Follow KVARTHA on Google news Follow Us!
ad

നാടിനെ ഞെട്ടിച്ച് കോട്ടയം നഗരത്തില്‍ മൂന്നാമതും ദമ്പതികളുടെ തിരോധാനം; കാണാതായ ദിവസം വെട്ടുകത്തിയുമായി യുവാവ് അകത്തുപോയെന്ന് മക്കളുടെ മൊഴി

നാടിനെ ഞെട്ടിച്ച് കോട്ടയം നഗരത്തില്‍ മൂന്നാമതും ദമ്പതികളുടെ തിരോധാനം. കുഴിമറ്റം സദനംKottayam, News, Missing, Police, Probe, Case, hospital, Treatment, Kerala,
കോട്ടയം: (www.kvartha.com 20.11.2017) നാടിനെ ഞെട്ടിച്ച് കോട്ടയം നഗരത്തില്‍ മൂന്നാമതും ദമ്പതികളുടെ തിരോധാനം. കുഴിമറ്റം സദനം കവലയ്ക്കു സമീപം പത്തില്‍പറപ്പില്‍ മോനിച്ച(42) നും ഭാര്യ ബിന്‍സി(നിഷ- 37)യുമാണ് കഴിഞ്ഞദിവസം വീട്ടില്‍ നിന്നും ഇറങ്ങിപ്പോയത്. കഴിഞ്ഞ എട്ടു മാസത്തിനുള്ളില്‍ ജില്ലയില്‍ നിന്നു കാണാതാകുന്ന മൂന്നാമത്തെ ദമ്പതികളാണു മോനിച്ചയും നിഷയും. കഴിഞ്ഞ ഏപ്രിലില്‍ അറുപറ സ്വദേശികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയുമാണ് ആദ്യം കാണാതാകുന്നത്.

ഇവരെ കുറിച്ചുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടാനുള്ള സാഹചര്യം കണക്കിലെടുത്ത് കായലുകളും മറ്റും അന്വേഷണ സംഘം അരിച്ചുപെറുക്കിയിരുന്നു. പറക്കമറ്റാത്ത മക്കളെ വീട്ടില്‍ തനിച്ചാക്കിയാണ് ഭക്ഷണം വാങ്ങാനെന്ന് പറഞ്ഞ് ദമ്പതികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ പിന്നീട് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതിനിടെയാണ് ഒരാഴ്ചയ്ക്കു മുന്‍പു മാങ്ങാനം സ്വദേശികളായ വയോധിക ദമ്പതികളുടെ തിരോധാനവും പിന്നാലെ മകന്റെ തൂങ്ങിമരണവും. ഭര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷമാണ് മകനെ വീട്ടിലെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരെ കുറിച്ചും അന്വേഷണ സംഘത്തിന് ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. അതേസമയം വര്‍ധിച്ചു വരുന്ന തിരോധാനങ്ങളില്‍ പോലീസും ആശങ്കയിലാണ്.

 One more Kottayam couple goes missing, Kottayam, News, Missing, Police, Probe, Case, Hospital, Treatment, Kerala.

കുഴിമറ്റം സ്വദേശികളായ മോനിച്ചനെയും ഭാര്യ ബിന്‍സിയെയും കാണാനില്ലെന്നു കാട്ടി ശനിയാഴ്ചയാണു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന മോനിച്ചന്‍ തമിഴ്‌നാട് സ്വദേശിയുമായി ബിന്‍സിക്ക് അടുപ്പമുണ്ടെന്ന സംശയത്തെതുടര്‍ന്നു വീട്ടിലെത്തി നിരന്തരം വഴക്കുണ്ടാക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവ ദിവസം വീട്ടില്‍നിന്നും ഒരാള്‍ ഇറങ്ങിപോകുന്നതു മോനിച്ചന്‍ കണ്ടിരുന്നു.

വീട്ടില്‍ നിന്നും ഇറങ്ങിപ്പോന്ന ആളെ ചൊല്ലി മോനിച്ചനും ബിന്‍സിയും തമ്മില്‍ വാക്കേറ്റമുണ്ടായി. വഴക്കു രൂക്ഷമായതോടെ ബിന്‍സി ഇരുന്ന മുറിയിലേക്കു വെട്ടുകത്തിയുമായി മോനിച്ചന്‍ കയറി പോകുന്നതു കണ്ടെന്ന് കുട്ടികള്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കുറച്ച് കഴിഞ്ഞ് ഇയാള്‍ വീടിനു പുറത്തേക്കു പോയെന്നും തൊട്ടു പിന്നാലെ ബിന്‍സിയും ഇറങ്ങിപ്പോയെന്നും മക്കളുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഇരുവരും തിരിച്ചെത്താത്തതോടെയാണ് മക്കള്‍ കുമരകത്തെ ബന്ധുവീട്ടില്‍ എത്തി വിവരങ്ങള്‍ പറഞ്ഞത്.

തുടര്‍ന്ന് ബന്ധുക്കള്‍ ചിങ്ങവനം എസ്.ഐ അനൂപ് സി.നായര്‍ക്കു മുന്നില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍നിന്നും ബിന്‍സിയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ കണ്ടെത്തി. വെട്ടുകത്തിയുമായി അകത്തേക്കുപോയ മോനിച്ചന്‍ ബിന്‍സിയെ ആക്രമിച്ചിച്ചുണ്ടാകാമെന്നും അക്രമത്തില്‍ ബിന്‍സിക്കു പരിക്കേറ്റിട്ടുണ്ടാകാമെന്നും പോലീസ് സംശയിക്കുന്നു. അതുകൊണ്ടുതന്നെ ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്.

