്യം രാജ്യം തീരുമാനിക്കട്ടെ എന്നും ചെലമേശ്വര്‍ പറഞ്ഞു.

സുപ്രീം കോടതിയില്‍ നടക്കുന്ന ചില കാര്യങ്ങളില്‍ അപാകതയുണ്ടെന്ന് താനടക്കമുള്ള ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ അറിയിച്ചിരുന്നു. കോടതിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് രണ്ടു മാസം മുന്‍പാണ് ചീഫ് ജസ്റ്റിസിന് തങ്ങള്‍ നാലു പേരും ഒപ്പിട്ട കത്ത് നല്‍കിയത്. എന്നാല്‍ ആ കത്തിലെ നടപടിക്രമങ്ങള്‍ അദ്ദേഹം പാലിച്ചില്ല. മാത്രമല്ല, അനുകൂല മറുപടി ലഭിക്കുകയും ചെയ്തില്ല.

ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ചീഫ് ജസ്റ്റിസിനെ നേരില്‍ കണ്ട് ചര്‍ച്ചയും നടത്തിയിരുന്നു. അതും പരാജയപ്പെട്ടതോടെയാണ് ചില കാര്യങ്ങള്‍ രാജ്യത്തോട് അറിയിക്കാന്‍ ബാധ്യസ്ഥരായിരിക്കുന്നത്. മറ്റൊരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് എന്തുവേണമെന്ന് തീരുമാനിക്കുന്ന കാര്യത്തില്‍ രാജ്യത്തോട് ചോദിക്കാന്‍ തീരുമാനിച്ചത്. ഇത് തികച്ചും അസാധാരണമായ ഒരു സാഹചര്യമാണെന്നും ചെലമേശ്വര്‍ പറഞ്ഞു.

ഞങ്ങള്‍ ഞങ്ങളുടെ ആത്മാവ് പണയം വച്ചുകൊണ്ടാണ് ജോലി ചെയ്തതും ജീവിച്ചതുമെന്ന് നാളെ ഒരാളും പറയാന്‍ ഇടയാക്കരുത്. അതുകൊണ്ടാണ് മാധ്യമങ്ങളെ വിളിച്ച് ചില കാര്യങ്ങള്‍ രാജ്യത്തെ അറിയിക്കുന്നത്. ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ പകര്‍പ്പ് വൈകാതെ മാധ്യമങ്ങള്‍ക്ക് ലഭിക്കും. അപ്പോള്‍ എല്ലാ സംശയങ്ങളും നീങ്ങും. ഞങ്ങള്‍ പെരുമാറ്റച്ചട്ടവും ലംഘിച്ചിട്ടില്ല. നാളെയും മറ്റന്നാളും കോടതി അവധിയാണ്. തിങ്കളാഴ്ച പതിവുപോലെ കോടതി ചേരും. ഞങ്ങള്‍ നാലു പേരും കോടതിയില്‍ എത്തുമെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

കേസില്‍ അമിത് ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് ശേഷമായിരുന്നു ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം. അമിത് ഷായ്ക്ക് അനുകൂല വിധിപറയാന്‍ 100 കോടി വാഗ്ദാനം ചെയ്തിരുന്നെന്ന് ലോയയുടെ സഹോദരി വെളിപ്പെടുത്തിയതോടെയാണ് ജഡ്ജിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിന് ബലമേറിയത്. കേസില്‍ ഷായ്‌ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്ന ജസ്റ്റിസ് ലോയ 2014ലാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി രേഖകള്‍. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കുടുംബാംഗങ്ങളും അഭിഭാഷകരും രംഗത്തെത്തിയിരുന്നു.

അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: After Top Court Judges' Press Conference, PM Modi Meets Law Minister, New Delhi, News, Supreme Court of India, Law, Allegation, Justice, Criticism, National.