Follow KVARTHA on Google news Follow Us!
ad

പൗരനെന്ന അവകാശം നിഷേധിക്കരുത്; സോളാര്‍ റിപോര്‍ട്ട് ചോദിച്ച് പിണറായിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പകര്‍പ്പ് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ ഒരു Thiruvananthapuram, Pinarayi Vijayan, Oommen Chandy, Chief Minister, News, Trending, Letter, Solar Case
തിരുവനന്തപുരം: (www.kvartha.com 16/10/2017) സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് പകര്‍പ്പ് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ ഒരു പകര്‍പും റിപോര്‍ട്ടിന്മേല്‍ ലഭിച്ചിട്ടുള്ള അഡ്വക്കേറ്റ് ജനറലിന്റെയും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ പകര്‍പ്പും ലഭിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും റിപോര്‍ട്ടിന്റെ പകര്‍പ് നല്‍കില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്‍ തന്നെ മാധ്യമങ്ങളോട് ഞായറാഴ്ച പറഞ്ഞ സാഹചര്യത്തിലാണ് കത്തെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നു.


കത്തിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ട മുഖ്യമന്ത്രി,
11.10.2017ല്‍ അങ്ങ് നടത്തിയ പത്രസമ്മേളനത്തില്‍ സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ചും അതിന്മേല്‍ ലഭിച്ച നിയമോപദേശ പ്രകാരം മന്ത്രിസഭ എടുത്ത തീരുമാനങ്ങളും സ്വീകരിക്കാന്‍ പോകുന്ന നടപടികളും വിശദമായി പറയുകയുണ്ടായി. അങ്ങ് പത്രസമ്മേളനത്തില്‍ വിതരണം ചെയ്ത പത്രക്കുറിപ്പില്‍ നിന്നും കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എനിക്കെതിരെ ക്രിമിനല്‍ നടപടി എടുക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ എനിക്കെതിരെ ക്രിമിനല്‍ നടപടികള്‍ എടുക്കാന്‍ അടിസ്ഥാനമാക്കിയ സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ട് പ്രസിദ്ധീകരിക്കുകയോ റിപോര്‍ട്ടിന്റെ പ്രസക്തമായ ഭാഗങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്യാതെയാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. ഇത് ഏകപക്ഷീയവും യുക്തിരഹിതവും ഒരു പൗരന്‍ എന്ന നിലയിലുള്ള എന്റെ അവകാശം നിഷേധിക്കുകയുമാണ്.

നിയമം എനിക്കു തരുന്ന അവകാശത്തിന്റെ അടിസ്ഥാനത്തില്‍ 12.10.2017ല്‍ വിവരാവകാശ നിയമപ്രകാരം ഞാന്‍ സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ ഒരു പകര്‍പും റിപോര്‍ട്ടിന്മേല്‍ ലഭിച്ചിട്ടുള്ള അഡ്വക്കേറ്റ് ജനറലിന്റെയും, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെയും നിയമോപദേശത്തിന്റെ പകര്‍പും ലഭിക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സ്‌റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ റിപോര്‍ട്ടിന്റെ പകര്‍പ്പ് എനിക്ക് നല്‍കില്ല എന്ന് ബഹു. നിയമ മന്ത്രി തന്നെ ഇന്നലെ (15.10.2017) പറഞ്ഞ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കത്ത്.

ഒരു പൗരന്‍ എന്ന നിലയിലുള്ള എന്റെ അവകാശം നിഷേധിക്കരുതെന്നും എനിക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാന്‍ ആധാരമാക്കിയ കമ്മീഷന്‍ റിപോര്‍ട്ടിന്റെ ഒരു പകര്‍പ് തരണമെന്നും ഇതിനാല്‍ അഭ്യര്‍ത്ഥിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Pinarayi Vijayan, Oommen Chandy, Chief Minister, News, Trending, Letter, Solar Case, Ommen Chandi sent letter to Pinarayi seeking solar report.