ഏപ്രില്‍ ആറിനു രാത്രി ഭക്ഷണം വാങ്ങാന്‍ പോയ അറുപറ സ്വദേശികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയും ആണ് ആദ്യം കാണാതായത്. പിന്നീടാരും ഇവരെ കണ്ടിട്ടില്ല. ഇവര്‍ യാത്ര ചെയ്ത കാര്‍ ഉള്‍പ്പെടെയാണ് കാണാതായത്. പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം തുടരുകയാണെങ്കിലും ഇതുവരേയും ഇവരെ കുറിച്ച് ഒരു സൂചനപോലുമില്ല. ദമ്പതികളുടെ ചിത്രവും വിവരങ്ങളും അയല്‍ സംസ്ഥാനങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

മുന്‍പ് ഇവര്‍ സഞ്ചരിച്ച വാഹനംഅപകടത്തില്‍പ്പെടാനുള്ള സാധ്യത കണക്കിലെടുത്തു താഴത്തങ്ങാടി ആറ്റിലും കൈവഴി തോടുകളിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച ആഴ്ചകളോളം പരിശോധന നടത്തിയിട്ടും ഫലം ഉണ്ടായില്ല. വാഗമണ്‍, ഇടുക്കി മലനിരകളിലും പോലീസ് സംഘം പരിശോധന നടത്തി. ദമ്പതികള്‍ ഫോണ്‍ ചെയ്യാന്‍ സാധ്യതയുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണുകളും പോലീസ് നിരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

അതേസമയം വീട്ടില്‍ ഭക്ഷണം തയാറാക്കി വച്ചിരിക്കേ ഭക്ഷണം വാങ്ങാന്‍ ഹര്‍ത്താല്‍ ദിവസം ദമ്പതികള്‍ പുറത്തുപോയതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. നിലവിലുണ്ടായിരുന്ന മുന്തിയ കാര്‍ വിറ്റു വാഗണ്‍ ആര്‍ കാര്‍ വാങ്ങിയതിലും രണ്ടുമാസമായിട്ടും രജിസ്‌ട്രേഷന്‍ നടത്താതിരുന്നതിലും ദുരൂഹതയുണ്ടെന്നാണു ഹബീബയുടെ ബന്ധുക്കള്‍ പറയുന്നത്. ഇടുക്കിയിലെ തേയില തോട്ടങ്ങള്‍ കേന്ദ്രീകരിച്ചു കഴിഞ്ഞാഴ്ചകളില്‍ പരിശോധന നടത്തിയിട്ടും യാതൊരു വിവരവും പോലീസിനു ലഭിച്ചില്ല. അതേസമയം, പോലീസ് അന്വേഷണം ഫലപ്രദമല്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

മാങ്ങാനത്തു നിന്നും കഴിഞ്ഞ തിങ്കളാഴ്ചയാണു വയോധിക ദമ്പതികളായ ഏബ്രഹാമിനെയും (69) ഭാര്യ തങ്കമ്മയെയും (65) കാണാതാകുന്നത്. അതുവരെ ഇവരുടെ കുടുംബത്തില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു. ഇവര്‍ വീടുവിട്ടു പോയതിന്റെ പിന്നാലെ ഏകമകന്‍ ടിന്‍സി ബുധനാഴ്ച ആത്മഹത്യ ചെയ്യുകയും ചെയ്തു. ഗര്‍ഭിണിയായ ഭാര്യ ബെന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണു ടിന്‍സി ആത്മഹത്യ ചെയ്തത്.

ഇതിനിടെ ടിന്‍സിയ്ക്കു പെണ്‍കുഞ്ഞു പിറക്കുകയും ചെയ്തു. പ്രസവശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന ടിന്‍സിയുടെ ഭാര്യ ബെന്‍സിയെ മരണവിവരം ബന്ധുക്കള്‍ ഇതുവരെയും അറിയിച്ചിട്ടില്ല. ബെന്‍സി പ്രസവശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്നതിനാല്‍ മരണവിവരം ഉടന്‍ അറിയിക്കരുതെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാതാപിതാക്കളെ കണ്ടെത്താന്‍ ടിന്‍സി പോയിരിക്കുകയാണെന്നാണു ബിന്‍സിയെ ധരിപ്പിച്ചിരിക്കുന്നത്. ടിന്‍സിയുടെ മരണവിവരമറിഞ്ഞ് ഏബ്രഹാമും തങ്കമ്മയും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍.

ഇവര്‍ എത്തിയതിനു ശേഷം ടിന്‍സിയുടെ സംസ്‌കാരം തീരുമാനിച്ചാല്‍ മതിയെന്നും ബന്ധുക്കള്‍ കരുതിയിരുന്നു. എന്നാല്‍ ടിന്‍സിയുടെ മൃതദേഹം ജീര്‍ണാവസ്ഥയിലായതിനാല്‍ അധികനാള്‍ സൂക്ഷിക്കാനാവില്ലെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം, എബ്രഹാമും തങ്കമ്മയും എവിടെയാണെന്ന കാര്യത്തില്‍ പോലീസിനു വ്യക്തമായ തെളിവ് ഇനിയും ലഭിച്ചിട്ടില്ല. ഇവര്‍ പോകാന്‍ സാധ്യതയുള്ള ബന്ധുക്കളുടെ വീട്ടിലും ധ്യാന കേന്ദ്രങ്ങളിലും പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്ന് ഇവര്‍ ഇതര സംസ്ഥാനങ്ങളിലേയ്ക്കു കടന്നു കാണുമെന്ന നിഗമനത്തിലാണു പോലീസ്.

Also Read:


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: One more Kottayam couple goes missing, Kottayam, News, Missing, Police, Probe, Case, Hospital, Treatment, Kerala.